Sorry, you need to enable JavaScript to visit this website.

ഫസീല ചോദിക്കുന്നു: അജ്ഞാതനായ ആ സൗദി പൗരനെ ഒരു നോക്ക് കാണാനാവുമോ?

ജിദ്ദയിലെ സംഘാടകരായ ഹസൻ കൊണ്ടോട്ടി, മൻസൂർ എടവണ്ണ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച 'മ്യൂസിക്കൽ റെയിനാ ' ണ് അഷ്‌റഫ് വലിയോറയുടേയും യൂസുഫ് കോട്ടയുടേയും സഹകരണത്തോടെ വിളയിൽ ഫസീലയ്ക്ക് വർഷങ്ങൾക്ക് ശേഷം വീണ്ടും ജിദ്ദയിൽ വേദിയൊരുക്കിയത്. പഴയ തലമുറയിലെ ഗായിക ആലപ്പുഴ ഖദീജാബീഗം അവരുടെ ആതിഥേയയായി.
റിയാദിൽ സിറാജ് പാലക്കാട്, റിയാസ്, അസീസ് തുടങ്ങിയവരുടെയും ആതിഥ്യം സ്വീകരിച്ച ശേഷം ഉംറ നിർവഹിക്കുകയെന്ന ചിരകാലമോഹവുമായി വരുമ്പോഴും റിയാദിന്റെ അതിരുകളിലൂടെ സഞ്ചരിക്കുമ്പോഴും ഫസീലയുടെ മനസ്സ് അദൃശ്യനായ ഒരാളെത്തേടുന്നുണ്ടായിരുന്നു. തന്റെ ഭർത്താവ് മുഹമ്മദലിക്കയുടെ ജീവൻ രക്ഷിച്ച അജ്ഞാതനായ സൗദി പൗരനെ. 
ഇരുപത് വർഷം മുമ്പ് ഫസീലയുടെ ഭർത്താവ് മുഹമ്മദലി റിയാദിൽ നിന്ന് ലൈലാ അഫ്‌ലജിലേക്കുള്ള യാത്രക്കിടെ വലിയൊരു അപകടത്തിൽ പെട്ടു. മുഹമ്മദലി ജോലി ചെയ്ത കരീം കമ്പനിയുടെ വാഹനത്തെ മറ്റൊരു വാഹനം വന്നിടിക്കുകയും ഇവരുടെ കാർ പൂർണമായും അഗ്‌നിക്കിരയാവുകയും ചെയ്തു. മുഹമ്മദലിയുടെ സഹയാത്രികരായ മൂന്നു പേർ സംഭസസ്ഥലത്ത് തന്നെ മരണപ്പെട്ടു. അവരിൽ മറ്റൊരു മുഹമ്മദലിയുണ്ടായിരുന്നു. കമ്പനിയിലും നാട്ടിലുമെല്ലാം മുഹമ്മദലി മരണപ്പെട്ടതായി വാർത്ത പരന്നു. വാർത്ത നാട്ടിലുമെത്തി. പലരും ഇക്കാര്യം ഫസീലയെ ഒളിച്ചുവെച്ചിരുന്നുവെങ്കിലും പിന്നീട് വിവരമറിഞ്ഞ് പരിഭ്രാന്തയായ ഫസീല ദുഃഖത്തോടെ, പ്രാർഥനാ നിരതയായി. പയ്യന്നൂരിൽ മുഹമ്മദലിയുടെ വീട്ടിൽ പോയി. വൈധവ്യത്തിന്റെ വ്യഥയിൽ 'ഇദ്ദ' യെടുത്തു. 
അതിനിടെ, അഫ്‌ലജിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് അൽപം മാറിയൊരു കുറ്റിക്കാട്ടിൽ ഒരാളുടെ രൂപം ശ്രദ്ധയിൽപെട്ട സൗദി പൗരൻ അയാളെ എടുത്ത് ആശുപത്രിയിലെത്തിക്കുകയും തന്റെ ആളാണ് എന്നു പറഞ്ഞ് അഡ്മിറ്റാക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പിന്നീടാണ് അറിയുന്നത്. എല്ലുകൾ പൊട്ടുകയും ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത മുഹമ്മദലിയെ പതിനൊന്നു ദിവസവും ഐ.സി.യുവിലെത്തി ഈ സൗദി പൗരൻ സന്ദർശിക്കുകയും ഏതാണ്ട് അപകടാവസ്ഥ മാറിയെന്നറിഞ്ഞതോടെ, അപ്രത്യക്ഷനാവുകയും ചെയ്തു. മുഹമ്മദലിക്ക് ബോധം തിരികെക്കിട്ടുകയും സൗദിയെ കാണുകയും ചെയ്‌തെങ്കിലും സംസാരിക്കാനാവാഞ്ഞതിനാൽ മാലാഖയെപ്പോലെ എത്തി തന്റെ ജീവൻ രക്ഷപ്പെടുത്തിയ ആളെക്കുറിച്ച് കൂടുതലൊന്നും അറിയാൻ സാധിച്ചില്ല. പിന്നീട് വിദ്ഗധ ചികിൽസക്കായി നാട്ടിൽ കൊണ്ടുവന്ന തന്റെ ഭർത്താവിന്റെ പരിചരണം ഏറ്റെടുത്ത ഫസീലയുടെ മനസ്സിൽ ഇപ്പോഴും ആപദ്ഘട്ടത്തിലെ സഹായിയായ ആ സൗദി പൗരന്റെ അദൃശ്യമുഖം നന്ദിപൂർവം തെളിയുന്നു. എങ്ങനെയെങ്കിലും അദ്ദേഹത്തെ ഒന്ന് കണ്ട് നന്ദി പറയാൻ ഏറെ ആഗ്രഹമുണ്ട്. ഉംറ അനുഷ്ഠിച്ചപ്പോഴും ഇക്കയുടെ ഓർമയ്‌ക്കൊപ്പം ആ സൗദിയേയും ഞാനോർക്കുകയും പ്രാർഥിക്കുകയും ചെയ്തു  ഫസീല പറഞ്ഞു. 
അപകടാവസ്ഥ തരണം ചെയ്ത് മുഹമ്മദലി സൗദി വിട്ട് ദുബായിലെത്തുകയും അവിടെ ബിസിനസ് നടത്തി വരികയുമായിരുന്നു. രണ്ടു വർഷം മുമ്പ് മരണപ്പെട്ടു. മുഹമ്മദലി  ഫസീല ദമ്പതികൾക്ക് രണ്ടു മക്കൾ: ഫയാദ് അലിയും ഫാഹിമയും. ഫയാദ് അലി ദുബായിലാണ്. മുഹമ്മദ് ഫൈസാൻ അലി, മുഹമ്മദലി മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് റയ്ഹാൻ എന്നിവർ പേരക്കുട്ടികൾ.
 

Latest News