Sorry, you need to enable JavaScript to visit this website.

ഗള്‍ഫിലേക്ക് വരുന്നവര്‍ മയക്കുമരുന്ന് മാഫിയയുടെ ചതിയില്‍ പെടുന്നു, ആശങ്ക പങ്കുവെച്ച് പ്രവാസികള്‍

ദോഹ- വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ നാട്ടിലെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ ശാസ്ത്രീയ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഖത്തറിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ലഹരിക്കടത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിരവധി ഇന്ത്യക്കാരാണ് ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ പലരും അറിയാതെ ലഹരി മാഫിയുടെ ചതിയില്‍ പെട്ടവരാണ് എന്നാണ് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഡ്രഗ് സ്‌ക്രീനിങ് ശക്തമാക്കാന്‍ എയര്‍പോര്‍ട്ടുകളില്‍ അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കണം. ഇതിലൂടെ ഒരു പരിധി വരെ  ലഹരിക്കടത്ത് തടയാന്‍ സാധിക്കും. ലഹരി ഉപയോഗത്തിനും അതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കുമെതിരെ പ്രവാസി സമൂഹത്തില്‍ ശക്തമായ പ്രചരണം നടത്താന്‍ വിവിധ പ്രവാസ സംഘടനകള്‍ മുന്നോട്ടുവരണമെന്നും പിസിസി ആവശ്യപ്പെട്ടു. ലഹരി ഇടപാടുകളുമായി  ബന്ധപ്പെട്ട അതത് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെയും ശിക്ഷകളെയും കുറിച്ചും ലഹരി ഉപയോഗം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും  പ്രവാസി സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന കാമ്പയിനുകള്‍ ശക്തമായി പ്രവാസ സമൂഹത്തില്‍ നടക്കേണ്ടതുണ്ടെന്നും പ്രവാസി കോഡിനേഷന്‍ അഭിപ്രായപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട്  വിദ്യാര്‍ത്ഥികള്‍, ടാക്‌സി െ്രെഡവര്‍മാര്‍, ലേബര്‍ ക്യാമ്പ് തൊഴിലാളികള്‍ കേന്ദ്രീകരിച്ചുള്‍പ്പെടെ സാധ്യമാകുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. പ്രവാസികളുടെ  പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ  ദിവസ് പരിപാടി വെറും ചടങ്ങായി മാറുകയാണെന്നും പ്രവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. നിസാര്‍ കൊച്ചേരി അധ്യക്ഷത വഹിച്ചു.  എംപി ഷാഫി ഹാജി , ഖലീല്‍ എ. പി, സാദിഖ് ചെന്നാടന്‍, സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, നൗഫല്‍ പാലേരി, ഫൈസല്‍. കെ. ടി,  ഷാജി ഫ്രാന്‍സിസ്, ബഷീര്‍ പുത്തുപാടം, മുഹമ്മദ് കുഞ്ഞി ടി. കെ , ഹാരിസ് പി.ടി , ജാബിര്‍ പി എന്‍ എം  ,സകരിയ്യ മാണിയൂര്‍ , ഷമീര്‍ വലിയ വീട്ടില്‍ , മജീദ് അലി, അബു കെ മാണിച്ചിറ ,സുബൈര്‍ പാണ്ടവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ജനറല്‍ കണ്‍വീനര്‍ മഷ്ഹൂദ് വി.സി സ്വാഗതവും പ്രദോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News