ഇശലുകളുടെ തോഴി

തനിമയാർന്ന മാപ്പിളപ്പാട്ടുകളുടെ ഇശലുകളിൽ ഒപ്പനയുടെ കരിവളക്കിലുക്കങ്ങൾ കേട്ടിരുന്ന പഴയകാലം. അക്കാലത്ത് മലബാറിലെ കല്യാണരാവുകൾ ആഘോഷങ്ങളുടേതായിരുന്നു. പാട്ടും ഒപ്പനയുമെല്ലാമായി രാവേറെ ചെല്ലുന്ന കലാപരിപാടികൾ അവസാനിക്കുമ്പോൾ സൂര്യൻ കിഴക്കേമാനത്ത് ഉദിച്ചുപൊങ്ങിയിരിക്കും.
കോഴിക്കോട് വെള്ളയിൽ പുത്തൻപീടികയിൽ നസീമയ്ക്ക് ഇപ്പോഴും അക്കാലം മറക്കാനാവില്ല. എട്ടാം വയസ്സുമുതൽ പാട്ടിന്റെ ഇശലുകൾ തീർത്ത പഴയ തലമുറയിലെ മാപ്പിളപ്പാട്ടുകാരിയാണവർ. മാപ്പിളപ്പാട്ടുവേദികളിൽ മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തും തന്റെ സ്വരമാധുരികൊണ്ട് അനുഗൃഹീതമാക്കുകയായിരുന്നു ഈ അറുപത്തിയെട്ടുകാരി.
'കല്യാണപ്പെണ്ണ് ചമഞ്ഞിതാ വരുന്നേ...
കൈനീട്ടി സന്തോഷത്താലെ തിരക്കുന്നേ...
മൈലാഞ്ചിപ്പാട്ടും കൈമുട്ടുമതാ കേൾക്കുന്നേ...
കൈമുട്ടു കേൾക്കാനായി അമ്മായി നാത്തൂന്മാരൊന്നായി വരുന്നേ...
പട്ടിന് പൊൻചാപ്പുള്ള കുപ്പായം മിന്നുന്നേ...
പണ്ടുകാലത്ത് പാടിയ പഴയ പാട്ടുകൾ നസീമ വീണ്ടും ഓർത്തുപാടുകയാണ്.
വെള്ളയിലെ പ്രശസ്തമായ പുത്തൻപീടികയിൽ തറവാട്ടിലായിരുന്നു നസീമയുടെ ജനനം. പി.പി. ഹംസയുടെയും ഫാത്തിമയുടെയും ഏകമകൾ. ഉപ്പയ്ക്ക് ഏക്കറുകണക്കിന് തെങ്ങിൻതോപ്പും വാടകവീടുകളുമുണ്ടായിരുന്നു. പോരാത്തതിന് രണ്ട് മീൻപിടുത്ത ബോട്ടും. ഭൂപരിഷ്‌കരണ നിയമം വന്നതോടെ പലതും കൈവിട്ടുപോയി. വീടുകൾ പലതും കുടിയാന്മാർക്ക് നൽകേണ്ടിവന്നു. ആറു വീടുകളും രണ്ട് ലൈൻമുറിയും നഷ്ടമായി. എങ്കിലും പഴയ പ്രതാപത്തോടെയാണ് ജീവിച്ചത് - നസീമ ഓർക്കുന്നു.
ഉപ്പയും വല്യുപ്പയുമെല്ലാം സംഗീതത്തെ കൂട്ടുപിടിച്ചായിരുന്നു വളർന്നത്. ആകാശവാണിയിലെ ഗായകനായിരുന്നു ഉപ്പ. പിന്നീട് വളർന്നപ്പോൾ പാട്ടുകാരൻ ഹംസയുടെ മകൾ എന്ന ലേബലിലാണ് പാടിത്തുടങ്ങിയത്. അക്കാലത്ത് ഉപ്പയുടെ സഹോദരി കുഞ്ഞായിശാബി സെബീനപാട്ടുകൾ മലയാളത്തിലാക്കും. അത്തരം പാട്ടുകൾ ഏറെ പാടിയിട്ടുണ്ട്. ഉപ്പയുടെ മാസ്റ്റർ പീസ് പാട്ടായിരുന്നു 'വാങ്ങുമിതിൻ പുതുപൂമാല...' എന്ന ഗാനം. ഒട്ടേറെ സംഗീതസദസ്സുകളിൽ ഉപ്പ ഈ ഗാനം പാടുന്നതു കേട്ടിട്ടുണ്ട്.
കമ്യൂണിസ്റ്റുകാരനായിരുന്നു ഉപ്പ. വല്യുപ്പയാകട്ടെ കോൺഗ്രസും. തെരഞ്ഞെടുപ്പുകാലത്ത് രണ്ടുകൂട്ടർക്കുവേണ്ടിയും പാട്ടുപാടാൻ പോകുമായിരുന്നു. തെരഞ്ഞെടുപ്പ് ചൂടാണ് നസീമയെ രാഷ്ട്രീയവേദികളിലെത്തിച്ചത്. സിനിമാപ്പാട്ടുകളും തെരഞ്ഞെടുപ്പുഗാനങ്ങളുമെല്ലാം ഉൾക്കൊള്ളിച്ച പാട്ടുപുസ്തകങ്ങൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.
''മുക്കൂട്ടെന്തിനായി മുക്കൂട്ടെന്തിനായി...
കേണിരുന്ന കൃഷിക്കാരും പുഞ്ചിരി തൂകുമ്പോള്...
മറ്റു കക്ഷികളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന കോൺഗ്രസിനെ കളിയാക്കാനായിരുന്നു ഈ ഗാനം. ഒട്ടേറെ വേദികളിൽ നസീമ ഈ ഗാനം പാടിയിട്ടുണ്ട്. കോൺഗ്രസ് വേദികളിലും നസീമ പാടിത്തകർത്തിരുന്നു.
''മന്നത്തച്ചാ വാ...
മന്നത്തച്ചാ വാ...
സ്‌റ്റേറ്റ് കാറിൽ വാ...'' തുടങ്ങിയ ഗാനങ്ങൾ കോൺഗ്രസുകാർക്കുവേണ്ടിയുള്ളതായിരുന്നു.
ആലാപന സപര്യയുമായി സംഗീതവേദികൾ കീഴടക്കുന്നതിനിടയിലായിരുന്നു വിവാഹം. ഹോമിയോപ്പതി ഡോക്ടറായിരുന്ന മുഹമ്മദ് ഉസ്മാനായിരുന്നു വരൻ. പുതിയ കടവിലെ കാലിക്കറ്റ് ഹോമിയോ ഫാർമസിയിലെ ഡോക്ടറായിരുന്നു അദ്ദേഹം. ആഘോഷപൂർവ്വം നടന്ന ആ വിവാഹത്തിന് ഗായകൻ ബാബുരാജിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഗംഭീരമായി ഒരുക്കിയ സംഗീതവിരുന്നിൽ ബാബുരാജും പാടിയത് നസീമയ്ക്ക് ഓർമ്മയുണ്ട്. മാപ്പിളപ്പാട്ടുരംഗത്തെ പ്രതാപിയായിരുന്ന എസ്.എം. കോയയുടെ മരുമകൻ കൂടിയായിരുന്നു ഭർത്താവ്. അതുകൊണ്ടുതന്നെ വിവാഹശേഷവും നസീമ ആലാപനം തുടർന്നു.
മുഹമ്മദ് ഉസ്മാൻ വിവാഹശേഷം ലയൂദ ഫാർമസി എന്ന പേരിൽ സ്വന്തമായി ക്ലിനിക്ക് തുടങ്ങി പ്രാക്ടീസ് തുടങ്ങി. ഭർത്താവും നാലുമക്കളുമടങ്ങിയ കുടുംബം അല്ലലില്ലാതെ ഒഴുകിനീങ്ങവേ ഭർത്താവിന്റെ അകാലവിയോഗം അവരെ തളർത്തി. എങ്കിലും ഉപ്പയുടെയും ഉമ്മയുടെയും സാമീപ്യം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ നസീമയ്ക്ക് കരുത്തുനൽകി. ഭർത്താവിന്റെ വിയോഗം നൽകിയ വേദന മാറുംമുൻപുതന്നെ ഉപ്പയും പിറകെ ഉമ്മയും വേർപിരിഞ്ഞതോടെ നസീമ ശരിക്കും ഒറ്റപ്പെട്ടു. രണ്ടാണും രണ്ട് പെണ്ണുമായി നാലുമക്കൾക്കുവേണ്ടി മാത്രമായി പിന്നീടുള്ള ജീവിതം. സ്വന്തം വീട്ടിനുള്ളിൽ വേദന കടിച്ചമർത്തി അവർ കഴിഞ്ഞു. പാട്ടിന്റെ ലോകം അവരിൽ നിന്നും അന്യമായിത്തുടങ്ങി.
പണ്ടുകാലത്ത് എഴുതി സൂക്ഷിച്ചിരുന്ന പാട്ടുപുസ്തകങ്ങൾ പലതും നഷ്ടമായി. പാടിയിരുന്ന പാട്ടുകൾ പലതും പാടാതെ മറന്നുപോയി. സബീനപ്പാ ട്ടുകളായിരുന്നു നസീമ അക്കാലത്ത് ഏറെയും പാടിയിരുന്നത്. കൂടാതെ മൈലാഞ്ചിപ്പാട്ടുകളും ഒപ്പനപ്പാട്ടുകളും പാടിയിരുന്നു. അറബി മലയാളം ലിപിയിലായിരുന്നു സബീന പാട്ടുകൾ ഏറെയും എഴുതിയിരുന്നത്.
മക്കളാണ് നസീമയുടെ ഇപ്പോഴത്തെ കരുത്ത്. മൂത്ത മകൾ ലയൂദ ചാവക്കാടാണ് താമസം. ഭർത്താവ് കമാൽ ദുബായ് ഡിഫൻസിലായിരുന്നു. വിരമിച്ച ശേഷം നാട്ടിൽ കുടുംബവുമൊത്ത് കഴിയുന്നു. മകളുടെ കല്യാണത്തിന് പാടിയ പാട്ട് നസീമയുടെ മനസ്സിൽ ഇന്നുമുണ്ട്...
'തരുണിമണി ബീബിലെയൂദ...
മണിയറയ്ക്കുള്ളിൽ ചമഞ്ഞുനിന്ന്...
മണവാളൻ വരവിനെ നോക്കി...
കാത്തിരിക്കുന്നേ...'
ഇളയ മകൾ ലാനിത ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ അധ്യാപികയാണ്. മരുമകൻ ഷാജഹാൻ അതേ സ്‌കൂളിലെ വൈസ് പ്രിൻസിപ്പലാണ്. അവർ പണികഴിപ്പിച്ച പുതിയ വീട്ടിലാണ് നസീമ കഴിയുന്നത്.
ആൺമക്കളിൽ മൂത്തവനായിരുന്ന ലാഹിദ് സ്വന്തമായി വീഡിയോ ഷോപ്പ് നടത്തുകയായിരുന്നു. ടൈഫോയ്ഡ് ബാധിച്ച് മകനും നസീമയെ വിട്ടുപോവുകയായിരുന്നു. ഇളയവൻ ലാജിത് റെഡിമെയ്ഡ് ഷോപ്പിലെ സെയിൽസ്മാനാണ്.
മക്കളിൽ പെൺമക്കൾക്കായിരുന്നു പാട്ടിനോട് ഏറെയും താൽപര്യം. സ്‌കൂൾ ക്ലാസുകളിൽ ഇരുവരും ഏറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മാപ്പിളപ്പാട്ടിന് സ്വീകാര്യത കുറഞ്ഞ ഒരു കാലമുണ്ടായിരുന്നെങ്കിലും പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണിപ്പോൾ. ചാനലുകളിൽ റിയാലിറ്റി ഷോകളിലും മറ്റുമായി മാപ്പിളപ്പാട്ടിന് വീണ്ടും ജീവൻവച്ചുതുടങ്ങി. പഴയ പാരമ്പര്യത്തനിമയോടെ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് ഈ സംഗീതശാഖ. പുതിയ തലമുറയിലെ കുട്ടികൾ അതീവഹൃദ്യമായാണ് പാട്ടുകൾ അവതരിപ്പിക്കുന്നതെന്നതും പഴയകാലത്തെ ഈ പാട്ടുകാരിയെ ഏറെ ആഹ്ലാദം കൊള്ളിക്കുന്നുണ്ട്.
 

Latest News