Sorry, you need to enable JavaScript to visit this website.

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സാന്ത്വന പരിചരണ മേഖലയില്‍ ഇടപെടലുകള്‍ നടത്താന്‍ സി പി എം

കോഴിക്കോട് :  ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ സാന്ത്വന പരിചരണ മേഖലയില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് സി പി എം സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശം. എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും ഇതിനായി പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശം. വാര്‍ഡ് തലത്തില്‍ വിവിധ ഉപകരണങ്ങള്‍ അടക്കമുള്ള സൗകര്യത്തോടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും കിടപ്പു രോഗികളെയും മറ്റും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാന്ത്വന പരിചരണ രംഗത്ത് പാര്‍ട്ടി അംഗങ്ങള്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് സംസ്ഥാന കമ്മറ്റി നേരത്തെ തന്നെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് ഉദ്ദേശിച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ വിപുലമായ രീതിയിലേക്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

സാന്ത്വന പരിചരണം പാര്‍ട്ടി അംഗങ്ങളുടെ പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സി പി എം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓരോ വീടുകളിലും കയറിയിറങ്ങി ബൂത്ത് തലത്തിലുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ നടന്നു വരികയാണ്. കിടപ്പു രോഗികളുടെയും ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചിട്ടുള്ളവരുടെയും തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത് ജനസമ്പര്‍ക്ക പരിപാടിയിലെ പ്രധാന അജണ്ടകളിലൊന്നായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ആളുകളുടെ പേരു വിവരങ്ങള്‍ അടങ്ങിയ കൃത്യമായ ഡാറ്റ ബുക്ക് തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സാന്ത്വന പരിചരണ മേഖലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞാല്‍ അത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്ന് പാര്‍ട്ടി നേതൃത്വം കണക്കു കൂട്ടുന്നുണ്ട്. വലിയ വോട്ട് ബാങ്ക് ഇതിലൂടെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്നും നേതൃത്വം വിശ്വസിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് മികച്ച രീതിയില്‍ പ്രാവര്‍ത്തികമായാല്‍ അതിന്റെ ഗുണം പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള തെരഞ്ഞെടുപ്പ് ക്ലാസുകളില്‍ നേതൃത്വം വിശദീകരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കേരളത്തിന്റെ  സാന്ത്വന പരിചരണ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി മുസ്‌ലീം ലീഗാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. ഇതേ മോഡലിലുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് സി പി എം നേതൃത്വം പറയുന്നത്. ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പോഷക സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സഹായം കൊണ്ടാണ് മുസ്‌ലീം ലീഗിന് സാന്ത്വന പരിചരണ രംഗത്ത് കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിയുന്നത്. കേരളത്തിന് പുറത്തും വിദേശ നാടുകളിലും ജോലിയെടുക്കുന്നവരും ബിസിനസ് നടത്തുന്നവരുമായ ഓരോ പ്രദേശത്തെയും ആളുകളെ കണ്ടെത്തി അവരുടെ സാമ്പത്തിക സഹായങ്ങള്‍ സാന്ത്വന പരിചരണ രംഗത്ത് ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

കിടപ്പു രോഗികളും നിര്‍ധനരായ രോഗികളും ഉള്ള വീടുകള്‍ സന്ദര്‍ശിക്കുക, അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും കൃത്യമായ വൈദ്യസഹായം ലഭിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, സാധ്യമായ രീതിയില്‍ മരുന്നുകള്‍ വാങ്ങി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. ഇതിന് പുറമെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിന് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഉള്‍പ്പെട്ട വളണ്ടിയര്‍ സേന രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന നിര്‍ധനരായ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഉച്ചഭക്ഷണം നല്‍കുന്ന 'ഹൃദയപൂര്‍വ്വം ' പദ്ധതിക്ക് 2017 ജൂണില്‍ ഡി വൈ എഫ്് ഐ രൂപം നല്‍കിയിരുന്നു. 1000 പൊതിച്ചോറുകള്‍ വീതമാണ് ഓരോ മെഡിക്കല്‍ കോളജുകളിലും പ്രതിദിനം തുടക്കത്തില്‍ നല്‍കിയിരുന്നത്. ഇത് ഇപ്പോള്‍ 4000 വെര എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ വളരെ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതേ മോഡലില്‍ യുവജന സംഘടനകളെ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് സാന്ത്വന പരിചരണ രംഗത്ത് ഇടപെടലുകള്‍ നടത്തണമെന്നാണ് സി പി എം ഉദ്ദേശിക്കുന്നത്.

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ബൂത്ത് തലങ്ങളില്‍ നടന്നു വരുന്ന വിവര ശേഖരണത്തിന് ശേഷം സാന്ത്വന പരിചരണ രംഗത്ത് എന്തെല്ലാം രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കീഴ്ഘടകങ്ങള്‍ നടത്തേണ്ടതെന്നതിനെക്കക്കുറിച്ച്  കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സി പി എം സംസ്ഥാന കമ്മറ്റി പുറപ്പെടുവിക്കും.

 

Latest News