Sorry, you need to enable JavaScript to visit this website.

ചെറുവയൽ രാമന്റെ നെൽവിപ്ലവം

മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയൽ തറവാട്ടിലാണ് രാമൻ എന്ന പ്രിയപ്പെട്ടവരുടെ രാമേട്ടൻ ജനിച്ചത്. അപൂർവ്വയിനം വിത്തിനങ്ങളുടെ കാവൽക്കാരനായിട്ടാണ് ഇദ്ദേഹത്തെ ലോകമെങ്ങും അറിയപ്പെടുന്നത്.  ചെറുവയലിലെ കുറിച്യ തറവാട്ടിലേയ്ക്ക് ഈ അംഗീകാരമെത്തുമ്പോൾ അത് ഏറ്റവും അർഹതപ്പെട്ട കൈകളിൽ തന്നെയാണ് എത്തിയതെന്ന ആഹ്ലാദത്തിലാണ് വയനാട്ടിലെ ഓരോ മനുഷ്യനും.
ഇരുപത് ഏക്കർ സ്ഥലം കുടുംബസ്വത്തായുണ്ടെങ്കിലും ഇന്നും പുല്ലുമേഞ്ഞ കുടിലിൽ ജീവിതം നയിക്കുന്ന ഈ കർഷകൻ കാലത്തെ ചെറുത്തുതോല്പിക്കുകയാണ്. നൂറുവർഷം മുൻപ് വയനാട്ടിൽ കൃഷി ചെയ്തിരുന്ന നൂറിൽപരം നാടൻ വിത്തിനങ്ങളിൽ ഇന്നും മുപ്പത്തിരണ്ടെണ്ണം കൃഷിയിറക്കുന്നുണ്ട് അദ്ദേഹം. സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും സങ്കരയിനം വിത്തുകൾ ഉപയോഗിക്കാൻ അദ്ദേഹം തയ്യാറല്ല. പ്രതികൂല കാലാവസ്ഥയോടും വിനാശകാരികളായ പക്ഷിമൃഗാദികളേയും വെല്ലുവിളിച്ചാണ് രാമേട്ടൻ തന്റെ കൃഷിയിടത്തിൽ രാപ്പകൽ യുദ്ധം തുടരുന്നത്.
ചെറുവയൽ വീട്ടിൽ തന്നെ കാണാനെത്തുന്നവരോടെല്ലാം തനതുകൃഷിയുടെ മൂലമന്ത്രം പകർന്നുനൽകുന്നതിൽ ശ്രദ്ധാലുവാണ് അദ്ദേഹം. പൈതൃക നെൽവിത്ത് സംരക്ഷകൻ എന്നതിലുപരി കൃഷിയിലൂടെ ജീവിതം മുന്നോട്ടു നയിക്കുന്ന അപൂർവ്വം കൃഷിക്കാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. കൃഷിയെ ആശ്രയിച്ച് ജീവിതം നയിക്കുന്നവരുടെ അവസാനകണ്ണികളിലൊരാൾ.
പുരസ്‌കാരവാർത്തയറിഞ്ഞ്്  രാത്രി ഏറെ വൈകിയും അഭിനന്ദനപ്രവാഹമാണ് ഈ മനുഷ്യനെ തേടിയെത്തുന്നത്. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം നേരിട്ടുവന്നാണ് അഭിനന്ദനമറിയിക്കുന്നത്. ഒരു ദേശം മുഴുവൻ ഈ കർഷകനു ലഭിച്ച അംഗീകാരത്തിൽ ആഹ്ലാദചിത്തരാണ്. ഒരു വിളവെടുപ്പ് ഉത്സവത്തിന്റെ പ്രതീതിയിലാണ് ആ നാട്. വയൽക്കാഴ്ചകൾ കൈമോശം വന്നുകൊണ്ടിരിക്കുന്ന കാലത്തും അവയെ സംരക്ഷിച്ചുനിർത്തുന്ന ഇദ്ദേഹം അഭിനന്ദനങ്ങൾക്കെല്ലാം നന്ദി പറയുകയാണ്. പാരമ്പര്യത്തനിമ പേറുന്ന, വൈക്കോൽ മേഞ്ഞ വീട്ടിൽ വയനാട്ടുകാരുടെ നെല്ലച്ഛൻ ആഹ്ലാദചിത്തനായി ഇരിക്കുന്നു.


ചെറുവയൽ കുറിച്യ തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ലാണ് രാമേട്ടന്റെ ജനനം. കൃഷി കണ്ടുവളർന്ന കുട്ടിക്കാലം. പത്താം വയസ്സിൽ തുടങ്ങിയ കൃഷിപ്പണികൾ. കമ്മന നവോദയ എൽ.പി. സ്‌കൂളിൽ അഞ്ചാം തരം വരെ പഠിച്ച രാമേട്ടന്് പിന്നീട് കൃഷിയിടങ്ങളായിരുന്നു പഠനകേന്ദ്രം. പട്ടിണിയും പ്രാരാബ്ധങ്ങളും പ്രതികൂല ഘടകങ്ങളും ഒത്തുചേർന്നുവന്നപ്പോൾ സാധാരണ ആദിവാസി കുട്ടികളെപ്പോലെ കന്നുകാലി പരിചരണത്തിലേയ്ക്കും കൃഷിപ്പണിയിലേയ്ക്കും കടന്നുചെന്ന ബാല്യകാലം. പതിനേഴാം വയസ്സിൽ അമ്മാവന്റെ മരണത്തോടെയാണ് സജീവമായി കൃഷിക്കളത്തിലേയ്ക്കിറങ്ങുന്നത്. കുറിച്യ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതലക്കാരനായി മാറുകയായിരുന്നു അദ്ദേഹം. കുട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന തറവാട്ടിൽ അമ്മാവൻ നോക്കിനടത്തിയിരുന്ന ചുമതലകളെല്ലാം രാമേട്ടന് ഏറ്റെടുക്കേണ്ടിവന്നു. ഏക്കറു കണക്കിന് ഭൂമിയും കന്നുകാലികളും പാരമ്പര്യമായി സൂക്ഷിച്ചുപോന്ന നെൽവിത്തുകളുടെയെല്ലാം സംരക്ഷണ ചുമതല രാമേട്ടനിൽ വന്നുചേരുകയായിരുന്നു. മാത്രമല്ല, എഴുപതിലധികം കുടുംബങ്ങളുടെ നാഥനായി അദ്ദേഹം ചുമതലക്കാരനായി.
മുഴുവൻ സമയവും കൃഷിയിൽ വ്യാപൃതനായതോടെ ഉന്നത വിദ്യാഭ്യാസമെന്നത് വിദൂരസ്വപ്‌നമായി അവശേഷിച്ചു. എങ്കിലും അനുഭവങ്ങളുടെ തീച്ചൂളയിലൂടെ നേരിട്ടറിഞ്ഞ അറിവുകൾ ഉന്നത വിദ്യാഭ്യാസത്തേക്കാൾ പകിട്ടേറെയുള്ളതായിരുന്നു. കാലം പുരോഗമിച്ചപ്പോൾ കൃഷിയിലും ഹൈബ്രിഡുകളായ പലതരം ജനിതക വിത്തുകളും വിപണിയിലെത്തിയെങ്കിലും രാമേട്ടൻ തനതു കൃഷിരീതിയിൽ ഉറച്ചുനിന്നു. പൈതൃകമായി ചെയ്തുപോരുന്ന കൃഷിരീതികളും വിത്തിനങ്ങൾ സൂക്ഷിച്ചുവച്ചുമാണ് ഇദ്ദേഹത്തിന്റെ കൃഷിരീതി. ഓരോ വിളവെടുപ്പിനുശേഷവും അടുത്ത തവണത്തേയ്ക്കുള്ള വിത്തുകൾ പത്തായത്തിൽ സൂക്ഷിച്ചുവച്ചാണ് അദ്ദേഹം കൃഷിയിറക്കിയത്. വളപ്രയോഗത്തിന്റെയോ കീടനാശിനി പ്രയോഗത്തിന്റെയോ സംരക്ഷണമില്ലാതെയുള്ള കൃഷിരീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ജൈവകൃഷി നാട്ടിൽ പ്രചുരപ്രചാരം നേടുന്നതിന് എത്രയോ കാലം മുൻപുതന്നെ രാമേട്ടൻ പൂർണ്ണ ജൈവകർഷകനായി മാറിയിരുന്നു.
കുംഭമഴ, മേടമഴ, മിഥുനമഴ, കർക്കിടമഴ, തുലാവർഷം, ചിങ്ങമഴ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മഴയെയും കാലാവസ്ഥയെയും ആശ്രയിച്ചായിരുന്നു രാമേട്ടൻ നെൽകൃഷി നടത്തിയിരുന്നത്. ഓരോ നെൽവിത്തിനും അനുയോജ്യമായ കാലാവസ്ഥയ്ക്കനുസരിച്ചായിരുന്നു വിത്തു വിതച്ചിരുന്നത്.
കൃഷിയെയും പരിസ്ഥിതിയെയും ജീവനുതുല്യം സ്‌നേഹിച്ച ഈ കർഷകൻ ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ ശബ്ദമായി മുഴങ്ങിയത് ചരിത്രനിയോഗം. 2011ൽ ഹൈദരാബാദിൽ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിലും കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച് ഈ വയനാട്ടുകാരൻ ഗോത്രത്തലവനുണ്ടായിരുന്നു. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജിനോം സേവ്യർ പുരസ്‌കാരം, ജനിതക സംരക്ഷണ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ഈ കർഷകനെ തേടിയെത്തിയിരുന്നു. തൃശൂർ കാർഷിക സർവ്വകലാശാലാ സെനറ്റ് അംഗമായ ഇദ്ദേഹത്തിന്റെ കാർഷിക അനുഭവങ്ങൾ അറിയാനും വിത്തിനങ്ങളെക്കുറിച്ച് പഠിക്കാനും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ആളുകൾ ഈ പുൽക്കുടിലിലെത്തുന്നു.
ഇന്നത്തെ തലമുറയ്ക്ക് കേട്ടറിവുപോലുമില്ലാത്ത നിരവധി നെൽവിത്തുകൾ അദ്ദേഹത്തിന്റെ ധാന്യശേഖരത്തിലുണ്ട്. അവയിൽ കുന്നുകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങി അന്യംനിന്നുപോയ അമ്പതിൽപ്പരം നെൽവിത്തുകൾ അദ്ദേഹം തന്റെ വീട്ടിലെ പത്തായത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. തന്റെ കൈവശമുള്ള നെൽവിത്തുകൾ വാങ്ങാനെത്തുന്നവരിൽനിന്നും അദ്ദേഹം പ്രതിഫലം വാങ്ങാറില്ല. മാത്രമല്ല, തനിക്ക് ലഭിച്ച അംഗീകാരങ്ങൾ സൂക്ഷിക്കാൻ പോന്ന വീടില്ലെന്ന പരിഭവവും ഇദ്ദേഹത്തിന് ലവലേശമില്ല.


ഇന്നത്തെ മുഴുവൻ സമയ കർഷകർ പലരും അറുപതോ എഴുപതോ വയസ്സുള്ളവരാണെന്നും അവർ കൃഷിയിടങ്ങളിൽനിന്നും മാറുന്നതോടെ കാർഷിക മേഖല വലിയ പതനത്തിലേയ്ക്കാകും എത്തിച്ചേരുകയെന്നും ഈ കർഷകൻ വേവലാതിപ്പെടുന്നു. കർഷകർക്ക് ശമ്പളം നൽകുന്ന രീതി സർക്കാർ കൊണ്ടുവന്നാൽ യുവാക്കൾ കാർഷിക മേഖലയിലേയ്ക്ക് ആകൃഷ്ടരാവുമെന്നും കൃഷി കൂടുതൽ ഊർജിതമാവുകയും ചെയ്യും. ഇവരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചാൽ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വുകൾ കാണാനാവും. ഇന്നത്തെ യുവത്വം മികച്ച ശമ്പളം തേടിയാണ് വിദേശരാജ്യങ്ങളിലേയ്ക്കു കുടിയേറിപ്പോകുന്നത്. ഇതിന് അറുതി വരുത്തണമെങ്കിൽ അവർക്ക് ഇവിടെ മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കണം. തനിക്കു ലഭിച്ച ഈ അംഗീകാരം ഇവിടത്തെ യുവാക്കൾക്കും പ്രചോദനമാകട്ടെ എന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു.
ആദ്യകാലത്ത് തന്റെ വിത്തു സംരക്ഷണ പ്രവർത്തനങ്ങളോട് പലരും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ അടുത്ത കാലത്തായി സർക്കാരിന്റെ ഭാഗത്തുനിന്നുപോലും ശുഭകരമായ നീക്കമാണ് നടക്കുന്നത്. ജൈവകൃഷിയെക്കുറിച്ചും പാരമ്പര്യ നെൽവിത്തുകൾ സംരക്ഷിക്കുന്നതിനെക്കുറിച്ചുമെല്ലാം അവരും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. കൃഷിവകുപ്പും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിത്തുത്സവം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നു. വിഷമില്ലാത്ത ഭക്ഷണം കഴിക്കണമെന്ന ചിന്ത ജനങ്ങളിലും വേരൂന്നിത്തുടങ്ങിയിരിക്കുന്നു. വേവിച്ച ഭക്ഷണം രണ്ടു മണിക്കൂറിനുള്ളിൽ കഴിക്കണമെന്നതും അടുത്ത കാലത്തായി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നു.
മായമില്ലാത്ത ഭക്ഷണത്തിന്റെ പ്രസക്തി മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിച്ചിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ തിരിച്ചറിവ് ജനങ്ങളിലെത്തിക്കാനാണ് ഞാനും ഇക്കാലമത്രയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശ്രമം ഫലപ്രാപ്തിയിലെത്തിയതിന്റെ ചാരിതാർത്ഥ്യത്തിലാണിപ്പോൾ. പത്മശ്രീ അവാർഡ്  ആ തിരിച്ചറിവിനുള്ള അംഗീകാരം കൂടിയാണ്. എഴുപതു പിന്നിട്ട രാമേട്ടൻ പറയുന്നു.
രാമേട്ടന്റെ വീടിനുമുണ്ട് മഹത്വം. ചെളിമണ്ണും വയ്‌ക്കോലും ചൂരലും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് വീടിന്റെ ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്. ഈട്ടിയും മുളയും കൊണ്ടുള്ള മേൽക്കൂര. ഏതു പ്രകൃതിക്ഷോഭത്തെയും ചെറുക്കാനുള്ള കരുത്ത് ഈ കുടിലിനുണ്ട്. നല്ല കല്ലൻ മുള വെട്ടിയെടുത്ത് ഒരു മാസത്തോളം വെള്ളത്തിലിട്ട് കുതിർത്ത് തീയിൽ ചൂടാക്കിയെടുത്താണ് പണ്ടുള്ളവർ വീടിന്റെ മേൽക്കൂര പണിയാൻ ഉപയോഗിച്ചിരുന്നതെന്ന് രാമേട്ടൻ പറയുന്നു. ഇരുമ്പുപോലെ ബലമുള്ള ഇത്തരം മുളകൾക്ക് അഞ്ഞൂറു വർഷം കഴിഞ്ഞാലും യാതൊരു കേടുപാടും സംഭവിക്കില്ല. മാത്രമല്ല, എത്ര കടുത്ത വേനലിലും ഈ വീട്ടകങ്ങളിൽ നല്ല തണുപ്പാണ് അനുഭവപ്പെടുക. മഴക്കാലമാണെങ്കിൽ നല്ല ചൂടും. കാറ്റിനെയും മഴയെയും വെയിലിനെയും പ്രളയങ്ങളെയുമെല്ലാം അതിജീവിച്ചുള്ള നില്പാണ് പ്രകൃതിയുടെ വരദാനമായ പുല്ലുമേഞ്ഞ ഈ കൊച്ചുകുടിലിനുള്ളത്.
ഭാര്യ ഗീതയും മക്കളായ രമേശനും രാജേഷും രമണിയും അജിതയുമെല്ലാം അച്ഛന്റെ കൃഷിരീതികൾക്ക് പൂർണ്ണപിന്തുണയുമായി കൂടെയുണ്ട്.
ജീവിതാനുഭവങ്ങൾ നൽകിയ അറിവിന്റെ കരുത്തിലൂടെ അക്കാദമിക് രംഗത്തെ പ്രഗത്ഭരെപ്പോലും അദ്ഭുപ്പെടുത്തുന്ന ഇദ്ദേഹം, മനുഷ്യൻ കാർഷിക സംസ്‌കാരത്തിലൂടെയാണ് പരുവപ്പെടേണ്ടതെന്ന ചിന്താഗതിക്കാരനാണ്. മനുഷ്യമനസ്സിൽ നന്മകൾ നിറയ്ക്കാനുള്ള ആയുധം അക്ഷരങ്ങളും കൃഷിയുമാണെന്ന വിശ്വാസവും ഇദ്ദേഹം വെച്ചുപുലർത്തുന്നുണ്ട്. ഈ വൈകിയ വേളയിലെങ്കിലും രാജ്യം പത്മശ്രീ അംഗീകാരം നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രാമേട്ടന്റെ ഫോൺ നമ്പർ: 8281556350.

Latest News