അര്‍ജന്റീനയുടെ എസ്തബാന്‍ കാംബിയാസൊ 2006 ല്‍ സെര്‍ബിയ മോണ്ടിനെഗ്രോക്കെതിരെ നേടിയ രണ്ടാം ഗോള്‍ ഒത്തൊരുമയുടെയും താളപ്പൊരുത്തത്തിന്റെയും പ്രതീകമായിരുന്നു. ഒരു മിനിറ്റ് നീണ്ട ആ ഘോഷയാത്രയില്‍ ഒമ്പത് കളിക്കാര്‍ പങ്കുചേര്‍ന്നു, കണ്ണിമുറിയാതെ 26 പാസുകള്‍. അര്‍ജന്റീന മറുപടിയില്ലാത്ത ആറു ഗോളിന് ജയിച്ച ആ ഗ്രൂപ്പ് സി മത്സരത്തിലെ രണ്ടാം ഗോള്‍ നീലപ്പട കാലത്തിനു കാത്തുവെച്ചതായിരുന്നു.
മെതീയ കേസ്മാനില്‍ നിന്ന് ഹവിയര്‍ മസ്‌ചെരാനൊ പന്ത് റാഞ്ചിയെടുക്കുന്നതോടെയാണ് അതു തുടങ്ങുന്നത്. ഗബ്രിയേല്‍ ഹെയ്ന്‍സെക്ക് പന്ത് മറിച്ചതോടെ കുതിപ്പാരംഭിച്ചു. സെര്‍ബിയ കളിക്കാരെ നോക്കുകുത്തികളാക്കി അര്‍ജന്റീനയുടെ പാസിംഗ് മാസ്റ്റര്‍മാര്‍ ഗ്രൗണ്ട് ഭരിച്ചു. ഒടുവില്‍ ഹെര്‍നാന്‍ ക്രെസ്‌പോ പിന്‍കാലു കൊണ്ട് തള്ളിക്കൊടുത്ത പന്ത് വലയിലേക്ക് പറത്തി കാംബിയാസൊ ആ സുന്ദര നീക്കം പരിസമാപ്തിയിലെത്തിച്ചു. അര്‍ജന്റീനയുടെ രണ്ട് കളിക്കാര്‍ മാത്രമാണ് ആ നീക്കത്തില്‍ ഭാഗഭാക്കാവാതിരുന്നത്, ഗോളി റോബര്‍ടൊ അബന്‍ഡന്‍സിയേരിയും റൈറ്റ് ബാക്ക് നിക്കൊളാസ് ബുര്‍ദീസോയും.