Sorry, you need to enable JavaScript to visit this website.

'മിഷൻ ബെറ്റർ ടുമോറോ' - മരണ ദുഃഖത്തിൽ സാന്ത്വന പരിചരണം

പ്രിയപ്പെട്ട ഒരാളുടെ അഭാവത്തിൽ ജീവിക്കുന്ന ഒരാൾക്ക്  യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളികളിൽ ഒന്ന്. ജീവിതം  ക്രമീകരിക്കുന്നതിന് ഒരു വ്യക്തിക്ക് ഒരു പുതിയ ദിനചര്യ വികസിപ്പിക്കുന്നതിനോ ഭാവിയിലേക്കുള്ള അവരുടെ പദ്ധതികളെക്കുറിച്ച് പുനർവിചിന്തനമോ ആവശ്യമായി വന്നേക്കാം. ഒരു പുതിയ ജീവിതം സൃഷ്ടിക്കുമ്പോൾ ഒരു വ്യക്തി ഒരു പുതിയ സ്വത്വബോധം സ്വീകരിച്ചേക്കാം.

രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്നാണ്  പൊതുവെ പറയാറുള്ളത്. എന്നാൽ മരിച്ചവരുടെ ഉറ്റവരോടും ഉടയവരോടുമുള്ള നമ്മുടെ സമീപനമാണ്  പലപ്പോഴും രംഗബോധമില്ലാത്തതായി അനുഭവപ്പെടാറുള്ളത്.  ജനനം പോലെ തന്നെ മരണവും ജീവിതത്തിന്റെ യാഥാർത്ഥ്യമാണെന്ന് ബോധ്യമുണ്ടെങ്കിലും മരണം   സൃഷ്ടിക്കുന്ന വികാരം മറ്റൊന്നാണ്.  ജനനം പ്രതീക്ഷയുടെ നിമിഷങ്ങളിലേക്ക് നയിക്കുകയും സന്തോഷം പകരുകയും ചെയ്യുന്നു. നഷ്ടവും  ദുഃഖവും  ഉത്ഭവിക്കാൻ ഹേതുവാകുന്ന മരണം പലപ്പോഴും മറ്റൊരാളെ സ്പർശിക്കും.  ഒരു മരണം സംഭവിക്കുമ്പോൾ അല്ലെങ്കിൽ  പ്രതീക്ഷിക്കപ്പെടുമ്പോൾ പോലും  പറഞ്ഞറിയിക്കാൻ പറ്റാത്ത വിവിധ വികാരങ്ങളാണ് അനുഭവപ്പെടുക.

മനഃസ്താപം എന്നത് ഒറ്റപ്പെട്ട  സംഭവമായോ അല്ലെങ്കിൽ ഒരു നഷ്ടത്തോടുള്ള കേവല പ്രതികരണമോ  വേദനയോ സങ്കടമോ ഉള്ള ഒരു ചെറിയ സംഭവമായാണ്  പലരും കരുതുന്നത്.  പ്രിയപ്പെട്ട ഒരാളുടെ ശവസംസ്‌കാരച്ചടങ്ങിൽ ചൊരിയുന്ന കണ്ണുനീർ പോലെ, കുറച്ചു നേരം കഴിഞ്ഞാൽ ഉണങ്ങിപ്പോകുന്ന ഒന്നല്ല  ഹൃദയ ബന്ധമുള്ളവരുടെ  മരണം മൂലമുള്ള വിഷാദം. ദുഃഖത്തിൽ ഒരു നഷ്ടത്തെ നേരിടാനുള്ള മുഴുവൻ വൈകാരിക പ്രക്രിയയും ഉൾപ്പെടുന്നു.  ഒരു മരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം പലരും പ്രാഥമിക ഘട്ടത്തിൽ മരവിപ്പ് അനുഭവപ്പെടുന്നതായാണ് പഠനം. വ്യത്യസ്ത വികാരങ്ങൾ, പ്രവൃത്തികൾ, നിരവധി  ഭാവങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ വികാരം വളരെക്കാലം നിലനിൽക്കും. എന്നാൽ ദുഃഖിക്കുന്ന പ്രക്രിയക്ക് സ്ഥായിയായ ഒരു  ക്രമം ഇല്ല. സാഹചര്യങ്ങളും പരിസ്ഥിതിയും അടക്കം വിവിധ ഘടകങ്ങൾ ദുഃഖത്തെ സ്വാധീനിക്കുന്നു. അഥവാ  ദുഃഖം ഒരു ചഞ്ചലമായ കാര്യമാണ്, നമ്മൾ  പ്രതീക്ഷിക്കാത്ത രൂപത്തിൽ  അത് നമ്മെ  ബാധിക്കുന്നു. തികച്ചും ആത്മവിശ്വാസമുള്ള വ്യക്തികളുടെ മാ നസികാരോഗ്യത്തിനു പോലും അത്  മാറ്റം വരുത്തിയേക്കാം.

മരണം മൂലമുള്ള ദുഃഖത്തെ നേരിടാൻ ഓരോ സമൂഹവും അവരുടേതായ ചില രീതികൾ രൂപകൽപന ചെയ്തിട്ടുണ്ട്.   കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവ വേദനയുടെ തീവ്രത കുറയ്ക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്ന ഘടകങ്ങൾ ആണെന്നതിൽ സംശയമില്ല. മരണ വീട്ടിലുള്ളവർക്ക് ഭക്ഷണമൊരുക്കിയും സംസ്‌കാര ചടങ്ങുകളിൽ ആവശ്യമായ സഹായമൊരുക്കിയും മാനസികവും ശാരീരികവുമായ  പിന്തുണ നൽകുന്നതിൽ സമൂഹം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതിലൂടെയെല്ലാം ബഹുഭൂരിപക്ഷം പേരും സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നതായാണ് കാണുന്നത്. അപൂർവം ചില  ആളുകൾ വർഷങ്ങളോളം സങ്കടപ്പെടുന്നു. താൽക്കാലിക ആശ്വാസം പോലും കണ്ടെത്താൻ കഴിഞ്ഞുകൊള്ളണമെന്നില്ല.   പ്രിയപ്പെട്ട ഒരാളുടെ അഭാവത്തിൽ ജീവിക്കുന്ന ഒരാൾക്ക്  യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളികളിൽ ഒന്ന്. ജീവിതം  ക്രമീകരിക്കുന്നതിന് ഒരു വ്യക്തിക്ക് ഒരു പുതിയ ദിനചര്യ വികസിപ്പിക്കുന്നതിനോ ഭാവിയിലേക്കുള്ള അവരുടെ പദ്ധതികളെക്കുറിച്ച് പുനർവിചിന്തനമോ ആവശ്യമായി വന്നേക്കാം. ഒരു പുതിയ ജീവിതം സൃഷ്ടിക്കുമ്പോൾ ഒരു വ്യക്തി ഒരു പുതിയ സ്വത്വബോധം സ്വീകരിച്ചേക്കാം.

പ്രായോഗിക രീതിയിൽ സമീപിച്ചില്ലെങ്കിൽ ഇത്തരം ആളുകളിലെ വിഷാദം കൂടുതൽ സങ്കീർണമായി മാറിയേക്കാം. മരണാനന്തര ദുഃഖത്തെ കുറിച്ചും ദുഃഖം അനുഭവിക്കുന്നവരെ സമീപിക്കേണ്ട രീതിയെ കുറിച്ചും ബോധവത്കരണം നടക്കുന്നില്ല എന്നത് ഈ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കുന്നു. വിദേശ രാജ്യങ്ങളിൽ സർവസാധാരണമായ ഡെത്ത് കഫേകളും ഡെത്ത് ലിറ്റർസി കോഴ്സുകളും നമ്മുടെ നാട്ടിലും പ്രയോഗികവൽക്കരിക്കേണ്ടതുണ്ട്. ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'മിഷൻ ബെറ്റർ ടുമോറോ' എന്ന കൂട്ടായ്മ ഈ വിഷയത്തിൽ ഒരു തുടക്കം കുറിച്ചിട്ടുണ്ട്. സാന്ത്വന പരിചരണ രംഗം ലോകത്തിന് തന്നെ പരിചയപ്പെടുത്തിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്റെയും മരണ സാക്ഷരത നമ്മുടെ ജീവിതാവസാനവും മരണപരിചരണ താൽപര്യം  മനസ്സിലാക്കാനും പ്രവർത്തിക്കാനും സഹായിക്കുന്നു എന്ന തിരിച്ചറിവിൽ പ്രവർത്തിക്കുന്ന ഓസ്ട്രേലിയയിലെ ഡെത്ത് ലിറ്ററസി ഇൻസ്റ്റിറ്റിയൂട്ടിന്റെയും സഹകരണത്തോടെയാണ് പ്രവർത്തനം.        
മരണദുഃഖം അനുഭവിക്കേണ്ടി വരുമ്പോൾ  പരസ്പരം എങ്ങനെ  നന്നായി പിന്തുണക്കാൻ നമുക്ക് കഴിയും എന്ന  സാമാന്യ ബോധ്യത്തിൽ ഊന്നിയുള്ള  അറിവുകൾ  ഉൾക്കൊള്ളിച്ചാണ് ബ്രെവ്‌മെന്റ് കമ്പാനിയൻ ട്രെയിനിങ് എന്ന പേരിലുള്ള ബോധവൽക്കരണ ക്ലാസ് രൂപകൽപന ചെയ്തിരിക്കുന്നത്.   മരണവും മറ്റു നഷ്ടബോധങ്ങളും മാന്യതയോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്യാൻ പൊതുസമൂഹത്തെ സജ്ജമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.  വിയോഗം കൈകാര്യം ചെയ്യുന്നതിനുള്ള ആശയം പങ്കാളികളെ പരിചയപ്പെടുത്തുന്ന വളരെ ലളിതമായ ഒരു പദ്ധതിയാണിത്;   പ്രോഗ്രാമാണിത്. മരണദുഃഖത്തിൽ സമാശ്വസിപ്പിക്കാൻ എല്ലാവർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും  മനോവ്യഥ അനുഭവിക്കുന്നവരുടെ യതാർത്ഥ കൂട്ടുകാരൻ ആക്കി മാറ്റാൻ  കഴിയുകയും ചെയ്താൽ തന്നെ  ബ്രെവ്‌മെന്റ് കമ്പാനിയൻ ട്രെയിനിങ് വിജയമായി മാറും.  

പതിനഞ്ച് മണിക്കൂർ ദൈർഘ്യമുള്ള മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണിത്. പാലിയേറ്റിവ് പരിചരണ പരിശീലന രംഗത്തെയും വിദേശങ്ങളിൽ നിന്നുമുള്ള പ്രമുഖർ അടങ്ങുന്നതാണ് പരിശീലകർ. വിവിധ വർക്ക് ഷോപ്പുകൾ, ഗ്രൂപ്പ് ചർച്ചകൾ, അനുഭവ പങ്കുവെക്കലുകൾ തുടങ്ങി വിവിധ രീതികളിലാണ് പരിശീലനം.   അനുകമ്പയോടും വിവേകത്തോടും കൂടി ദുഃഖിതരോട് ഇടപഴകാൻ പങ്കെടുക്കുന്നവരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  ഇതിനോടകം തന്നെ 10 ബാച്ചുകളിൽ നിന്നായി അനേകം പേർ ട്രെയിനിങ് കഴിഞ്ഞിറങ്ങി. ഇതിൽ മൂന്ന് ബാച്ചുകൾ ബംഗ്‌ളാദേശ്, തായ്ലൻഡ് എന്നിവിടങ്ങിൽ നിന്നുള്ളവർ ആയിരുന്നു  ലോകമെമ്പാടുനിന്നും  അന്വേഷണങ്ങൾ തുടർന്നു വരുന്നുണ്ട്.

വിയോഗം കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധരെ സൃഷ്ടിക്കുക എന്നതല്ല ഈ പരിപാടിയുടെ വലിയ ലക്ഷ്യം.  മറിച്ച്,  സഹാനുഭൂതിയുള്ളവരായി പരിണമിക്കാൻ സമൂഹത്തെ സജ്ജമാക്കുക എന്നത് മാത്രമാണ്. വിയോഗത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ സന്മനസ്സുള്ള, അനുകമ്പയുള്ള ഒരു കൂട്ടം ആളുകൾ ഉയർന്നു വരട്ടെ.
പരിശീലനത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക് 'മിഷൻ ബെറ്റർ ടുമോറോ'  പ്രതിനിധിയെ +919995399299 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സൗദിയിൽ ഉള്ളവർക്ക്, ലേഖകനെ 0546984739 എന്ന നമ്പറിലും ബന്ധപ്പെടാം.

Latest News