Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ ഫുട്‌ബോള്‍ ഭ്രമം വിസ്മയിപ്പിക്കുന്നു-മെസ്സി

'കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ഞാന്‍ എല്ലാം മറക്കും. ഒരുപാട് ആസ്വദിച്ചാണ് ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്നത്, ഓരോ തവണയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ശ്രമിക്കും. ചിലപ്പോള്‍ അത് ശരിയാകും, ചിലപ്പോള്‍ പാളിപ്പോകും. എന്തായാലും ഏറ്റവും നന്നായി കളിക്കാനും അത് ആസ്വദിക്കാനും  ഓരോ തവണയും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കാരണം, കുട്ടിക്കാലം മുതലേ കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ.' ബൈജൂസ് സഹസ്ഥാപകയായ ദിവ്യ ഗോകുല്‍നാഥുമായി നടത്തിയ സംഭാഷണത്തില്‍ ലയണല്‍ മെസ്സി മനസ്സുതുറന്നു.

ലോകകപ്പിന് ശേഷം ഏറ്റവും മികച്ച കളിക്കാരന്‍ എന്ന പദവി ഒന്നുകൂടി അടിവരയിട്ടുറപ്പിച്ച, ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരുള്ള ഈ അര്‍ജന്റീന താരം തന്റെ ഫുട്‌ബോള്‍ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളെയും താഴ്ചകളെയും കുറിച്ച് ഈ അഭിമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. ഏറെ സമ്മര്‍ദ്ദം നിറഞ്ഞ കളികള്‍, ആരാധകരുടെ പ്രതീക്ഷകള്‍ എന്നിവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിന് വിശദമായി മറുപടി നല്‍കിയ മെസ്സി, കുട്ടിക്കാലം മുതല്‍ ഫുട്‌ബോള്‍ മാത്രമായിരുന്നു ഒരേയൊരു സ്വപ്നം എന്നും പറഞ്ഞു. ഇന്ത്യയില്‍ കളിച്ചത് 'മനോഹരമായ ഒരോര്‍മ' യാണ് മെസ്സിക്ക്. ഫുട്‌ബോളിനോട് ഇന്ത്യക്കാര്‍ക്കുള്ള അഗാധമായ സ്‌നേഹവും ആവേശവും തന്നെ ഏറെ വിസ്മയിപ്പിക്കുകയും വിനീതനാക്കുകയും ചെയ്തു എന്നും മെസ്സി ഈ സംഭാഷണത്തില്‍ പ്രത്യേകം പറയുന്നുണ്ട്.

ആഗോളതലത്തിലെ മുന്‍നിര എഡ്‌ടെക്ക് കമ്പനിയായ ബൈജൂസിന്റെ 'എജ്യുക്കേഷന്‍ ഫോര്‍ ഓള്‍' എന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാണ് മെസ്സി. ഇന്ത്യയില്‍ 55 ലക്ഷം കുട്ടികള്‍  ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ലോകത്തെവിടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുല്യമായ തരത്തില്‍ ലഭ്യമാക്കുന്നതില്‍ തനിക്ക് അതിയായ താല്പര്യമുണ്ടെന്നും മെസ്സി പറഞ്ഞു.  ലോകത്തിലെ ഏറ്റവും മികച്ച ഈ ഫുട്‌ബോള്‍ താരത്തെ ഏറെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ  ലാളിത്യവും വിനയവുമാണ്. ദിവ്യയുമായുള്ള സംസാരത്തിലും അത് ഏറെ പ്രകടമാണ്. ഈ അഭിമുഖത്തിന്റെ മുഴുവന്‍ വിഡിയോ യൂട്യൂബില്‍ ലഭ്യമാണ്.

വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കാനും ഈ മേഖലയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനും വേണ്ടിയാണ് ബൈജൂസ് 2020ല്‍ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ ആരംഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി ബൈജൂസിന്റെ പാഠ്യ പദ്ധതികള്‍ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇന്ത്യയിലെ നാനൂറോളം ജില്ലകളില്‍ 175ലേറെ എന്‍ജിഓകളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 55 ലക്ഷം കുട്ടികളില്‍ പകുതിയും പെണ്‍കുട്ടികളാണ്, പലരും അതിര്‍ത്തി പ്രദേശങ്ങള്‍, നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നം സൃഷ്ടിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. തൊണ്ണൂറു ശതമാനം കുട്ടികളും സ്ഥിരമായി ബൈജൂസിന്റെ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.  

എല്ലാ കുട്ടികളിലേയ്ക്കും വിദ്യാഭ്യാസം എത്തിക്കാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി മെസ്സി എത്തിയത് ഏറെ ആഹ്‌ളാദവും അഭിമാനവും പകരുന്നു,' ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. 'കുട്ടികളുടെ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ അദ്ദേഹത്തിനുള്ള കാഴ്ചപ്പാട് ബൈജൂസ് കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ഈ പങ്കാളിത്തത്തിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് അറിവ് പകരാന്‍ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ എന്ന പദ്ധതിക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.'


 

Latest News