Sorry, you need to enable JavaScript to visit this website.

കഫീല്‍ മരിച്ചാല്‍ കഫാല മാറ്റാന്‍ എന്തു ചെയ്യണം, നടപടികള്‍ വിശദീകരിച്ച് സൗദി ജവാസാത്ത്

റിയാദ് - സ്‌പോണ്‍സര്‍ മരിച്ചാല്‍ വിദേശ തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്‌പോണ്‍സറുടെ കുടുംബാംഗങ്ങള്‍ പൊതുസമ്മതോടെ തെരഞ്ഞെടുത്ത് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചുമതലപ്പെടുത്തുന്ന വക്കീല്‍ (നിയമാനുസൃത പ്രതിനിധി) ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ചാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ സ്വീകരിക്കേണ്ടത്. ഇതിന് സ്‌പോണ്‍സറുടെ അനന്തരാവകാശികള്‍ റിലീസ് നല്‍കാന്‍ തയാറാകണമെന്നും അനന്തരാവകാശികളെ നിര്‍ണയിക്കുന്ന പ്രമാണം ഹാജരാക്കണമെന്നും ജവാസാത്ത് വ്യക്തമാക്കി.
തന്റെ സ്‌പോണ്‍സര്‍ മരണപ്പെട്ടതായും ഇഖാമ കാലാവധി അവസാനിച്ചതായും അറിയിച്ചും മരണപ്പെട്ട സ്‌പോണ്‍സറുടെ മക്കളെ സമീപിക്കാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞും ഗാര്‍ഹിക തൊഴിലാളികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
സ്‌പോണ്‍സര്‍ മരണപ്പെട്ടാല്‍ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ അനന്തരാവകാശികളില്‍ ഒരാള്‍ക്കൊപ്പം വിദേശ തൊഴിലാളി ജവാസാത്തിനെ നേരിട്ട് സമീപിക്കണം. വിദേശ തൊഴിലാളിയുടെയും അനന്തരാവകാശികളില്‍ ഒരാളുടെയും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുക.
സ്‌പോണ്‍സര്‍ മരണപ്പെട്ടാല്‍ മറ്റു അനന്തരാവകാശികളുടെ സമ്മതത്തോടെ കൂട്ടത്തില്‍ പെട്ട ഒരാളുടെ പേരിലേക്ക് തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ഫീസൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ മറ്റൊരു കഫീലിന്റെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ തൊഴിലാളി ആഗ്രഹിക്കുന്ന പക്ഷം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ ഫീസ് നല്‍കണം. ആദ്യ തവണ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ 2,000 റിയാലും രണ്ടാം തവണ കഫാല മാറ്റാന്‍ 4,000 റിയാലും മൂന്നാം തവണ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ 6,000 റിയാലുമാണ് ഫീസ് നല്‍കേണ്ടതെന്നും ജവാസാത്ത് വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News