ലൈംഗികാവയവത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ 11 സുഡാനി വനിതകള്‍ മുംബൈയില്‍ പിടിയില്‍

മുംബൈ- ഷാര്‍ജയില്‍ നിന്നും മുംബൈയിലെത്തിയ വിമാനത്തില്‍ സഞ്ചരിച്ച 11 സുഡാനി വനിതകള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 4.14 കോടി രൂപ വിലമതിക്കുന്ന 8.3 കിലോ സ്വര്‍ണം പിടികൂടി. 

ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരികളുടെ ലൈംഗികാവയവത്തില്‍ കാപ്‌സ്യൂള്‍ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഇത്തരത്തില്‍ 31 കാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. അടുത്ത കാലത്തായി 11 വിദേശികളെ ഒരുമിച്ച് കള്ളക്കടത്തില്‍ പിടികൂടുന്ന ആദ്യത്തെ സംഭവമാണിത്. 

സുഡാനി വനിതകള്‍ക്ക് 30നും 50നും ഇടയിലായിരുന്നു പ്രായം. മെഴുക് രൂപത്തില്‍ കാപ്‌സ്യൂള്‍ ആകൃതിയില്‍ ശരീരത്തില്‍ ടേപ്പുകള്‍ ഉപയോഗിച്ചാണ് ചേര്‍ത്തുവെച്ചത്. കൗതുകകരമായ കാര്യം ഒരേ വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെങ്കിലും മറ്റുള്ളവരും കള്ളക്കടത്ത് സ്വര്‍ണം കൊണ്ടുപോകുന്നതായി പരസ്പരം അറിയുമായിരുന്നില്ലെന്നതാണ്. ലാഭകരമായ കമ്മീഷനില്‍ ആകര്‍ഷിക്കപ്പെട്ടാണ് ഇവര്‍ ഓരോരുത്തരും സ്വര്‍ണം കടത്താന്‍ തയ്യാറായതെന്നാണ് ലഭ്യമാകുന്ന വിവരം. 

ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നു. എന്നാല്‍ കള്ളക്കടത്ത് സ്വര്‍ണം ഓരോരുത്തരിലും ഒരു കോടി രൂപയുടേത് ഇല്ലാത്തതിനാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ ഒരു യുവതിയെ മാത്രമാണ് അറസ്റ്റ് ചെയ്തതെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.

Latest News