Sorry, you need to enable JavaScript to visit this website.

സാന്ത്വന പരിചരണം എന്ന  നന്മ നശിക്കാതിരിക്കട്ടെ

തദ്ദേശ സ്ഥാപനങ്ങൾക്ക് പാലിയേറ്റീവ് വളണ്ടിയർ ഫണ്ടൊക്കെ നിലവിൽ വരുന്ന കാലം ഉടൻ വരും. നാളത്തെ രാഷ്ട്രീയത്തിന്റെ ചാലക ശക്തി തന്നെയായിരിക്കും പാലിയേറ്റീവ് പ്രവർത്തനം  എന്നുറപ്പാണ്. 

മതിലിനപ്പുറം താമസിക്കുന്നവരുടെ വേദന അറിയുമ്പോഴാണ് മനുഷ്യർ സാമൂഹ്യ ജീവികളാകുന്നത്. അറുത്ത കൈക്ക് ഉപ്പു തേക്കാത്തവരും പലിശയില്ലാതെ ചെറിയ തുക പോലും കൈമാറിക്കിട്ടാത്തവരും ജീവിക്കുന്ന ലോകം ഇരുണ്ടതായിരിക്കും. അയൽപക്കത്തുള്ള മനുഷ്യർ വല്ലതും കഴിച്ചോ, രോഗങ്ങളിൽ വലയുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കാനും സഹായിക്കാനും മനസ്സുള്ളവർ ജീവിച്ചിരിക്കുന്നതിനാലാണ് ഭൂമി ഇപ്പോഴും വാസയോഗ്യമാകുന്നത്.
സ്‌നേഹവും നന്മയും വറ്റിപ്പോകാത്ത പൊതുസമൂഹം ഇന്നും നമുക്കൊപ്പം തന്നെയുണ്ട് എന്നതിന് തെളിവാണ് ദുരന്ത കാലത്ത് കാണുന്ന സാമൂഹ്യ ജീവിതം. ക്ലേശം അനുഭവിക്കുന്ന മനുഷ്യരെ കാണുമ്പോൾ എന്തു പറ്റി എന്ന് ചോദിക്കാനുള്ള ചിന്തയുദിക്കുന്ന മനുഷ്യരിൽ നിന്നാണ് ഇത്തരത്തിലുള്ള സമൂഹമുണ്ടാകുന്നത്. തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ പോലും മറന്ന് സമൂഹത്തിനായി ഇറങ്ങി നടക്കുന്ന പൊതു പ്രവർത്തകർ നിറഞ്ഞ നാടു തന്നെയാണ് കേരളം. കോവിഡ് കാലത്ത് കിറ്റ് വിതരണം നടത്തുന്ന സംഘാംഗമായ ആളുടെ വീട്ടിൽ കിറ്റ് കിട്ടാതായതും, ആ വീട്ടിലെ പട്ടിണി തിരിച്ചറിഞ്ഞ് സഹപ്രവർത്തകർ കിറ്റെത്തിച്ചതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ സാങ്കൽപിക കഥ മാത്രമാകില്ല. എന്തു കാര്യമുണ്ടായാലും 'ഹോ നമ്മുടെ മെമ്പറിങ്ങ്' എത്തട്ടെ എന്ന് മനുഷ്യർ ആശ്രയിക്കുന്ന പൊതുപ്രവർത്തകർ നിറഞ്ഞ നാടുമാണ് കേരളം. ആദർശ പ്രചോദിതരായി ഇറങ്ങുന്ന ഇത്തരം ആളുകളുടെ സംഘമാണ് പ്രളയ കാലത്തും കോവിഡ് ഘട്ടത്തിലും കേരളത്തിന്റെ ദുഃഖം അകറ്റാൻ അവരാലാകും വിധം കർമ രംഗത്തുണ്ടായിരുന്നത്.   എത്രയോ പതിറ്റാണ്ടുകളായി കേരളത്തിന്റെ പാരമ്പര്യവും ഇതായിരുന്നു- പൊതുജന സേവന മനസ്സ് രക്തത്തിൽ അലിഞ്ഞു പോയ മനുഷ്യർ ജീവിക്കുന്ന നാട്. ആവശ്യം വരുമ്പോൾ മാത്രം സ്വമനസ്സാലേ ഇറങ്ങുന്ന സംഘങ്ങളിൽനിന്ന് മാറി, സാന്ത്വന പ്രവർത്തനങ്ങൾക്ക്  കേരളത്തിൽ സ്ഥിരം സംവിധാനം ഉണ്ടാകാൻ പോവുകയാണ്. തദ്ദേശ സ്ഥാപനങ്ങളെ ഇത്തരം ജോലികൾ ഏൽപിക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭയുടെ തീരുമാനം ഈ വഴിക്കുള്ള കാൽ വെപ്പായി തീർന്നു. പട്ടിണിയില്ലാത്ത, പ്രാഥമിക ജീവിതാവശ്യങ്ങൾക്ക് പ്രയാസമനുഭവപ്പെടാത്ത, പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെടാത്ത, പരിചരിക്കാനാളില്ലാത്തതിനാൽ നരകയാതന അനുഭവിക്കേണ്ടിവരാത്ത അവസ്ഥയുണ്ടാക്കുന്നതിനാണ് മുൻഗണനയെന്നാണ് മന്ത്രിസഭാ യോഗത്തിലുണ്ടായ തീരുമാനം. തദ്ദേക സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകുകയുണ്ടായി. ഏറ്റവും പരിഗണനയർഹിക്കുന്നവർക്ക് എല്ലാ സഹായവും എത്തിക്കുന്നതിലാവും തദ്ദേക സ്വയംഭരണ വകുപ്പിന്റെ ഊന്നൽ എന്നാണ് ഗോവിന്ദൻ മാസ്റ്റർ അറിയിച്ചത്.
സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ വലിയ ശ്രദ്ധ കൊടുക്കാത്ത മേഖലയായിരുന്നു സാന്ത്വന പരിചരണം. ഈ വഴിക്ക് നീങ്ങാതെ ഒരു പാർട്ടിക്കും ഇനിയുള്ള കാലം പിടിച്ചു നിൽക്കാനാവില്ലെന്ന സാമൂഹ്യ ചിന്തകരുടെ നിരന്തരമായ നിലപാട് സി.പി.എമ്മിനെയും മാറി ചിന്തിപ്പിച്ചുവെന്ന് വേണം കരുതാൻ. കണ്ണൂർ ജില്ലയിൽ ആ പാർട്ടിയുടെ പല നേതാക്കളും  നേരത്തെ തന്നെ ഈ വഴിക്ക് ചിന്തിച്ചിരുന്നു- ഉദാഹരണം ഇ.പി ജയരാജൻ. അടുത്ത കാലത്തായി അവരുടെ യുവജന സംഘനയും സേവന പ്രവർത്തനം ആഘോഷമായി തന്നെ നടത്തുന്നവരാണ്. യഥാർഥത്തിൽ ഇവരൊന്നുമല്ല, മികച്ച നിലയിൽ സാന്ത്വന പരിചരണ പ്രവർത്തനം നടത്തുന്ന സംഘടനകളും വ്യക്തികളുമാണ് ഈ രംഗത്തെ ശരിയായ മാതൃക. പല വഴിക്കും രീതികളിലും സാന്ത്വനം എത്തിക്കുന്ന ഈ മനുഷ്യരെ അവഗണിച്ചു കൊണ്ടാകരുത് പുതിയ ഒദ്യോഗിക സംവിധാനം.   
സാന്ത്വന പരിചരണം ഔദ്യോഗികമായ ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നതു വഴി തദ്ദേക സ്വയംഭരണ വകുപ്പ് സൃഷ്ടിക്കുന്നത് വലിയ മാതൃക തന്നെയാണെന്ന് ആരും സമ്മതിക്കും. ഇതൊന്നും പക്ഷേ കേവലമായ രാഷ്ട്രീയ കളിയായി മാറാൻ പാടില്ലാത്തതാണ്. എല്ലാവരും ജാഗ്രതയോടെ ഇരുന്നില്ലെങ്കിൽ നല്ല നിലക്ക് പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവുകളെ ഇത് പ്രതികൂലമായി ബാധിക്കും. കോവിഡ് കാലത്ത് രൂപവത്കരിച്ച സാമൂഹിക സന്നദ്ധസേന മുഖേനയാണ് സേവനങ്ങൾ വാതിൽപടിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സന്നദ്ധസേന വിപുലീകരിക്കുമ്പോൾ ജാഗ്രതയോടെയിരുന്നാൽ സന്തുലിതത്വം ഉറപ്പാക്കാൻ സാധിക്കും. പുറത്തു പോകാൻ കഴിയാത്ത വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ സേവനങ്ങൾ വീട്ടിൽ തന്നെ ലഭ്യമാക്കൽ, ജനകീയ ഹോട്ടലിൽനിന്ന് ഭക്ഷണമെത്തിക്കൽ, കിടപ്പുരോഗികൾക്കാവശ്യമായ പരിചരണം, ആശുപത്രികളിൽ കിടക്കുന്ന രോഗികൾക്ക് കൂട്ടിരിപ്പ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാമായാണ് സാമൂഹിക സേവന വളണ്ടിയർമാരെ നിയോഗിക്കാനുദ്ദേശിക്കുന്നത്. തദ്ദേക സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നിലവിൽ വരാൻ പോകുന്ന ഈ സംവിധാനം വലിയ മാറ്റമായിരിക്കും കേരള സമൂഹത്തിലെത്തിക്കുക എന്നുറുപ്പാണ്. പഞ്ചായത്ത്-നഗരഭരണ സംവിധാനത്തിന്റെ കീഴിൽ നടപ്പാക്കുന്ന പദ്ധതിക്ക് വലിയ തോതിലുള്ള സർക്കാർ സാമ്പത്തിക സഹായമൊക്കെ ആവശ്യമായിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന കർമ പദ്ധതിയായി പാലിയേറ്റീവ് ജോലി മാറും. 
വളണ്ടിയർമാരുടെ നിയമനം സുതാര്യമായിരിക്കണം എന്നതായിരിക്കും ആദ്യഘട്ടത്തിൽ തന്നെ ഉയരുന്ന വെല്ലുവിളി. തദ്ദേശ സ്ഥാപനങ്ങൾക്ക് പാലിയറ്റീവ് വളണ്ടിയർ ഫണ്ടൊക്കെ നിലവിൽ വരുന്ന കാലം ഉടൻ വരും. നാളത്തെ രാഷ്ട്രീയത്തിന്റെ ചാലക ശക്തി തന്നെയായിരിക്കും പാലിയേറ്റീവ് പ്രവർത്തനം എന്നുറപ്പാണ്. വളണ്ടിയർ തെരഞ്ഞെടുപ്പിലാണ് ഏറ്റവും ശ്രദ്ധ ആവശ്യമായി വരുന്നത്. ഏകപക്ഷീയമായാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ നിലവിലുള്ള നന്മയും ഇല്ലാതായിപ്പോകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കാനേ നമുക്ക് സാധിക്കുകയുള്ളൂ.
 

Latest News