മാനവികതയുടെ പുതിയ ഭാവപ്പകർച്ചകൾ സൃഷ്ടിച്ച കിഴക്കൻ ഏറനാട്ടിലെ ആ ഉമ്മയുടെ നന്മ ജീവിതം വെള്ളിത്തിരയിലേക്ക്. മാനവികതക്കൊപ്പം മാതൃത്വത്തിന്റെ പവിത്രതയും ലോകത്തിന് മുന്നിൽ അനാവരണം ചെയ്ത മാലാഖ ജന്മമായിരുന്നു സുബൈദയുടേത്.
'എന്ന് സ്വന്തം ശ്രീധരൻ' എന്ന പേരിൽ സംവിധായകൻ സിദ്ദീഖ് പറവൂരാണ് വേറിട്ട ജീവിത രേഖകൾ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കുന്നത്. സിനിമയുടെ പ്രിവ്യൂ ഷോ ഇടപ്പള്ളി വനിതാ തിയേറ്ററിൽ കഴിഞ്ഞ ദിവസം നടന്നു.
മൂന്ന് വർഷം മുമ്പാണ് മലപ്പുറം ജില്ലയിലെ കാളികാവിൽ നിന്നുമുള്ള തെന്നാടൻ സുബൈദയെന്ന മാളുവിന്റെ മരണവും അവരുടെ ജീവിച്ചിരിക്കുന്ന പോറ്റു മകൻ ശ്രീധരനും വാർത്തകളിലെത്തുന്നത്.
കുടിയേറ്റ ഗ്രാമമായ അടക്കാകുണ്ടിലാണ് മാളു നന്മയുടെ പ്രഭ ചൊരിഞ്ഞ് ജീവിച്ച് തീർത്തത്.
തന്റെ കൂട്ടുകാരി ചക്കി അകാലമരണത്തിന് കീഴ്‌പ്പെട്ടപ്പോൾ അനാഥയായിത്തീർന്ന ചക്കിയുടെ മൂന്നു മക്കളായ ശ്രീധരൻ, ലീല, രമണി എന്നിവരെ സുബൈദ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തന്റെ സ്വന്തം മക്കളോടൊപ്പം ആ കുരുന്നുകളെ അനാഥത്വമറിയാതെ വളർത്തി വലുതാക്കിയ കാരുണ്യത്തിന്റെ തണൽവൃക്ഷമായിരുന്നു സുബൈദ.
ചക്കിയുടെ മക്കളെ അവരുടെ മതാചാര പ്രകാരം തന്റെ വീട്ടിൽ വളർത്തുകയും അവരുടെയെല്ലാം വിവാഹങ്ങൾപോലും അവരുടെ ആചാരാനുഷ്ഠാനങ്ങളിൽ നടത്തിക്കൊടുക്കുകയും ചെയ്ത സുബൈദയുടെ മതേതര ജീവിതം ഏറെ ചർച്ചയായിരുന്നു.
അതിന് നിമിത്തമായത് സുബൈദ മരിച്ച ദിവസം ശ്രീധരൻ ഒമാനിൽ നിന്നും പോസ്റ്റ് ചെയ്ത ഒരു ഫെയ്‌സ്ബുക് കുറിപ്പായിരുന്നു. 2019 ജൂൺ 17 നാണ് ശ്രീധരന്റെ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. 'എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി, അവരുടെ ഖബറിടം വിശാലമാക്കിക്കൊടുക്കാൻ പ്രാർത്ഥിക്കണമേ...'
നന്മയുടെ പരിമളം പരത്തി സുബൈദ ഈ ലോകത്തോട് വിട പറഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞു. എങ്കിലും ഇന്നും അവർ ഭൂമിയിൽ നിത്യസാന്നിധ്യമാവുന്നു.
വൃക്കകൾ തകരാറിലായി സുബൈദ ചികിത്സയിലായിരുന്നപ്പോൾ വിദേശത്തുള്ള ശ്രീധരനെ അറിയിക്കരുത് എന്നു മാത്രമാണവർ ആവശ്യപ്പെട്ടത്. വിവരമറിഞ്ഞാൽ ജോലി ഉപേക്ഷിച്ച് ശ്രീധരൻ നാട്ടിലേക്കു പുറപ്പെടുമെന്ന് അവർക്കുറപ്പായിരുന്നു.
ശ്രീധരനിലൂടെ ലോകം അറിഞ്ഞ സുബൈദയുടെ ജീവിതം ഒടുവിൽ സിനിമയിലേക്ക് എത്തുകയാണ്. താഹിറ എന്ന പേരിൽ നിർമ്മിച്ച സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സിദ്ദീഖ് പറവൂരാണ്. എഴുത്തുകാരനും മുൻ ജിദ്ദ പ്രവാസിയുമായ കഞ്ഞുമുഹമ്മദ് അഞ്ചച്ചവിടി കോഓഡിനേറ്റ് ചെയ്യുന്നു.
നർത്തകിയായ നിർമലയാണ് സുബൈദയുടെ വേഷമിടുന്നത്. ശ്രീധരന്റെ വേഷത്തിൽ സച്ചിൻ മംഗലാപുരവും. സുബൈദയുടെ മകൻ ഷാനവാസിന്റെ വേഷത്തിലെത്തുന്നത് കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണിത്. അസീസ് ഹാജിയായി സുരേഷ് നെല്ലിക്കോടും വേഷമിടും. റഷീദ് കാളികാവും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു അഭിനേതാക്കൾ പുതുമുഖങ്ങളാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






