ന്യൂദല്‍ഹി- ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്. സി. ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ. കൂടിക്കാഴ്ചയ്ക്കായി മെയ് ആദ്യവാരം ഗോവ സന്ദര്‍ശിക്കാന്‍ പാകിസ്ഥാന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്ക് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് വഴി വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ക്ഷണം അയച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മെയ് 4, 5 തിയ്യതികളാണ് യോഗത്തിന് പരിഗണിക്കുന്നത്. പാകിസ്താന് ക്ഷണം സ്വീകരിക്കുകയാണെങ്കില്‍ 12 വര്‍ഷത്തിന് ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്ശനമാകുമത്. 2011 ജൂലൈയില്‍ ഹിന റബ്ബാനി ഖര് ആയിരുന്നു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച പാക് വിദേശകാര്യ മന്ത്രി.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവ ഉള്‍പ്പെടുന്നതാണ് എസ്. സി. ഒ. മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ചൈനയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ക്കും സമാനമായ ക്ഷണങ്ങള്‍ അയച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. 2015 ഓഗസ്റ്റില്‍ പാകിസ്ഥാന് വിദേശകാര്യ മന്ത്രി സര്‍താജ് അസീസിന് ഇന്ത്യ ക്ഷണം നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ വിദേശകാര്യ മന്ത്രി അന്തരിച്ച സുഷമ സ്വരാജ് ഇന്ത്യയിലെ ഹുറിയത്തിനെ കാണുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അസീസിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കി.
2015 ഡിസംബറില്‍ ഇസ്ലാമാബാദില് നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സിനായി സുഷമ സ്വരാജ് ആയിരുന്നു അവസാനമായി പാകിസ്ഥാന് സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി. തുടര്‍ന്ന്, പത്താന്‍കോട്ട് (ജനുവരി 2016), ഉറി (സെപ്റ്റംബര്‍ 2016), പുല്‍വാമ (ഫെബ്രുവരി 2019) എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണത്തോടെ ഉഭയകക്ഷി ബന്ധം വഷളായി. നയതന്ത്രബന്ധങ്ങള്‍ തരംതാഴ്ത്തുന്നതിനും വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനും ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനും അതിര്‍ത്തി കടന്നുള്ള എല്ലാ ബസ്, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കുന്നതിനും കാരണമായ ജമ്മു കശമീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കൂടുതല്‍ അകന്നു.
ഈ മാസമാദ്യം 'കശ്മീര്‍ പോലുള്ള കത്തുന്ന വിഷയങ്ങളില്‍' മോഡിയുമായി 'ഗുരുതരവും ആത്മാര്‍ഥവുമായ ചര്‍ച്ചകള്‍' നടത്തണമെന്ന് ഷെരീഫ് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവ കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് ജനങ്ങള്‍ക്ക് കൊണ്ടുവന്നതെന്നും പാഠം പഠിച്ചതായും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യയുമായി സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ുമാണ് പാക് പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞത്.






