ടാഡ പ്രകാരം ശിക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് പരോളിന് അര്‍ഹതയില്ല-ഹൈക്കോടതി

മുംബൈ- ടാഡ പ്രകാരം ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് പരോളിന് അര്‍ഹതയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവിട്ടു. തീവ്രവാദ, വിനാശ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ടാഡ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാരന് പരോള്‍ അനുവദിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഉത്തരവ്. മഹാരാഷ്ട്രയിലെ നിയമങ്ങള്‍ അനുസരിച്ച് ഭീകര കുറ്റകൃത്യങ്ങളിലെ കുറ്റവാളികള്‍ക്ക് പരോളിന് അര്‍ഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രോഗിയായ ഭാര്യയെ കാണാന്‍ സ്ഥിരമായി പരോള്‍ ആവശ്യപ്പെട്ട് അമരാവതി സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഹസന്‍ മെഹന്ദി ശൈഖ് സമര്‍പ്പിച്ച ഹരജി ജസ്റ്റിസുമാരായ എസ് ബി ഷുക്രേ, എം.ഡബ്ല്യു ചാന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളി.
തീവ്രവാദ, വിനാശ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ (ടാഡ) കര്‍ശനമായ വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്കാണ് ശൈഖ് ശിക്ഷിക്കപ്പെട്ടത്.
ജയില്‍  ചട്ടങ്ങള്‍ പ്രകാരം പരോള്‍ അനുവദിക്കുന്നതിന് അര്‍ഹതയില്ലെന്ന് കാണിച്ച് ജയില്‍ അധികൃതര്‍ തന്റെ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ശൈഖ് ഹൈക്കോടതിയെ സമീപിച്ചത്.
ടാഡ പ്രകാരമുള്ള കുറ്റവാളിയെ സാധാരണ പരോളിന്റെ ആനുകൂല്യം ലഭിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുന്ന  വ്യവസ്ഥ ചട്ടങ്ങളില്‍ ഉണ്ടെന്ന് ബോംബെ ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
തീവ്രവാദ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാരെ സ്ഥിരമായി പരോളില്‍ വിട്ടയക്കുന്നതില്‍ നിന്ന് തടയാനാണ് ടാഡ ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.
ടാഡ പ്രകാരമാണ് ഹരജിക്കാരന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ സ്ഥിരമായി പരോള്‍ ലഭിക്കാന്‍ അര്‍ഹതയില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
ടാഡ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പോലും, സ്ഥിരമായി പരോള്‍ തേടുന്നതില്‍ നിന്ന് അയോഗ്യനാക്കില്ലെന്ന് സുപ്രീം കോടതിയുടെ 2017 ലെ വിധി ശൈഖ്  ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി, സുപ്രീം കോടതി കേസിലെ തടവുകാരന്‍ രാജസ്ഥാനില്‍ നിന്നുള്ളയാളാണെന്നും അതിനാല്‍ മഹാരാഷ്ട്രയില്‍ ബാധകമാക്കാനാവില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.
പ്രത്യേക കേസില്‍ പരോള്‍ അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് പല സംസ്ഥാന സര്‍ക്കാരുകളും പരോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന വസ്തുത സുപ്രീം കോടതി അംഗീകരിച്ചതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News