Sorry, you need to enable JavaScript to visit this website.

കൗമാരക്കാരുടെ രക്ഷിതാക്കള്‍ ഇതു വായിക്കണം

നിയന്ത്രണങ്ങളോ ഉപദേശങ്ങളോ ഇഷ്ടപ്പെടാത്ത പ്രായമാണ് കൗമാരം. ഉപദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും പകരം സ്‌നേഹത്തോടെയുള്ള സമീപനമാണ് അവരോട് വേണ്ടത്. വൈകാരിക അടുപ്പവും സ്‌നേഹബന്ധവും ഉണ്ടാക്കിയെടുക്കാൻ ബോധപൂർവമായ ശ്രമം വേണം. ലഹരി ഉപയോഗം മൂലം കണ്ണീരിലായ കുടുംബങ്ങളുടെ കഥകൾ അവരുടെ മുന്നിൽ ചർച്ച ചെയ്യണം.

 

കൂടുമ്പോൾ ഇമ്പമുള്ളത് എന്നാണല്ലോ പൊതുവെ കുടുംബത്തെക്കുറിച്ച് പറയാറുള്ളത്. എന്നാൽ ഇമ്പത്തിൽ മുന്നോട്ടു പോയിരുന്ന പല കുടുംബങ്ങളിലും സന്തോഷവും സമാധാനവും തകർത്ത ഒരു പ്രധാന വിഷയമാണ് ലഹരി ഉപയോഗം. പ്രത്യേകിച്ച് കുട്ടികളിലെ ലഹരി ഉപയോഗം. കുടുംബത്തിന്റെ വിളക്കാണ് സ്ത്രീ. ഓരോ കുട്ടിയും ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിക്കുന്നത് അമ്മയുടെ മടിത്തട്ടിൽ നിന്നാണ്. അതുകൊണ്ടു തന്നെ ലഹരി ഉപയോഗത്തിലേക്ക് പുതുതലമുറ തെന്നിവീഴാതിരിക്കാൻ ഏറ്റവുമധികം ചെയ്യാനാവുക കുടുംബിനികൾക്കാണ്. 
എല്ലാ ഭവിഷ്യത്തും അറിഞ്ഞുകൊണ്ട് മക്കൾ എന്തുകൊണ്ട് ലഹരി ഉപയോഗത്തിലേക്ക് പോകുന്നു എന്നത് ഇരുത്തിച്ചിന്തിപ്പിക്കേണ്ട വിഷയമാണ്. ലഹരിയിലേക്കും മറ്റു കൊടിയ തിന്മകളിലേക്കും  കുട്ടികൾ വഴിതെറ്റിപ്പിപ്പോകുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് വീടകങ്ങളിലെ സാഹചര്യമാണ്. മാതാപിതാക്കളുടെ ശ്രദ്ധക്കുറവും സ്വന്തം മക്കൾ തിന്മയുടെ പാതയിലേക്ക് പോവില്ലെന്ന അമിത ആത്മവിശ്വാസവും കാരണം പലപ്പോഴും പ്രശ്‌നം വഷളാക്കുന്നുവെന്നു മാത്രമല്ല, തിരിച്ചുകിട്ടാനാവാത്ത വിധം കുട്ടികൾ നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് മാതാപിതാക്കൾ മിക്കപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നത് തന്നെ. 


ആദ്യം വേണ്ടത് മക്കളെ മനസ്സിലാക്കാനുള്ള മനസ്സാണ്. സ്വന്തം മക്കളെ അറിയാൻ ഗൗരവമായ ശ്രമം വേണ്ടതുണ്ട്. ഓരോ കുട്ടിയും വ്യത്യസ്തരാണ്. എന്നെ എന്റെ മാതാവ് ശ്രദ്ധിക്കുന്നുണ്ട്, വീക്ഷിക്കുന്നുണ്ട് എന്ന ചിന്ത ഒരു കുട്ടിയിൽ ഉണ്ടാവുമ്പോൾ അവനും അവളും സ്വയം ജാഗ്രത പുലർത്തും. സ്ഥിരമായി മക്കളെ നിരീക്ഷിക്കുമ്പോൾ അവരിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നമുക്ക് മനസ്സിലാവും. ആ മാറ്റങ്ങൾ നല്ലതാണോ ചീത്തയാണോ എന്നറിയുന്നതിലൂടെ അവരെ യഥാസമയത്ത് തിന്മയിൽ നിന്ന് പിന്തിരിപ്പിക്കാനും നേർവഴിയിലേക്ക് നയിക്കാനും സാധിക്കും. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മാതാപിതാക്കൾ പലപ്പോഴും മറന്നു പോവുന്ന ഒരു കാര്യമുണ്ട്. തെറ്റു കണ്ടാൽ തിരുത്തുക മാത്രമല്ല നമ്മുടെ കർത്തവ്യം. നല്ലതു കണ്ടാൽ അഭിനന്ദിക്കുക കൂടിയാണ്. കൗമാരപ്രായക്കാർ എപ്പോഴും അഭിനന്ദിക്കപ്പെടാൻ ആഗ്രഹിക്കുന്നു. നല്ലതു കണ്ടാൽ പ്രോത്സാഹിപ്പിക്കുമ്പോൾ സ്വാഭാവികമായും അവർ ആ വഴി തെരഞ്ഞെടുക്കും. 
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ലഹരി ഉപയോഗത്തിന്റെ ഭയാനതകളെക്കുറിച്ച അവബോധം കുട്ടികളിലുണ്ടാക്കാൻ ബോധപൂർവമായ ശ്രമം വേണമെന്നതാണ്. വളരെ ചെറുപ്പത്തിൽ തിന്മയിലേക്ക് പോവാനുള്ള ഒരുപാട് വഴികൾ ഇന്നത്തെ കുട്ടികൾക്കു മുന്നിൽ തുറന്നു കിടക്കുന്നുണ്ട്. കൂട്ടുകാരിൽ നിന്നും ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അവർ ലഹരി ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നുണ്ട്. ഇതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞു കൊടുക്കേണ്ട കർത്തവ്യം മാതാപിതാക്കളുടേതാണ്. 


ലഹരി ഉപയോഗം ഒരു മനുഷ്യനെ എത്രമാത്രം അപഹാസ്യനാക്കുന്നുവെന്ന് ചിത്രീകരിക്കുന്നതാണ് ഈയിടെ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമ. മദ്യാസക്തനായ വ്യക്തി കുടുംബത്തിലും സമൂഹത്തിലും പരിചിത വൃത്തങ്ങളിലും എത്ര തരംതാഴ്ന്നവനായി മാറുന്നു എന്നും ആ ദുഃസ്വഭാവം മാറ്റാൻ തീരുമാനമെടുത്തതോടെ അയാൾ എത്ര ഉയരങ്ങളിലെത്തിയെന്നും പ്രതിപാദിപ്പിക്കുന്നതാണ് യഥാർഥ സംഭവത്തെ ആസ്പദമാക്കി രചിച്ച അതിന്റെ തിരക്കഥ. ഇത്തരം സിനിമകൾ കുട്ടികളുമൊത്ത് കാണുകയും അവരുമായി ചർച്ച ചെയ്യുകയും വേണം. ലഹരി ഉപയോഗം സ്വന്തത്തിനോ കുടുംബത്തിനോ സമൂഹത്തിനോ ഒരു നേട്ടവും ഉണ്ടാക്കുന്നില്ലെന്നും പൂർണ നഷ്ടമാണെന്നും അവർക്ക് ബോധ്യപ്പെടണം. 
നിയന്ത്രണങ്ങളോ ഉപദേശങ്ങളോ ഇഷ്ടപ്പെടാത്ത പ്രായമാണ് കൗമാരം. ഉപദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും പകരം സ്‌നേഹത്തോടെയുള്ള സമീപനമാണ് അവരോട് വേണ്ടത്. വൈകാരിക അടുപ്പവും സ്‌നേഹബന്ധവും ഉണ്ടാക്കിയെടുക്കാൻ ബോധപൂർവമായ ശ്രമം വേണം. ലഹരി ഉപയോഗം മൂലം കണ്ണീരിലായ കുടുംബങ്ങളുടെ കഥകൾ അവരുടെ മുന്നിൽ ചർച്ച ചെയ്യണം. സ്വയം വില കുറഞ്ഞവരും അപഹാസ്യരും നിന്ദിക്കപ്പെടുന്നവരുമായി മാറാൻ അഭിമാനബോധമുള്ള, ആത്മാഭിമാനമുള്ള ഒരു കുട്ടിയും തയാറാവില്ല. 

 

Latest News