Sorry, you need to enable JavaScript to visit this website.

കഥ - ആരും വായിക്കാത്ത പുസ്തകം

നഗരത്തിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്നയിടങ്ങളിൽ, പരിചിതമായ അനേകം പുസ്തകങ്ങൾ. അപരിചിതരായ അനേകം മനുഷ്യർ അവർക്കിടയിലൂടെ  എന്തിനെയോ തേടിക്കൊണ്ട് അയാൾ നടന്നു.
പുരാതന ഗ്രന്ഥശാലയിലെ എഴുതിവെക്കപ്പെട്ട മുഴുവൻ വാക്കുകളും തിങ്ങിനിറഞ്ഞ മൗനമാണയാളുടേതെന്നു തോന്നും. വായനയുടെ കടൽത്തീരങ്ങളിൽ നങ്കൂരമിട്ട കപ്പലുകൾ പോലെ പുസ്തകങ്ങളിൽ മാത്രം ഉടക്കിപ്പോയ വിചിത്രമനുഷ്യർ. നിർത്താതെ വായിച്ചുകൊണ്ടു തോൽക്കാനാകാത്ത യുദ്ധങ്ങളെന്നപോൽ മരണം കൊണ്ട് മാത്രം വിധിനിർണയിക്കപ്പെടുന്ന കലഹങ്ങളെന്നപോൽ വായനയിൽ ജീവിക്കുന്നവർഅവരുടെ സഞ്ചാരങ്ങൾക്കപ്പുറത്തു ആ പുസ്തകക്കെട്ടുകൾക്കിടയിൽ ഒരു മനുഷ്യനുവേണ്ട സകലതിനും ഉത്തരം നൽകാൻ കഴിയുന്ന ആദ്യ പകുതിക്കുമപ്പുറം അയാൾ കടന്നു ചെല്ലുന്നു.
ജീവനെടുക്കാൻ സാധ്യമായ ആഴത്തിനുമപ്പുറം കടന്നെത്തിയ  കരയിലെ ജീവിയെ അത്ഭുതത്തോടെ നോക്കുന്ന ജലജീവികളെപ്പോലെ പുസ്തകങ്ങൾ അയാളെ നോക്കുന്നു.
ഭക്ഷണവും സ്വപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സ്വപ്നങ്ങളെ കൃത്രിമമായി നിർമ്മിച്ച് അവയെ മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്ന സാധ്യതകളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന  പുസ്തകം
ഒറ്റനോട്ടത്തിൽ അതൊരു സ്ത്രീയാണെന്ന് തോന്നുമെങ്കിലും മുരടൻ ശബ്ദത്തിൽ അയാളോട് ചോദിക്കുന്നു: എന്താണ് വേണ്ടത്?
അയാളുടെ മൗനം അനേകായിരം വാക്കുകൾ  തിങ്ങിനിറഞ്ഞ മൗനംഅതാ പുസ്തകത്തെ വിഴുങ്ങിക്കളഞ്ഞു. വായനക്കപ്പുറം പുസ്തകങ്ങളെ തന്നിൽ നിറക്കാൻ പാകത്തിൽ അയാൾക്കു ജൈവിക പരിണാമം സംഭവിച്ചിരിക്കുന്നു.
അടുത്ത തട്ടിൽ ഇരിക്കുന്നത്..
ചിന്തകൾ ഈ സാർവത്രിക ഗോളത്തിലേക്ക് ഏതോ അജ്ഞാത കേന്ദ്രത്തിൽനിന്നും അയക്കുന്നതാണെന്നും ഇവിടെയുള്ള സകല ജീവജാലങ്ങളും  അത് സ്വീകരിക്കാൻ സംവിധാനിച്ചുകൊണ്ടാണ് ജന്മമെടുക്കുന്നതെന്നും അതിന് ചേരുംവിധത്തിലുള്ള സിഗ്‌നൽസ്  ഫ്രീക്വൻസി സെറ്റ് ചെയ്യപ്പെട്ടവരിലേക്കു അത് കടന്നുപോകുന്നുവെന്നും അങ്ങനെ അത് അയാളുടെ മാത്രം ചിന്തയാകുന്നുവെന്നും ഒരേകാര്യം അനേകം പേർക്ക് തോന്നുന്നത് കോമൺ  സിഗ്‌നൽ ഫ്രീക്വൻസിയുടെ രഹസ്യമില്ലായ്മയും ഒരാളുടെ മാത്രം ചിന്തയാകുന്നത് അതിന്റെ ഏറ്റവും ലളിതവും എന്നാൽ അപൂർവ്വവുമായ ലോജിക്കില്ലായ്മയുമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന പാതി ശാസ്ത്രവും പാതി ഭ്രാന്തും കൊണ്ടാണീ ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ആമുഖത്തോടെ തുടങ്ങുന്ന പുസ്തകമാണ്.
അയാൾ അരികിലെത്തുമ്പോൾ പുസ്തകം ഒന്നു ഞെരങ്ങി.. വിഴുങ്ങിയാൽ തൊണ്ടകീറി മരിക്കുമെന്ന ഭയം കലർന്നൊരു ഭീഷണി പോലെ ലോഹച്ചട്ടകൾ വിടർത്തി ജീവൻ കൊഴിയാറായ ഒരു ശരീരത്തിലേക്ക് ആർത്തിയോടെ ചിറകനക്കി നടന്നടുക്കുന്ന കഴുകനെപ്പോലെ ആ പുസ്തകം അയാൾക്കരികിലേക്കു നീങ്ങുന്നു. വായിക്കാനും വായിക്കപ്പെടാനുമുള്ള ആസക്തികൾ.. അയാളും പുസ്തകവും പങ്കു വെക്കുന്ന നിമിഷങ്ങൾ. കൊല്ലാനും കൊല്ലപ്പെടാനും ഉള്ള അതിസങ്കീർണ സാധ്യതകൾ..
ആ രാത്രി ഏകാന്തതയിൽ ഒരാൾപോലും വായിച്ചിട്ടില്ലാത്ത
ആ പുസ്തകം വായിച്ചുകഴിഞ്ഞു... അയാൾ... ഞാൻ..നിങ്ങൾ...  അത്  പങ്കുവെക്കുന്നു..
അതേ ഇന്നുവരെ ആരും വായിച്ചിട്ടില്ലാത്ത ആ പുസ്തകത്തിലെ അവസാന താളുകൾ വായിച്ചു തീർത്തത് നിങ്ങളാണ്്്, ഈ നിമിഷം.

Latest News