രാജ്യാന്തര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് ശിശുക്കളായിരിക്കാം. പക്ഷെ കൗമാരം വിട്ടിട്ടില്ലാത്ത അവരുടെ നായകന് റാഷിദ് ഖാന് ശിശുവല്ല. വന്മരങ്ങളെ പിഴുതെറിയാന്‍ കെല്പുള്ള സ്പിന്‍ മാന്ത്രികനാണ്. വിരലുകളില്‍ ഒളിപ്പിച്ചു വെച്ച ലെഗ്സ്പിന്‍ വിരുതു കൊണ്ട് ഒറ്റക്ക് ഒരു മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭ. അതിലുപരി അവസരത്തിനൊത്തുയരുന്ന ഒരു ഒന്നാം കിട ഓള്‍റൗണ്ടര്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ കൊല്‍ക്കത്തയെ വീഴ്ത്തി സണ്‍ റൈസേഴ്സ് ഹൈദരബാദ് ഫൈനലിലേക്ക് ടിക്കറ്റ് വാങ്ങിയത് റാഷിദ് ഖാന്റെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലായിരുന്നു. 10 പന്തില്‍നിന്ന് 34 റണ്‍സ്, മൂന്ന് എണ്ണം പറഞ്ഞ വിക്കറ്റുകള്‍, രണ്ട് ഉജ്വല ക്യാച്ച്. ട്വന്റി 20 യില്‍ ഇതുപോലൊരു പ്രകടനം അവിശ്വസനീയം അല്ലാതെ മറ്റെന്താണ്? മൂന്നു വര്‍ഷം മുമ്പ് രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പയ്യന് ഇതിനകം 100 വിക്കറ്റ് കീശയിലാക്കിക്കഴിഞ്ഞു.
കുട്ടി ക്രിക്കറ്റില്‍ ലോക നമ്പര്‍ വണ്‍ ബൗളറുമാണ്. സാക്ഷാല്‍ ഷെയ്ന് വോണും മുത്തയ്യ മുരളീധരനുമൊക്കെ അരങ്ങൊഴിഞ്ഞത്തോടെ സ്വല്പം ദരിദ്രമായ സ്പിന്‍ ബൗളിംഗ് അരങ്ങില്‍ ഇനി റാഷിദ് ഖാന്റെ യുഗമാണ് വരാനിരിക്കുന്നത്. വിശേഷിച്ചും അഫ്ഗാന് ടെസ്റ്റ് ക്രിക്കറ്റ് പദവി സ്വന്തമാക്കിയ സാഹചര്യത്തില്‍. ലെഗ് സ്പിന്നിലെ ന്യൂജന്‍ തന്ത്രങ്ങളുമായി ബാറ്റ്സ്മാന്മാരുടെ മുട്ടിടിപ്പിക്കുന്ന റാഷിദിന് മുന്നില്‍ ഇനി എത്ര വര്‍ഷങ്ങളുടെ കളി ബാക്കിനില്ക്കുന്നു?






