Sorry, you need to enable JavaScript to visit this website.

ഐ. എസ്. ആര്‍. ഒ ചാരക്കേസ്; ആറ് ഗൂഢാലോചന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി- ഐ. എസ്. ആര്‍. ഒ. ചാരക്കേസ് ഗൂഢാലോചനയിലെ ആറു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിജയന്‍, തമ്പി എസ്. ദുര്‍ഗാവത്ത്, മുന്‍ ഐ. ബി. ഉദ്യോഗസ്ഥന്‍ പി. എസ്. ജയപ്രകാശ്, ആര്‍. ബി. ശ്രീകുമാര്‍, വി. കെ. മൈന എന്നിവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ജാമ്യം. 

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ 27ന് ഹാജരാവണം, രാജ്യം വിട്ട് പോകാന്‍ പാടില്ല, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. 
പ്രതികള്‍ ഓരോരുത്തരും പ്രത്യേകം നല്‍കിയ ജാമ്യഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 

2021 ജൂണ്‍ 24നാണ് സി. ബി. ഐ. ഐ. എസ്. ആര്‍. ഒ. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരം ഫയല്‍ ചെയ്തത്. ശാസ്ത്രജ്ഞരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സി. ബി. ഐ. ഹൈക്കോടതിയില്‍ വാദിച്ചത്. പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സുപ്രിം കോടതി റദ്ദാക്കുകയായിരുന്നു. എന്നാല്‍ വീണ്ടും വാദം കേട്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.

Latest News