Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോ കോളേജിലെ വിദ്യാർഥിയുടെ പെരുമാറ്റം വേദനിപ്പിച്ചു-അപർണ ബാലമുരളി

കൊച്ചി- എറണാകുളം ലോ കോളജിൽ വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളി. താൻ അഭിനയിച്ച തങ്കം എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപർണ.
ഇക്കാര്യത്തിൽ പരാതി നൽകുന്നില്ല. ഇതിന്റെ പിറകിൽ പോകാൻ സമയം ഇല്ലാത്തതുകൊണ്ടാണ്. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. 
അപർണ ബാലമുരളിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് എറണാകുളം ഗവ. ലോ കോളജ് യൂണിയൻ ഭാരവാഹികൾ. വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യൂണിയൻ ഉദ്ഘാടനത്തിന് തങ്കം സിനിമയിലെ താരങ്ങളായ വിനീതും അപർണ ബാലമുരളിയുമടക്കമുള്ളവരാണ് എത്തിയത്. അപർണ പ്രസംഗിക്കുന്നതിനിടെ വേദിയിൽ ചാടിക്കയറിയ ഒരു വിദ്യാർഥി അവരെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും അപർണ ഒഴിഞ്ഞു മാറി. വിനീത് ശ്രീനിവാസനും വിദ്യാർഥിയുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.

Latest News