പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണില്‍ കടത്തിയ അഞ്ച് കിലോ ഹെറോയിന്‍ പിടിയില്‍

ന്യൂദല്‍ഹി- ഡ്രോണ്‍ ഉപയോഗിച്ച് ഹെറോയിന്‍ കടത്താനുള്ള ശ്രമം പഞ്ചാബില്‍ അതിര്‍ത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും തകര്‍ത്തു. അമൃതസറിലെ ഇന്ത്യ- പാക് അതിര്‍ത്തിയ്ക്ക് സമീപമാണ് സംഭവം. 

ഡ്രോണില്‍ നിന്നും അഞ്ച് കിലോഗ്രാം ഹെറോയിന്‍ അധികൃതര്‍ പിടിച്ചെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ അമൃതസര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള കക്കര്‍ ഗ്രാമത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ട ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയതെന്ന് ഡി. ജി. പി ഗൗരവ് യാദവ് ട്വീറ്റ് ചെയ്തു.

ഡ്രോണിന്റെ ഭാഗങ്ങള്‍ യു. എസിലും ചൈനയിലുമായാണ് ഉത്പാദിപ്പിച്ചത്. ഇവ പ്രാദേശികമായി കൂട്ടിച്ചേര്‍ത്താണ് ഡ്രോണ്‍ നിര്‍മിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ ലഹരിക്കടത്ത് സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

Latest News