Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സലാഹ്: കിനാവും കണ്ണീരും

 

കിയേവ്:  മുഹമ്മദ് സലാഹിന്റെ രാത്രിയാവേണ്ടതായിരുന്നു ഇത്. ലിവര്‍പൂള്‍ രക്ഷകനെ കാത്തിരിക്കുകയായിരുന്നു. ഈ രാത്രി മാത്രമല്ല, വരാനിരിക്കുന്ന ഒന്നര മാസത്തെ രാവുകളും. അറബ് തെരുവുകള്‍ കാത്തിരിക്കുകയായിരുന്നു, ഈജിപ്ത് മാസങ്ങളായി പെരുന്നാള്‍ രാവ് നോമ്പ് നോറ്റ് കാത്തിരിക്കുകയായിരുന്നു. സെര്‍ജിയൊ റാമോസിന്റെ കൈപ്പിടിയില്‍ കുരുങ്ങി എല്ലാം നിമിഷം കൊണ്ട് ചാമ്പലായി. മഹാദ്ഭുതം സംഭവിച്ചില്ലെങ്കില്‍ അറബ് ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍ കരക്കിരുന്ന് ലോകകപ്പ് കാണും. 
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനു വേണ്ടിയും ഒരു കളിക്കാരനും ഇതുപോലെ ആദ്യ സീസണ്‍ കളിച്ചിട്ടില്ല. ഗോളടിയില്‍ സര്‍വകാല റെക്കോര്‍ഡ്. സഹകളിക്കാരുടെയും കളിയെഴുത്തുകാരുടെയും പ്രീമിയര്‍ ലീഗിന്റെ തന്നെയും വോട്ടെടുപ്പില്‍ മികച്ച കളിക്കാരന്‍. ലിവര്‍പൂളിന്റെ പ്ലയര്‍ ഓഫ് ദ സീസണ്‍. അവാര്‍ഡുകള്‍ ഏറ്റുവാങ്ങാന്‍ സലാഹ് പറന്നു നടക്കുകയായിരുന്നു.
ലിയണല്‍ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും കുത്തകയാക്കി വെച്ച ബാലന്‍ഡോറിലേക്ക് സലാഹിന് ഒരു വിജയത്തിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടാല്‍ സലാഹ് ബാലന്‍ഡോര്‍ കൈയിലേന്തുമെന്ന് പ്രതീക്ഷിച്ചവരേറെ.
ഈ കളി കഴിയാന്‍ കാത്തിരിക്കുകയായിരുന്നു ഈജിപ്ത്. 28 വര്‍ഷത്തിനു ശേഷം ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാന്‍. സലാഹിന്റെ തോളിലേറിയാണ് ഈജിപ്ത് ലോകകപ്പിന് ടിക്കറ്റെടുത്തത്. ആ ചുമലുകളിലായിരുന്നു ടീമിന്റെ എല്ലാ പ്രതീക്ഷയും. രാഷ്ട്രീയ അസ്ഥിരതയുടെയും നിരാശയുടെയും ദുരന്തങ്ങളുടെയും മറ്റൊരു കെട്ട കാലത്തിലൂടെ കടന്നുപോവുന്ന അറബ് ലോകത്തിന കളിക്കളത്തില്‍ പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും പ്രതീകമായിരുന്നു സലാഹ്. ഒരു മണിക്കുര്‍ കൂടി അയാള്‍ കളിച്ചാല്‍ മതിയായിരുന്നു ഈ സീസണ്‍ പൂര്‍ത്തിയാക്കി രാജ്യത്തിന്റെ ദൗത്യമേറ്റെടുക്കാന്‍.
പന്തിനായുള്ള പോരാട്ടത്തിനിടയില്‍ സലാഹിന്റെ കൈ പിടിച്ചുവലിച്ച റാമോസിന്റെ മനസ്സിലെന്തായിരിക്കണം. ആര്‍ക്കുമറിയില്ല. കളിയുടെ ചൂടില്‍ സംഭവിച്ചു പോയതാവാം. എതിരാളികളുടെ വജ്രായുധത്തെ നിര്‍വീര്യനാക്കാനുള്ള സൂത്രമാവാം. അതിന് ഒരു മഞ്ഞക്കാര്‍ഡ് പോകട്ടെ ഫൗള്‍ വിളിയുടെ ശിക്ഷ പോലും റഫറി നല്‍കിയില്ല.
ആദ്യ അര മണിക്കൂറില്‍ കളം നിറഞ്ഞ ലിവര്‍പൂള്‍ സലാഹ് പിന്മാറിയതോടെ നിലാവില്‍ തുറന്നുവിട്ട കോഴികളെ പോലെയായി. കളിയുടെ അന്തരീക്ഷം തന്നെ മാറി. ഇടതു വിംഗില്‍ ഡാനി കര്‍വഹാലിനെ വെള്ളം കുടിപ്പിച്ച സാദിയൊ മാനെയെ പൊസിഷന്‍ മാറ്റേണ്ടി വന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോലെ ലോകം ഉറ്റുനോക്കിയ കളിയില്‍ ലോറിസ് കാരിയൂസ് എന്ന ഗോളി ഒന്നല്ല, രണ്ടു തവണ അബദ്ധങ്ങളുടെ അബദ്ധം കാട്ടി. സലാഹിന്റെ രാത്രി കണ്ണീരില്‍ കുതിര്‍ന്ന കര്‍ബല പോലെ ആയി. സ്വപ്‌നം പോലെ മുന്നേറുകയായിരുന്ന സീസണിന് സങ്കടക്കടലില്‍ അവസാനമായി.

Latest News