Sorry, you need to enable JavaScript to visit this website.

ചാപ്പ കുത്തരുത്, ഇത് വെറും ചാരിത്ര്യ പ്രസംഗമാണ്

ബി.ബി.സി ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന അഭിപ്രായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അത്തരം
ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപ്പോവില്ലെന്നും അവ ഏതു വിധേനയും തടയുമെന്നും റിപ്ലബിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്ത എന്‍.സി.സി കേഡറ്റുകളോട് സംവദിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
(മലയാളം ന്യൂസ്)
അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം എന്ന പ്രയോഗം ഈ പ്രസ്താവനയോട് ചേര്‍ത്ത് വെക്കുന്നത് ഇന്നിന്റെ സവിശേഷമായ സാഹചര്യത്തില്‍ രാജ്യ വിരുദ്ധമെന്ന് ചാപ്പകുത്തിയേക്കാം.
രണ്ടായിരത്തി പതിനാലില്‍ ഇന്ദ്ര പ്രസ്ഥത്തില്‍ മോഡി എത്തിയത്  ആ പാര്‍ട്ടിയില്‍ അദ്ദേഹത്തേക്കാള്‍ രാഷ്ട്രീയ പാരമ്പര്യമുള്ളവര്‍ ഇല്ലാത്തത്‌കൊണ്ടല്ല.
ഹിംസാത്മകത ത്വാതിക അടിത്തറയുള്ള ഒരു പാര്‍ട്ടിയില്‍ കൂടുതല്‍ വീരശൂര പരാക്രമി എന്ന അപ്രമാദിത്വം അദ്ദേഹത്തിന് ഉള്ളത് കൊണ്ടാണ്.
അത്തരമൊരു വീരപരിവേഷം കിട്ടിയതാകാട്ടെ ഇപ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യുന്ന ഗുജറാത്ത് കലാപത്തിലെ മോഡിയുടെ നേതൃ പരമായ  പങ്കാണെന്ന് ഏതൊരു കൊച്ചു  കുട്ടിക്കും (അനില്‍ ആന്റണി എന്ന കൊച്ചൊഴികെ)അറിയാവുന്നതാണ്.
മോഡിയുടെ ഭരണം തുടങ്ങിയത് മുതല്‍ അദ്ദേഹവും കൂട്ടാളികളും ഭരണത്തിന്റെ തണലില്‍ മനസ്സാ വാചാ കര്‍മണാ ഭിന്നിപ്പിന്റെ പാതയിലാണെന്നും ഓരോ ദിവസവും അത് ശക്തിപ്പെടുത്താന്‍ പുതിയ നിയമ വ്യവസ്ഥകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നവെന്നത് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഭക്ഷണത്തിന്റെ പേരില്‍ നടത്തുന്ന  ആള്‍ക്കൂട്ട കൊലപാതകങ്ങളും ഹിജാബിന്റെ പേരില്‍ നടക്കുന്ന വിദ്യാഭ്യാസ നിഷേധവുമെല്ലാം പരമത വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും സൃഷ്ടികളാണ്.
ഇതിന്റെയെല്ലാം പിന്നില്‍ സമൂഹത്തില്‍ ചിന്നം വിളി നടത്തി കലാപകലുഷിതമാക്കുന്നത് തങ്ങളുടെ അനുയായികള്‍ തന്നെയാണ്. ഇതുപോലെയുള്ള സുന്ദരമായ ആഹ്വാനങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതും അവര്‍തന്നെ.
സംഘ പരിവാരിന്റെ ചെറുതും വലുതുമായ നേതാക്കള്‍ ദിനേനയെന്നോണം നടത്തുന്ന പ്രസ്താവനകള്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികളെയും ഭരണഘടനയേയും നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ്. നിയമത്തിന് മുമ്പില്‍ അവരെ കൊണ്ടുവരുന്നില്ലെന്ന് മാത്രമല്ല, നിയമപാലകരെയും ഒരു വേള ജുഡീഷ്യറിയെ പോലും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്.
ഗുജറാത്ത്, തങ്ങള്‍ നടത്തിയ പാഠം പഠിപ്പിക്കലാണെന്ന പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഈയടുത്ത് നടത്തിയ പ്രസ്താവനകള്‍ പരോക്ഷമായെങ്കിലും അവരുടെ കലാപത്തിലെ പങ്ക് വെളിപ്പെടുത്തുന്നുണ്ട്.
എന്തിനേറെ ഈ കൊച്ചു കേരളത്തില്‍ സംഘപരിവാര്‍,കുറ്റിയാടി ഉള്‍പ്പടെ ചില പ്രദേശങ്ങളില്‍ നടത്തിയ പ്രകടനങ്ങളിലും 'ഗുജറാത്ത് ഞങ്ങള്‍ ആവര്‍ത്തിക്കും' എന്ന് ആക്രോശിക്കുമ്പോള്‍
ആ പാപക്കറ ആരിലേക്ക് എത്തിച്ചേരുന്നു എന്നത് മനസ്സിലാക്കാന്‍ ബി ബി സി വേണമെന്നില്ല. അണികള്‍ സ്വയം വിശേഷിപ്പിക്കുന്ന വിശ്വ പൗരനെന്ന മുഖം മൂടി അഴിഞ്ഞു വീഴുമ്പോള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ പരിഹാസ്യമായ ചില വേഷം കെട്ടലുകള്‍ മാത്രമാണ്.
 


നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം


 

Latest News