Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

സുമധുരം, സുമിയുടെ സ്വരസുധ

സുമി അരവിന്ദ്
സുമിയും കുടുംബവും
സുമി അരവിന്ദ്
സുമി അരവിന്ദ്
സുമി, ഉംറ നിർവഹിച്ച ശേഷം

 

എം.ബി.എ ബിരുദമെടുത്ത് എച്ച്.ആർ. കൺസൾട്ടന്റായി തിളങ്ങുകയും ഒപ്പം സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും മികച്ച അവതാരകയായി എത്തുകയും ചെയ്തു. സപ്തസ്വരങ്ങളുടെയും സാന്ദ്രരാഗങ്ങളുടെയും ചിറകിലേറി സംഗീതത്തിന്റെ ഉയരങ്ങളിലേക്കുള്ള വിജയക്കുതിപ്പ് തുടരുന്നു. കൊല്ലം കടയ്ക്കലിനടുത്ത ചിതറയിൽ അബ്ദുൽസലാം ഹസൻ - മാജിലത്ത് ബീഗം ദമ്പതികളുടെ മകൾ സുമി അരവിന്ദിന്റെ സംഗീത യാത്രയെക്കുറിച്ച്..

 

ജിദ്ദയിലെ പെരിന്തൽമണ്ണക്കാരുടെ കൂട്ടായ്മയായ പെൻ റിഫ് എട്ടാം വാർഷികാഘോഷത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് പ്രസിദ്ധ ഗായികയും അവതാരകയും ടെലിവിഷൻ ഹോസ്റ്റുമായ സുമി അരവിന്ദായിരുന്നു. ദുബായ് പ്രവാസിയായ അവരുടെ പാട്ടുകൾ ജിദ്ദയിലെ സഹൃദയർക്ക് ആസ്വദിക്കാനുള്ള അവസരമാണ് പെൻ റിഫിന്റെ സാരഥികളൊരുക്കിയത്.
കൊല്ലം തെന്മലയിൽ കല്ലട ഇറിഗേഷൻ പ്രോജക്ട്‌സിൽ ഉദ്യോഗസ്ഥരായിരുന്ന അബ്ദുൽസലാം ഹസന്റെയും മാജിലത്ത് ബീവിയുടെയും മകളായ സുമിക്ക് സംഗീതത്തിൽ ആദ്യശിക്ഷണം ലഭിച്ചതും ഇവരിൽ നിന്നു തന്നെയാണ്. ഇരുവരും പാട്ട് ലഹരിയായി കൊണ്ടുനടക്കുന്നവർ.

പുനലൂർ സ്‌കൂളിൽ പഠിക്കുമ്പോൾ അധ്യാപികയായ മേബിളാണ് സുമിയുടെ സ്വരസിദ്ധി തിരിച്ചറിയുകയും കർണാടക സംഗീതം അഭ്യസിക്കണമെന്ന് നിർദേശിക്കുകയും ചെയ്തത്. അവരുടെ ഉപദേശത്തിൽ ത്യാഗരാജൻ സാറിന്റെ കീഴിൽ ശാസ്ത്രീയ സംഗീതാഭ്യസനം. ഇത് സ്‌കൂൾ വിട്ട് കോളേജിലെത്തിയപ്പോഴും തുടർന്നു. ഡിഗ്രി ഫൈനൽ വരെ ത്യാഗരാജൻ സാറും പിന്നീട് തെന്മലയിലെ ശിവാനന്ദൻ സാറുമാണ് പാട്ട് പഠിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തെത്തിയപ്പോൾ പ്രസിദ്ധ ഗായിക ഓമനക്കുട്ടി ടീച്ചറുടെ (എം.ജി രാധാകൃഷ്ണൻ, എം.ജി ശ്രീകുമാർ എന്നിവരുടെ സഹോദരി) ശിഷ്യത്വം സ്വീകരിക്കാനുള്ള ഭാഗ്യം സുമിക്ക് ലഭിച്ചു. കോളേജ് പഠനത്തിനിടെ ചിട്ടയായ അഭ്യസനം ചിലപ്പോഴൊക്കെ മുടങ്ങിയെങ്കിലും കർണാടക സംഗീതത്തിന്റെ ക്ലിഷ്ടമായ പല സങ്കേതങ്ങളും സ്വായത്തമാക്കാൻ സുമിക്ക് അനായാസം സാധിച്ചു.

നിരവധി സ്റ്റേജുകളിൽ സുമിയുടെ സാന്നിധ്യം ശ്രദ്ധേയമായി. ഇതോടെ നിരവധി അംഗീകാരങ്ങൾ പഠനകാലത്ത് തന്നെ സുമിയെത്തേടിയെത്തി. ബി.ബി.എക്ക് ചേർന്നപ്പോഴും ബിസിനസ് പഠനത്തിനിടയിലും സ്വരസാധകത്തിൽ നിന്ന് പിറകോട്ട് പോയില്ല. ടി.വി ആംഗറിംഗിൽ ശ്രദ്ധേയമായ മാനറിസങ്ങൾ പ്രകടമാക്കിയിരുന്ന സനൽ പോറ്റിയാണ് സ്റ്റുഡിയോ ഫ്‌ളോറിലേക്ക് ആദ്യമായി സുമിക്ക് വാതിൽ തുറന്നുകൊടുത്തത്. സിംഗ് ആന്റ് വിൻ എന്ന ഷോയുടെ അവതാരകയായി നീണ്ട ആറര വർഷം. ഇത് സുമിയുടെ കലാജീവിതത്തിലെ നല്ലൊരു ബ്രേയ്ക്കായി. പന്തളം ബാലന്റെ മ്യൂസിക് ഷോകളിലെ സ്ഥിരം സാന്നിധ്യവും നാദിർഷായുടെ കൂടെയുള്ള സ്‌റ്റേജ് ഷോകളും സുമിയെ കേരളത്തിനകത്തും പുറത്തും ജനകീയ കലാകാരിയാക്കി മാറ്റി. കൈരളി ചാനലിലൂടെയായിരുന്നു അരങ്ങേറ്റം. മ്യൂസിക് വൈബ്‌സ് (അൺപ്ലഗ്ഡ് മ്യൂസിക്കൽ ഷോ), ട്യൂൺ ഇൻ എറ്റ് കോഫിടൈം, അമ്മ അമ്മായി അമ്മ തുടങ്ങിയ പരിപാടികൾക്കാകെ പരഭാഗശോഭ പകരുന്നതായിരുന്നു സുമിയുടെ വൈവിധ്യമാർന്ന അവതരണ രീതി. കൈരളി സിംഫണി എന്ന കൈരളി അറേബ്യയിലെ ഷോയുടെ പ്രൊഡക്ഷനിലും സുമിയുടെ പങ്കാളിത്തമുണ്ട്. മഴവിൽ മനോരമ, ഫഌവേഴ്‌സ്, ദർശന ടി.വികളിലും നിരവധി പരിപാടികളുടെ ആംഗറിംഗിന് സുമിക്ക് തുടർന്ന് അവസരങ്ങൾ ലഭിച്ചു. എൻ.ടി.വി ചാനലിൽ പിയാനോ എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


2010 ലായിരുന്നു പിന്നണിഗാന രംഗത്തേക്കുള്ള വരവ്. മസാല റിപ്പബ്ലിക് എന്ന പടത്തിൽ ഇന്ദ്രജിത് സുകുമാരനോടൊത്തുള്ള 'കളി ചിരി ചേലുള്ള...' എന്ന പാട്ട് സുമിയെ ശ്രദ്ധേയയാക്കി. ചങ്ങായീസ്, പെരുന്നാൾ കിളി, ഷീ ടാക്‌സി എന്നീ പടങ്ങളിലെ പാട്ടുകളും ഏറെ ആകർഷകമായി. ഒരു വാക്ക് മിണ്ടാതെ, കാഞ്ചനം പെയ്യുന്ന.., മുല്ലപ്പൂ ചേലുള്ള, റൺ, റൺ എന്നിവയെല്ലാം സുമിയുടെ ആലാപന വൈഭവം പ്രകടമാക്കി. ഇതിനിടെ വിസ്മയത്തുമ്പത്ത് എന്ന പടത്തിൽ അഭിനയിക്കുകയും ചെയ്തു. 
യു.എ.ഇ ഗവൺമെന്റിന്റെ സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ മികച്ച ഇന്ത്യൻ ഗായക വിഭാഗത്തിലെ പുരസ്‌കാരം ലഭിച്ചത് സുമിയുടെ ജീവിതത്തിൽ വഴിത്തിരിവായി. മികച്ച ടി.വി അവതാരകയ്ക്കുള്ള അവാർഡുകളും അവരെത്തേടിയെത്തി. യു.എ.ഇയിലെ മഹാരാഷ്ട്ര ബിസിനസ് കൺസോർഷ്യത്തിന്റെ അവാർഡും സുമിക്കായിരുന്നു.


യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ, ജി. വേണുഗോപാൽ, മനോ, ഉണ്ണിമേനോൻ എന്നിവരോടൊപ്പമെല്ലാം നിരവധി വേദികളിൽ പാടാനും സുമിക്ക് അവസരം ലഭിച്ചു. അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലെല്ലാം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള സുമി ഇതാദ്യമായണ് ജിദ്ദയിലെത്തിയത്. പെൻ റിഫ് സാരഥികളോടൊപ്പം സുമിയുടെ സുഹൃത്തും ജിദ്ദയിലെ കലാകാരിയുമായ ഡോ. ഇന്ദുചന്ദ്രയുടെയും നൗഷാദ് ചാത്തല്ലൂരിന്റെയും അതിഥിയായി അവരാദ്യമായി ജിദ്ദയിൽ പ്രോഗ്രാം അവതരിപ്പിക്കുകയായിരുന്നു. 
പരിശുദ്ധ മക്കയിൽ പോകാനും ഉംറ നിർവഹിക്കാനും സാധിച്ചതിന്റെ നിർവൃതി അവിസ്മരണീയമാണെന്ന് സുമി പറഞ്ഞു. പുണ്യഭൂമി പകർന്ന മാനസിക സംതൃപ്തിയെക്കുറിച്ച് ഉംറ കഴിഞ്ഞ് മടങ്ങവേ അവർ ഫേയ്‌സ് ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു. പ്രസിദ്ധമായ ശോഭ ഡെവലപ്പേ്‌ഴ്‌സിന്റെ ഗൾഫ് മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥനായ അരവിന്ദാണ് സുമിയുടെ ഭർത്താവ്. മകൻ ആര്യൻ, ജെംസ് മിലെനിയം സ്‌കൂൾ വിദ്യാർഥി.   
        

  

Latest News