Sorry, you need to enable JavaScript to visit this website.

ഓപണര്‍മാര്‍ക്ക് സെഞ്ചുറി, റണ്‍മലയിലേക്ക് ഇന്ത്യ

ഇന്‍ഡോര്‍ - ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി മുന്നേറുന്ന ഇന്ത്യയുടെ ഓപണര്‍മാര്‍ സെഞ്ചുറി പിന്നിട്ടു. ഇരുപത്തിനാലോവറില്‍ കൂട്ടുകെട്ട് 200 പിന്നിട്ടു. രോഹിത് ശര്‍മയാണ് ആദ്യം മൂന്നക്കത്തിലെത്തിയത്. 83 പന്തില്‍ ആറ് സിക്‌സറിന്റെയും ഒമ്പത് ബൗണ്ടറിയുടെയും സഹായത്തോടെയായിരുന്നു സെഞ്ചുറി. 2020 ജനുവരിക്കു ശേഷം രോഹിതിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് ഇത്. ആകെ ഇരുപതാമത്തേതും. പിന്നാലെ ശുഭ്മന്‍ ഗില്ലും സെഞ്ചുറി തികച്ചു. 72 പന്തില്‍ നാല് സിക്‌സറിന്റെയും 13 ബൗണ്ടറിയുടെയും സഹായത്തോടെ. 26.1 ഓവറില്‍ ഇന്ത്യ ഒന്നിന് 121 ലെത്തി. രോഹിതിനെ (101) മൈക്കിള്‍ ്‌ബ്രെയ്‌സവെല്‍ ബൗള്‍ഡാക്കി. 
ഇരുപതോവറില്‍ വിക്കറ്റ് പോവാതെ സ്‌കോര്‍ 165 ലെത്തി. ഇരുവരും സെഞ്ചുറിക്കരികിലാണ്. എട്ടിന് മുകളിലാണ് റണ്‍ നിരക്ക്. ബാറ്റിംഗ് പിച്ചും ചെറിയ ബൗണ്ടറിയും വേഗമേറിയ ഔട്ഫീല്‍ഡും കാരണം ഒരു ബൗളര്‍ക്കും  റണ്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്. 
ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യ പരമ്പര നേടിയെങ്കിലും മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല. ജയിച്ചാല്‍ പരമ്പര തൂത്തുവാരുന്നതിനൊപ്പം ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താം. ന്യൂസിലാന്റിനെ മറികടക്കാം. 2002 ല്‍ കംപ്യൂട്ടര്‍ റാങ്കിംഗ് ആരംഭിച്ച ശേഷം ആറാം തവണയാണ് ഒന്നാം സ്ഥാനത്ത് പരമ്പര ആരംഭിച്ച ടീം വൈറ്റ് വാഷ് ചെയ്യപ്പെടുക. മുമ്പ് രണ്ടു തവണ ന്യൂസിലാന്റിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരിയിട്ടുണ്ട് -2010 ല്‍ 5-0, 1998-99 ല്‍ 4-0. 
27 ന് ആരംഭിക്കുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ 3-0 ന് തോല്‍പിച്ചാലേ ഇന്ത്യയെ മറികടക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കൂ. ഇന്ത്യ ആതിഥ്യമരുളുന്ന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ പുതുവര്‍ഷത്തിലെ രണ്ടാമത്തെ പരമ്പരയാണ് ഇന്ത്യ തൂത്തുവാരാനൊരുങ്ങുന്നത്. 
രണ്ട് മത്സരത്തിലും ന്യൂസിലാന്റിന്റെ മുന്‍നിര തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. ആദ്യ അഞ്ച് ബാറ്റര്‍മാര്‍ ആദ്യ കളിയില്‍ സ്‌കോര്‍ ചെയ്തത് 101 റണ്‍സായിരുന്നു, 350 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു ഇത്. രണ്ടാമത്തെ മത്സരത്തില്‍ ആദ്യ അഞ്ച് ബാറ്റര്‍മാര്‍ മൊത്തം സ്‌കോര്‍ ചെയ്തത് 11 റണ്‍സായിരുന്നു. ആദ്യ മത്സരത്തില്‍ അവരുടെ മാനം കാത്തത് മൈക്കിള്‍ ബ്രെയ്‌സ്‌വെല്‍ 78 പന്തില്‍ നേടിയ 140 റണ്‍സായിരുന്നു. രണ്ടാമത്തെ കളിയില്‍ ബ്രെയ്‌സ്‌വെലും പരാജയപ്പെട്ടതോടെ പതനം പൂര്‍ണമായി. 
ഇന്‍ഡോറിലെ പിച്ച് റണ്ണൊഴുകുന്നതാണ് എന്നതാണ് അവര്‍ക്ക് ഏക ആശ്വാസം. 2017 സെപ്റ്റംബറില്‍ ഇവിടെ നടന്ന അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ മൂന്നു ബാറ്റര്‍മാര്‍ 229 റണ്‍സടിച്ചു, ആരണ്‍ ഫിഞ്ച് സെഞ്ചുറി നേടി. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അവസാന ട്വന്റി20യില്‍ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസൊ 48 പന്തില്‍ സെഞ്ചുറിയിലേക്ക് കുതിച്ചു. രണ്ട് മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കണക്കിന് ശിക്ഷ വാങ്ങി. എന്നാല്‍ ഈ പരമ്പരയില്‍ കെയ്ന്‍ വില്യംസന്‍ ഇല്ലാത്ത ബാറ്റിംഗ് നിരയും ടിം സൗതീയും ട്രെന്റ് ബൗള്‍ടുമില്ലാത്ത ബൗളിംഗ് നിരയും ഇന്ത്യക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. 
ഐ.പി.എല്ലിന് മുമ്പ് ഇന്ത്യക്ക് ഒരു പരമ്പര കൂടിയുണ്ട്. അപ്പോഴേക്കും കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചുവരും. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ സൂര്യകുമാര്‍ യാദവിന് കിട്ടുന്ന അവസരമായിരിക്കും ഇത്. അഞ്ചാം നമ്പര്‍ ബാറ്റിംഗ് സ്ഥാനമേ ഇന്ത്യന്‍ ടീമില്‍ സൂര്യകുമാറിന് പ്രതീക്ഷിക്കാനാവൂ. വിക്കറ്റ്കീപ്പര്‍ കൂടിയാണെന്നതിനാല്‍ ആ സ്ഥാനം രാഹുലിനാണ് ലഭിക്കുക. ഈ പരമ്പരയിലെ ആദ്യ കളിയില്‍ 26 പന്തില്‍ 31 റണ്‍സെടുക്കാനേ സൂര്യകുമാറിന് സാധിച്ചുള്ളൂ, രണ്ടാമത്തെ കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. 
പരമ്പര നേടിയ സാഹചര്യത്തില്‍ ടീമില്‍ ഇന്ത്യ മാറ്റം വരുത്തി. മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും വിശ്രമം നല്‍കി. യുസ്‌വേന്ദ്ര ചഹലിനും ഉംറാന്‍ മാലിക്കിനും അവസരം നല്‍കി. ഓപണിംഗ് ബൗളിംഗ് ചുമതല ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും. വണ്‍ ചെയ്ഞ്ചായാണ് ഉംറാന്‍ ബൗളിംഗിന് വരിക. 
ടോസ് നേടിയ ന്യൂസിലാന്റ് ടീം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാത്രി മഞ്ഞില്‍ ഇന്ത്യക്ക് ബൗളിംഗ് കൂടുതല്‍ പ്രയാസമായിരിക്കും. 

Latest News