Sorry, you need to enable JavaScript to visit this website.

സുന്ദറിന്റെ വെടിക്കെട്ട് വിഫലം, അനായാസ വിജയവുമായി കിവീസ്

റാഞ്ചി - ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിന്  21 റണ്‍സ് ജയം. അവസാന ഓവറില്‍ അര്‍ഷദീപ് സിംഗ് 27 റണ്‍സ് വഴങ്ങിയതോടെ ആറിന് 176 എന്ന മികച്ച സ്‌കോറിലെത്തിയ കിവീസ് ഇന്ത്യയുടെ മുന്‍നിരയെ 15 റണ്‍സെടുക്കുമ്പോഴേക്കും മടക്കി. മൂന്നിന് 15 ല്‍ നിന്ന്  സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും കിവീസ് ബൗളര്‍മാര്‍ സംയമനം കാത്തു. അവസാന ഓവറുകളില്‍ മൂന്നു സിക്‌സറുകള്‍ പായിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ 25 പന്തില്‍ അര്‍ധ സെഞ്ചുറിയിലേക്ക് (50) കുതിച്ചെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. സ്‌കോര്‍: ന്യൂസിലാന്റ് ആറിന് 176, ഇന്ത്യ ഒമ്പതിന് 155.
ഓപണര്‍ ഡെവോണ്‍ കോണ്‍വെയും (35 പന്തില്‍ 52) ഡാരില്‍ മിച്ചലുമാണ് (30 പന്തില്‍ 59 നോട്ടൗട്ട്) ന്യൂസിലാന്റിനെ മികച്ച സ്‌കോറിലേക്ക നയിച്ചത്. അര്‍ഷദീപ് സിംഗ് അവസാന ഓവറില്‍ 27 റണ്‍സുള്‍പ്പെടെ നാലോവറില്‍ 51 റണ്‍സ് വഴങ്ങി. പതിമൂന്നാം ഓവറിലാണ് ന്യൂസിലാന്റ് 100 പിന്നിട്ടത്. കുല്‍ദീപ് യാദവാണ് (4-0-20-1) നന്നായി പന്തെറിഞ്ഞത്. 
ഇന്ത്യക്ക് ഇശാന്‍ കിഷനെയും (4) ശുഭ്മന്‍ ഗില്ലിനെയും (7) രാഹുല്‍ ത്രിപാഠിയെയും (0) തുടക്കത്തിലേ നഷ്ടപ്പെട്ടു. സൂര്യകുമാര്‍ യാദവും (34 പന്തില്‍ 47) ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (20 പന്തില്‍ 21) അതിവേഗം സ്‌കോര്‍ ചെയ്‌തെങ്കിലും കിവീസ് തിരിച്ചുവന്നു. സൂര്യകുമാറിനെ ഈസ് സോധിയും ഹാര്‍ദിക്കിനെ മൈക്കിള്‍ ബ്രെയ്‌സ്‌വെലും തുടര്‍ച്ചയായ ഓവറുകലില്‍ പുറത്താക്കി. പിന്നീട് വാഷിംഗ്ടണ്‍ സുന്ദര്‍ ആഞ്ഞടിച്ചെങ്കിലും പരാജയഭാരം കുറക്കാനേ അത് സഹായിച്ചുള്ളൂ. 
 

Latest News