യു.എ.ഇയിൽ ഒരു വിദേശി മരിച്ചു എന്ന അറിയിപ്പ് വന്നാൽ അയാളുടെ ജാതിയോ മതമോ ദേശമോ ഭാഷയോ അഷ്‌റഫ് നോക്കാറില്ല. ഉള്ളവനാണോ ഇല്ലാത്തവനാണോ എന്നും അന്വേഷിക്കാറില്ല. നല്ലവനാണോ മോശക്കാരനാണോ എന്ന നോട്ടവുമില്ല. മനുഷ്യനാണോ, എങ്കിൽ അഷ്‌റഫ് റെഡി! അഷ്‌റഫ് ഏറ്റാൽ മൃതദേഹം ഉറപ്പായുംനാട്ടിൽ എത്തിയിരിക്കും. അക്കാര്യത്തിൽ പിന്നെ ആർക്കും സംശയമൊന്നും വേണ്ട. അത്രയും അർപ്പണ മനോഭാവത്തോടെയാണ് അഷ്‌റഫിന്റെ നിസ്വാർഥവും കഠിനവുമായ സദ്പ്രവൃത്തി.
2000-ലെ ഒരു പകൽ. ദുബായിലെ കുവൈത്തി ആശുപത്രിയിൽ രോഗിയായി കിടക്കുന്ന സുഹൃത്തിനെ കാണാൻ ചെന്നതായിരുന്നു അഷ്‌റഫ് എന്ന പ്രവാസി മലയാളി. അപ്പോൾ ആശുപത്രി വരാന്തയിലിരുന്ന് വിമ്മിക്കരയുന്ന അപരിചിതരായ രണ്ടു ചെറുപ്പക്കാരെ അദ്ദേഹം കണ്ടു. മറ്റു പലരും ചെയ്തതു പോലെ അദ്ദേഹത്തിനും അവരെ അവഗണിച്ചു പോകാമായിരുന്നു. പക്ഷെ, ആ നിമിഷം എന്തിനാണവർ കരയുന്നത് എന്നന്വേഷിക്കാനാണ് അദ്ദേഹത്തിന് തോന്നിയത്. തികച്ചും യാദൃച്ഛികമായ ഒരു തോന്നൽ. അത് പക്ഷെ, തന്റെ ജീവിതം അടിമുടി മാറ്റി മറിക്കുമെന്ന് അപ്പോൾ അഷ്‌റഫ് കരുതിയിരുന്നതേയില്ല.

തമിഴ്‌നാട്ടുകാരായ സഹോദരൻമാരായിരുന്നു അവർ. കൺസ്ട്രക്ഷൻ സൈറ്റിൽ വീണു മരിച്ച അവരുടെ അച്ഛന്റെ മൃതദേഹം ഏതാനും ദിവസങ്ങളായി ആശുപത്രി മോർച്ചറിയിൽ കിടക്കുകയാണ്. അത് നാട്ടിലെത്തിക്കണം. പക്ഷെ, എങ്ങനെ കൊണ്ടു പോകുമെന്നോ അതിനെന്തു ചെയ്യണമെന്നോ അ വർക്കറിയില്ല. അഷ്‌റഫിനും അന്നുവരെ അതിനെ കുറിച്ചൊരു ധാരണയുമില്ലായിരുന്നു. എങ്കിലും ഏതോ ഒരു നിയോഗം പോലെ ആ സഹോദരങ്ങളെ സഹായിക്കാനായി അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. അപ്പോഴാണ് യു.എ.ഇയിൽ നിന്നും മൃതദേഹങ്ങൾ പുറത്തേക്ക് കൊണ്ടു പോകാനുള്ള പെടാപ്പാടുകളെ കുറിച്ച് അദ്ദേഹത്തിന് കുറേശ്ശെ ബോധ്യമാകാൻ തുടങ്ങിയത്.
പക്ഷെ, പിൻതിരിയാതെ ഊണും ഉറക്കവും ഒഴിഞ്ഞ് അദ്ദേഹം ഉറച്ച മ നസ്സോടെ ശ്രമം തുടർന്നു. ആശുപത്രിയിലും മുനിസിപ്പാലിറ്റിയിലും പ്രാദേശിക കോടതിയിലും പൊലീസ് സ്റ്റേഷനിലും എമിഗ്രേഷനിലും എംബസിയി ലും എംബാമിങ് സെന്ററിലും ഒക്കെ കയറിയിറങ്ങി, ആവശ്യമായ അനുമതി പത്രങ്ങളും രേഖകളും തയ്യാറാക്കി. മിക്കതും അറബിയിൽ തന്നെ വേണമായിരുന്നു. നാലാം ദിവസം ദുബായ് വിമാനത്താവളത്തിൽ നിന്നും എയർ ഇ ന്ത്യാ വിമാനത്തിൽ മൃതദേഹം കയറ്റി വിടുമ്പോൾ 5,000 ദിർഹമോളം ചെലവു വന്നു. സുഹൃത്തുക്കളും പരിചയക്കാരും ചില സ്വകാര്യ സംഘടനകളും സഹായിച്ചെങ്കിലും നല്ലൊരു തുക അഷ്‌റഫിന് സ്വന്തം കീശയിൽനിന്ന് എടുത്തു നൽകേണ്ടിയും വന്നു.
അതെന്തായാലും എയർപോർട്ടിൽ വെച്ച് തന്നെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ലാതെ ആ സഹോദരൻമാർ പൊട്ടിക്കരഞ്ഞത് അഷ്‌റഫിന് ഇന്നും മറക്കാനാവാത്ത ഓർമയാണ്. അതോടെ അഷ്‌റഫ് പാലാരക്കുന്നുമ്മൽ എന്ന പാസ്‌പോർട്ട് നാമധാരിയായ ഈ കോഴിക്കോട്, താമരശ്ശേരിക്കാരൻ അഷ്‌റഫ് താമരശ്ശേരി എന്ന അസാധാരണ മനസുള്ള ജീവകാരുണ്യ പ്രവർത്തകനായി മാറി. മരണമടയുന്നവരുടെ മൃതദേഹങ്ങൾ എങ്ങനെ നാട്ടിലെത്തിക്കാം എന്നറിയാതെ നിസ്സഹായരായി നിൽക്കുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നേർവഴികാട്ടുന്ന വിളക്കുമരമായി...സ്‌നേഹത്തണലായി...പ്രാർഥന പോലൊരു ജീവിതം നയിക്കുന്നവനായി.
രണ്ടു ദിവസങ്ങൾക്കു ശേഷം അഷ്‌റഫിനെ തേടി ഒരു ഫോൺവിളി എത്തി. തമിഴ് നാട്ടുകാരനായ മറ്റൊരാളുടെ മരണ വിവരമായിരുന്നു അത്. ബന്ധുക്കൾക്ക് മൃതദേഹം നാട്ടിലെത്തിക്കണം. അതിന് എന്തൊക്കെ ചെയ്യണം എന്നറിയാനായിരുന്നു ആ വിളി. അഷ്‌റഫ് അവിടെ എത്തി വേണ്ട സഹായങ്ങളും അനുമതി പത്രങ്ങളും വാങ്ങി നൽകി മൃതദേഹം വിമാനം കയറ്റി വിട്ടു. പിന്നെ അതൊരു പതിവായി. യു എ ഇയിൽ എവിടെയെങ്കിലും പാ വപ്പെട്ട പ്രവാസി മരിച്ചാൽ ആ നിമിഷം അഷ്‌റഫിന്റെ ഫോൺ ശബ്ദിക്കും. അതിന് രാവെന്നോ പകലെന്നോ എന്നില്ല. ഒരു പരാതിയുമില്ലാതെ ഉടനെ അദ്ദേഹം അവിടെ ഓടിയെത്തും. അല്ലെങ്കിലും പരേതരോട് പരാതി പ്പെടുന്നതിൽ എന്തർഥമാണുള്ളത് എന്നാണ് അഷ്‌റഫിന്റെ ചോദ്യം.
യു.എ.ഇയിലെ മിക്ക ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, സന്ന ദ്ധ സംഘടനകൾ എന്നിവർക്ക് അഷ്‌റഫിന്റെ മൊബൈൽ നമ്പർ ഇപ്പോൾ ഹൃദിസ്ഥമാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി അവരെല്ലാം ഇന്ന് അദ്ദേഹത്തിന്റെ സഹായമാണ് തേടുന്നത്.

ദുബായിൽ വെച്ച് അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം എംബാമിങ് സെന്ററിൽ നിന്ന് വിട്ടു നൽകുമ്പോൾ ദുബായ് സർക്കാരിന്റെ ഹെൽത്ത് അതോറിറ്റി നൽകിയ സർട്ടിഫിക്കറ്റിലും ബോഡി എയർപോർട്ടിലേക്ക് കൊണ്ടു പോകാനായി ഏറ്റുവാങ്ങുന്നത് അഷ്‌റഫ് ആണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്ന മൃതദേഹത്തെ അനുഗമിക്കാൻ കുറഞ്ഞത് ഒരാളെങ്കിലും ഉണ്ടാവണം എന്നതാണ് നിയമം. പോകാൻ ആളി ല്ലെങ്കിൽ അതിനും അഷ്‌റഫ് തയ്യാർ! ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഫി ലിപ്പീൻസിലും അങ്ങനെ അദ്ദേഹം പോയിട്ടുണ്ട്. ഒരിക്കൽ മൃതദേഹത്തിന് അകമ്പടി സേവിച്ച് ബംഗ്ലാദേശിൽ പോയപ്പോൾ ധാക്ക വിമാനത്താവളത്തിൽ നിന്നും 200ലേറെ കിലോമീറ്ററുകളകലെ വൈദ്യുതി പോലുമില്ലാത്ത ഒരു കു ഗ്രാമത്തിൽ രാത്രി ഒറ്റക്ക് ചെന്നെത്തി വല്ലാതെ ദുരിതത്തിൽപ്പെട്ടുപോയ അനുഭവവുമുണ്ട്, അഷ്‌റഫിന്.
കഴിഞ്ഞ 18 വർഷമായി, യു.എ.ഇയിൽ മരിക്കുന്ന പാവപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ അവരുടെ ജൻമദേശത്ത് എത്തിക്കുക എന്ന മഹത്താ യ കർമമാണ് അഷ്‌റഫ് താമരശ്ശേരി എന്ന സാമൂഹ്യ പ്രവർത്തകൻ നിർവഹി ക്കുന്നത്. അതിന്റെ തിരക്കിനിടയിൽ അജ്മാനിൽ സ്വന്തമായി ആരംഭിച്ച വാ ഹന ഗ്യാരേജിന്റെ പ്രവർത്തനത്തിൽ പോലും അദ്ദേഹത്തിന് ശ്രദ്ധിക്കാൻ ക ഴിയാതെ വന്നു. അതിപ്പോൾ അദ്ദേഹം ജ്യേഷ്ഠനേയും അളിയനേയും ഏൽപ്പി ച്ചിരിക്കുകയാണ്. അതുനടത്തി അവർ നൽകുന്ന പണമാണ് അഷ്‌റഫിന്റെ ഏക വരുമാന മാർഗം.ഈ കാലയളവിൽ ഏതാണ്ട് 4,800-ലേറെ മൃതദേഹങ്ങൾ 38 രാജ്യങ്ങളിലായി അദ്ദേഹം എത്തിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ്, ഇറാൻ, ഇറ്റലി, ചൈന, റഷ്യ തുടങ്ങി രാജ്യങ്ങളുടെ പട്ടിക നീണ്ടതാണ്. മുമ്പൊക്കെ ദിവസം ശരാശരി രണ്ടും മൂന്നും മൃതദേഹങ്ങളാണെങ്കിൽ ഇന്നത് അഞ്ചും ആറും വരെ ആയിരിക്കുന്നു. 2015-ലെ ഒരു ദിവസം മാത്രം 13 മൃതദേഹങ്ങൾ അഷ്‌റഫിന് വിമാനം കയറ്റേണ്ടിവന്നി ട്ടുണ്ട്. അവരിൽ 9 പേർ ഇന്ത്യക്കാരായിരുന്നു. രണ്ടു പേർ ബംഗ്ലാദേശികളും ഒരു ശ്രീലങ്കക്കാരനും ഒരു നേപ്പാളിയും.
യു.എ.ഇയിൽ ഒരു വിദേശി മരിച്ചു എന്ന അറിയിപ്പ് വന്നാൽ അയാളുടെ ജാതിയോ മതമോ ദേശമോ ഭാഷയോ അഷ്‌റഫ് നോക്കാറില്ല. ഉള്ളവനാണോ ഇല്ലാത്തവനാ ണോ എന്നും അന്വേഷിക്കാറില്ല. നല്ലവനാണോ മോശക്കാരനാണോ എന്ന നോട്ടവുമില്ല. മനുഷ്യനാണോ, എങ്കിൽ അഷ്‌റഫ് റെഡി! അഷ്‌റഫ് ഏറ്റാൽ മൃതദേഹം ഉറപ്പായും നാട്ടിൽ എത്തിയിരിക്കും. അക്കാര്യത്തിൽ പിന്നെ ആർക്കും സംശയമൊന്നും വേണ്ട. അത്രയും അർപ്പണ മനോഭാവത്തോടെയാണ് അഷ്‌റഫിന്റെ നിസ്വാർഥവും കഠിനവുമായ സദ്പ്രവൃത്തി.
മൃതദേഹം യു.എ.ഇയിൽ നിന്ന് പുറത്തു കടത്താൻ അനുമതി പത്രങ്ങൾ നൽകേണ്ട എല്ലാ സർക്കാർ വകുപ്പുകളിലേയും ഉന്നതർ തൊട്ട് താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർ വരെ ഇന്ന് അഷ്‌റഫിന്റെ പരിചയക്കാരാണ്. അ ദ്ദേഹം തയ്യാറാക്കി നൽകുന്ന പത്രങ്ങളിൽ യാതൊരു മടിയുമില്ലാതെ എല്ലാ തിരക്കും മാറ്റി വച്ച് അവർ വേഗത്തിൽ ഒപ്പും സീലും പതിപ്പിക്കുന്നു. അത് അദ്ദേഹത്തിന്റെ ഭാരിച്ചതും സങ്കീർണവുമായ ജോലിയെ കുറച്ചൊന്ന് ലഘൂകരിക്കുകയും ആശ്വാസകരമാക്കുകയും ചെയ്യുന്നു.
അഷ്‌റഫിന് യു.എ.ഇയിൽ ഒരിടത്തും പ്രത്യേക ഓഫീസോ സ്റ്റാഫോ മറ്റ് സൗകര്യങ്ങളോ ഇല്ല. എല്ലാം മൊബൈൽ ഫോണിൽ കൂടിയുള്ള ഓപ്പറേഷനാണ്. ദിവസവും 500-ലേറെ ഫോൺവിളികളാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. വാട്ട്‌സാപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങൾ അതിലും എത്രയോ കൂടുതലാണ്. ഒരു മൃതദേഹം വിമാനം കയറ്റി വിട്ടാൽ പിന്നെ മരിച്ചവരുടെ കുടുംബവുമായോ സുഹൃത്തുക്കളുമായോ അഷ്‌റഫ് ബന്ധം തുടരാറില്ല. അവരോട് കുശലപ്രശ്‌നത്തിനോ നന്ദി പ്രകടിപ്പിക്കാനോ തന്നെ വിളിക്കരുത് എന്നാണ് സ്‌നേഹപൂർവമുള്ള അദ്ദേഹത്തിന്റെ അപേക്ഷ. കാരണം ആ സമയത്ത് മരണത്തിന്റെ സന്ദേശവുമായി തന്നെ തേടിയെത്തുന്ന വിളികൾ എടുക്കാനാ കാതെ വരുമോ എന്നദ്ദേഹം ഭയക്കുന്നു.
തന്റെ സഹായം സ്വീകരിക്കുന്നതിന് ആരിൽ നിന്നും ഒരു ചില്ലിക്കാശും പ്രതിഫലമായി അഷ്‌റഫ് ഈടാക്കുന്നില്ല. ഒരു മൃതദേഹം ഇന്ത്യയിലേക്ക് വിമാനത്തിൽ കയറ്റുന്നതിന് മുമ്പായി 100-ലേറെ അനുമതി പത്രങ്ങൾ യു.എ.ഇ യിലെ 16-ഓളം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നായി തയ്യാറാക്കി കൈയിൽ കരുതേണ്ടതുണ്ട്. ഇവയൊക്കെ സൗജന്യമായിട്ടാണ് ലഭിക്കുന്നത്്. അതേ സമയം അവയ്ക്ക് ഏതാണ്ട് 17-ഓളം സെറ്റ് കോപ്പികളും തയ്യാറാക്കണം. അതിന് പണം ചെലവാകും. അനുമതി പത്രങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങി യാത്ര ചെയ്യാൻ ടാക്‌സിക്കും പണം മുടക്കണം(അഷ്‌റഫ് സ്വന്തം കാറാണ് അതിനായി ഉപയോഗിക്കുന്നത്).
ഇതിനുപുറമെ ശവപ്പെട്ടി, ആംബുലൻസ്, എംബാമിങ്, കൂടെ പോകുന്നയാളുടെ വിമാനടിക്കറ്റ്, മൃതദേഹത്തിന് വിമാനക്കമ്പനികൾ ഈടാക്കുന്ന കൂലി തുടങ്ങി വലിയൊരു തുക പിന്നെയും ആവശ്യമായി വരും. എല്ലാം കൂടി ഒരു മൃതദേഹം ഇന്ത്യയിലെത്തിക്കാൻ 8,000 ദിർഹത്തിനടുത്ത് ചിലവു വരും. സാഹചര്യാനുസൃതം ഈ തുക കൂടാനും കുറയാനും സാധ്യതയുമുണ്ട്.
പാക്കിസ്ഥാൻ ഉൾപ്പെടെ പല രാജ്യങ്ങളും സ്വന്തം പ്രജകളുടെ മൃതദേഹങ്ങൾ സൗജന്യമായി വിമാനത്തിൽ കൊണ്ടു പോകുമ്പോൾ ഇന്ത്യൻ വിമാനക്കമ്പനികൾ മിക്കതും നിർദ്ദാക്ഷിണ്യം ഭാരത പൗരന്റെ മൃതദേഹത്തിന് കണക്ക് പറഞ്ഞ് പണം വാങ്ങുകയാണ് ചെയ്യുന്നത്. കിലോഗ്രാമിന് 18 മുതൽ 25 ദിർഹം വരെയൊക്കെയാണ് പല എയർലൈൻസുകളും തരം പോലെ പിടിച്ചു വാങ്ങുന്നത്. ഇത് മൃതദേഹങ്ങളോടു കാണിക്കുന്ന അനാദരവും അതു കൊണ്ടു തന്നെ അപലപനീയവുമാണെന്ന് അഷ്‌റഫ് അഭിപ്രായപ്പെടുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2015-ലെ പ്രവാസി ഭാരതീയ പുരസ്‌കാരം സ്വീകരിക്കാൻ ഇന്ത്യയിലെത്തിയപ്പോൾ ഇക്കാര്യം അഷ്‌റഫ് നേരിട്ട് പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. ഒരു പരിഹാരം ഉണ്ടാകും എന്നു തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
യു.എ.ഇയിലെ ഇന്ത്യൻ എംബസിക്ക് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്നൊന്ന് ഉണ്ടെങ്കിലും മൃതദേഹം കൊണ്ടു പോകുന്ന കാര്യത്തി ൽ അത് നേടിയെടുക്കുക ഏറെ ദുഷ്‌കരമാണെന്നാണ് അഷ്‌റഫിന്റെ അഭിപ്രായം. അതിലും ഭേദം മറ്റു വഴികൾ ആശ്രയിക്കുന്നതാണ്. ആദ്യകാലത്തൊ ക്കെ പണത്തിനായി വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. അതേസമയം അറിഞ്ഞ് ത ന്നവരുണ്ട്; നിഷ്‌കരുണം നിരസിച്ചവരുമുണ്ട്. എല്ലാ പേപ്പറുകളും ശരിയായി ട്ടും പണമില്ലാത്തതിനാൽ മൃതദേഹം എയർപോർട്ടിലേക്ക് കൊണ്ടു പോകാനാകാതെ മോർച്ചറിയിൽ തന്നെ കിടത്തേണ്ട ഗതികേടും സംഭവിച്ചിട്ടുണ്ട്. മ രിച്ചവരോട് മനുഷ്യത്വം കാണിക്കാത്തവർ മനുഷ്യരല്ല എന്നു തന്നെയാണ് ഈ മനുഷ്യന്റെ അഭിപ്രായം.
ഇന്ന്, അഷ്‌റഫിന്റെ കാരുണ്യ പ്രവൃത്തിയെക്കുറിച്ചറിഞ്ഞ് പ്രമുഖ വ്യവസായി എം.എ യൂസഫലി, മലബാർ ഗോൾഡ് തുടങ്ങിയവർ ചേർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ചില സാംസ്‌കാരിക സംഘടനകൾ, സന്നദ്ധ സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ, ഉദാരമനസ്‌കരായ ചില വ്യക്തികൾ എന്നിവരും സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. മൃതദേഹം കൊണ്ടു പോകാൻ പണം തേടിയുള്ള അഷ്‌റഫിന്റെ അലച്ചിലിന് അതേറെ ആശ്വാസമായെങ്കിലും പലപ്പോഴും പലവഴിയിലായി അദ്ദേഹത്തിന് നൂറും ഇരുന്നൂറും ദിർഹം ഓരോ മൃതദേഹത്തിനും ചെലവ് വരാറുണ്ട്. അക്കാര്യം അദ്ദേഹം ആരോടും മിണ്ടാറില്ല. അതുകൊണ്ട് തന്നെ ആരും അറിയാറുമില്ല.
സാധാരണ നാലോ അഞ്ചോ ദിവസം പിടിക്കും രേഖകളെല്ലാം ശരിയാക്കി ഒരു മൃതദേഹം നാട്ടിലെത്തിക്കാൻ. അതേസമയം അപകടമരണം, കൊലപാതകം, ആത്മഹത്യ എന്നിവയാണെങ്കിൽ പിന്നെയും കാലതാമസം പിടിക്കും. ഒരു ബംഗാളിയുടെ മരണവിവരമറിഞ്ഞ് അഷ്‌റഫ് ആശുപത്രി മോർച്ചറിയിൽ എത്തുമ്പോൾ മൃതദേഹത്തിന് 6 ആഴ്ചയിലധികം പഴക്കമുണ്ടായിരുന്നു. മരണത്തേക്കാൾ ദയനീയമായിരുന്നു ആ കാഴ്ച എന്നാണ് അഷ്‌റഫ് അതേകുറിച്ച് പറഞ്ഞത്. യു എ ഇ സർക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും തനിക്ക് കിട്ടാറുണ്ട് എന്നദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.

ജീവിച്ചിരിക്കുന്നവർക്ക് തന്നെ എന്തെങ്കിലും സഹായം ചെയ്യാൻ വിമുഖരാണ് മനുഷ്യർ. അവർക്കിടയിലാണ് മരിച്ചവർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി അഷ്‌റഫ് ജീവിക്കുന്നത്. പല ദിവസങ്ങളിലും അദ്ദേഹം ഉറക്കമുണരുന്നതു തന്നെ മരിച്ച ആരുടെയെങ്കിലും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോൺവിളി കേട്ടു കൊണ്ടായിരിക്കും. അജ്മാനിലെ വീട്ടിൽ നിന്നും അതികാലത്ത് ഇറങ്ങിയാൽ രാത്രി വളരെ വൈകിയാണ് അദ്ദേഹം തിരിച്ചെത്തുക. മൃതദേഹം വിട്ടുകിട്ടാനുള്ള ഓട്ടത്തിനിടയിൽ ജലപാനം പോ ലുമില്ലാത്ത ദിവസങ്ങൾ അനവധി. ഒന്നിലും പക്ഷെ, അഷ്‌റഫിന് ഒരു പരാതിയുമില്ല. അതൊക്കെ തന്റെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കരുതുന്നു. അക്ഷരാർഥത്തിൽ സഹനത്തിന്റെ സഹ്യപർവതം പോ ലൊരു മനുഷ്യൻ!
ഇങ്ങനെ മരിച്ചവർക്ക് വേണ്ടി മരിച്ചു ജീവിക്കുന്ന ഈ മനുഷ്യന് മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും ഒരുപിടി തിക്താനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യ ദുബായിൽ അന്തരിച്ചപ്പോൾ അവരുടെ സംഘടന ആവശ്യപ്പെട്ടതനുസരി ച്ച് മൃതദേഹം വളരെ പെട്ടെന്ന് നാട്ടിലെത്തിക്കാൻ അഷ്‌റഫ് രാപ്പകൽ കഷ്ടപ്പെട്ടു. അടക്കം കഴിഞ്ഞെന്ന് നാട്ടിലെ പത്രത്തിൽ, ദുബായിലും നാട്ടിലുമുള്ള ചെറുതും വലുതുമായ എല്ലാ വ്യക്തികൾക്കും കൃതജ്ഞത രേഖപ്പെടുത്തി ബന്ധുക്കൾ നൽകിയ പരസ്യത്തിൽ അഷ്‌റഫിന്റെ പേരുമാത്രം ഇല്ലായിരുന്നു. പലരും അതേകുറിച്ച് സൂചിപ്പിച്ചപ്പോൾ അദ്ദേഹം അത് ചിരിച്ചു തള്ളി. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല താൻ ജീവിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. മനുഷ്യർക്ക് ഉപകാരപ്പെട്ടത് ചെയ്യണം എന്നത് ചെറുപ്പത്തി ലെ മാതാപിതാക്കൾ അദ്ദേഹത്തെ പഠിപ്പിച്ച പാഠമാണ്. ഇതൊക്കെ ചെയ്യു മ്പോൾ തനിക്കൊരു സംതൃപ്തിയുണ്ട്. അതിനപ്പുറം മറ്റൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്ന് അഷ്‌റഫ് പറയുന്നു.
താൻ ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ മതത്തിന്റെയോ വക്താവല്ല എന്ന് അസന്ദിഗ്ധമായി അഷ്‌റഫ് വ്യക്തമാക്കുന്നുണ്ട്. അവരൊ ക്കെ അനാവശ്യമായ ഈഗോ ചുമക്കുന്നവരും പണത്തിനും അധികാരത്തി നും സ്ഥാനമാനത്തിനും വേണ്ടി മത്സരിക്കുന്നവരുമാണ്. മരിച്ചവർ ഒന്നിന് വേണ്ടിയും മത്സരിക്കുന്നില്ല; അതുകൊണ്ടു തന്നെ മരിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുന്ന താനും മത്സരിക്കേണ്ടതില്ല എന്നാണ് അഷ്‌റഫിന്റെ നിലപാട്. മരിച്ചവരെ സഹായിക്കുക എളുപ്പമാണ് എന്ന് അഷ്‌റഫ് പറയുന്നു. കാരണം അവർക്ക് ഒന്നിലും ഒരു പരാതിയും ഇല്ല എന്നതു തന്നെ.
ദുബായ് പോലീസ്, ദുബായ് ഓർത്തഡോക്‌സ് ചർച്ച്, മലേഷ്യൻ കോ ൺസുലേറ്റ്, ഫിലിപ്പീൻസ് എംബസി, മുംബൈ ശിവസേന എന്നിവരുടെ ആ ദരം, 2015-ലെ പ്രവാസി ഭാരതീയ പുരസ്‌കാരം, 2018-ലെ സാന്ത്വന സ്പർശം അവാർഡ് എന്നിവ ഉൾപ്പെടെ ഒട്ടനവധി ബഹുമതികൾ അഷ്‌റഫിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് ബിരുദം നൽ കിയാണ് അദ്ദേഹത്തിന്റെ സേവനങ്ങളെ അംഗീകരിച്ചത്.
സുഹ്‌റയാണ് അഷ്‌റഫിന്റെ ഭാര്യ. മൂത്ത മകൻ മുഹമ്മദ് ഷാഫി, തൃ ശൂരിൽ എഞ്ചിനിയറിംഗ് നാലാം വർഷ വിദ്യാർഥിയാണ്. രണ്ടാമത്തെ മകൾ സിഫാന, അജ്മാൻ അൽ അമീർ സ്‌കൂളിൽ 10-ാം ക്ലാസിലും മൂന്നാമത്തെ മ കൻ, മുഹമ്മദ് അമീൻ അവിടെ 1-ാം ക്ലാസിലും പഠിക്കുന്നു. കുടുംബത്തിന്റെ യോ കുട്ടികളുടെയോ കാര്യങ്ങൾ ശ്രദ്ധിക്കാൻ അഷ്‌റഫിന് പൊതുവെ കഴിയാറില്ല. അഷ്‌റഫിന്റെ തിരക്കുകളെ കുറിച്ച് നല്ല ബോധ്യമുള്ള കുടുംബം ഒ ന്നിനും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറുമില്ല. അവരാണ് തന്റെ ഏറ്റവും വലിയ ശക്തി എന്നദ്ദേഹം പറയുന്നു. അവരുടെ താങ്ങും തണലുമില്ലായിരുന്നെങ്കിൽ തനിക്കീ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ കഴിയില്ല എന്നദ്ദേഹത്തിന് നല്ല ഉറപ്പുമുണ്ട്. അഷ്‌റഫ് ദൈവത്തിന്റെ നിയോഗമനുസരിച്ച് ഭൂമിയിൽ പ്രവൃത്തിക്കുകയാണെന്നും അതിന് തങ്ങൾ തടസ്സം നിൽക്കരുതെന്നും അവർ മനസിലാക്കുകയായിരുന്നു.
മരിച്ച പലരുടെയും കുടുംബക്കാർക്ക് അർഹതപ്പെട്ട ഇൻഷൂറൻസ് തുക വാങ്ങി നൽകാനും അഷ്‌റഫ് സഹായിച്ചിട്ടുണ്ട്. അവരിൽ പലരും ചെറുതും വലുതുമായ തുക സന്തോഷത്തിന് വെച്ചു നീട്ടുമ്പോഴും അദ്ദേഹം അത് നിരസിച്ചിട്ടേയുള്ളൂ. താൻ ചെയ്യുന്നത് ഒരു പുണ്യപ്രവൃത്തിയാണെന്ന വിശ്വാസമൊന്നും ഇപ്പോഴും അദ്ദേഹത്തിനില്ല. 'ജനിച്ചാൽ നാമെല്ലാം ഒരിക്കൽ മരി ക്കും. അത് ഉൾക്കൊണ്ടാൽ മരണത്തെ ആരും ഭയപ്പെടില്ല. മരിക്കുമ്പോൾ ജ നിച്ച മണ്ണിൽ അടക്കം ചെയ്യപ്പെടണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം. അതിന് കഴിയാതെ വരുന്നവരെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ദൈവം അതിനുള്ള പ്രതിഫലം എനിക്കും എനിക്ക് വേണ്ടപ്പെട്ടവർക്കും തരും'- അഷ്‌റഫ് താമരശ്ശേരിയുടെ ഉറച്ച ഈ വാക്കുകൾ അദ്ദേഹത്തിന്റെ ജീവിതനയം തന്നെയാണ് വ്യക്തമാക്കുന്നത്.






