Sorry, you need to enable JavaScript to visit this website.

യുവര്‍ ടിക്കറ്റ് ഈസ് എ വിസ; അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി സൗദിയ

റിയാദ് - സൗദിയ ഈ വര്‍ഷം അന്താരാഷ്ട്ര സര്‍വീസുകള്‍ 40 ശതമാനം തോതില്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി വക്താവ് അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു. ആഭ്യന്തര സര്‍വീസുകളില്‍ അഞ്ചു ലക്ഷം സീറ്റുകള്‍ അധികം ലഭ്യമാക്കുകയും ചെയ്യും. യാത്രക്കാരുടെ എണ്ണത്തിലുള്ള വളര്‍ച്ചയുമായി ഒത്തുപോകുന്നതിന് പത്തു പുതിയ വിമാനങ്ങള്‍ ഈ വര്‍ഷം സൗദിയക്ക് ലഭിക്കും. ഇതില്‍ ഏഴെണ്ണം എയര്‍ബസ് 321 നിയോ ഇനത്തില്‍ പെട്ടവയും മൂന്നെണ്ണം ബോയിംഗ് വിമാനങ്ങളുമാണെന്നും അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.
'യുവര്‍ ടിക്കറ്റ് ഈസ് എ വിസ' എന്ന് പേരിട്ട പ്രോഗ്രാം വൈകാതെ സൗദിയ ആരംഭിക്കും. സൗദിയ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഈ പദ്ധതി വഴി 96 മണിക്കൂര്‍ നേരത്തേക്ക് സൗദിയില്‍ പ്രവേശിക്കാനും സൗദിയിലെങ്ങും സഞ്ചരിക്കാനും ഉംറ കര്‍മം നിര്‍വഹിക്കാനും സാധിക്കും. സൗദി സന്ദര്‍ശന വിസയെയും സൗദിയ ടിക്കറ്റിനെയും പരസ്പരം ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഇതനുസരിച്ച് സൗദിയ ടിക്കറ്റ് വാങ്ങാന്‍ ശ്രമിക്കുന്ന യാത്രക്കാരനോട് വിസ കൂടി വേണമോയെന്ന് ടിക്കറ്റ് ബുക്കിംഗ് സിസ്റ്റം ആരായും. വിസ വേണമെന്ന് അറിയിച്ചാല്‍ മൂന്നു മിനിറ്റിനകം വിസ അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. വിസക്കു വേണ്ടി സൗദി വിദേശ മന്ത്രാലയ വെബ്‌സൈറ്റിനെ ആശ്രയിക്കേണ്ട സാഹചര്യം പുതിയ പദ്ധതി ഇല്ലാതാക്കും.
വിമാന ടിക്കറ്റിനൊപ്പം വിസ കൂടി അനുവദിക്കുന്ന സേവനം ചില രാജ്യങ്ങളില്‍ നിലവിലുണ്ട്. ഈ രീതിയാണ് സൗദിയയും നടപ്പാക്കുന്നത്. 'യുവര്‍ ടിക്കറ്റ് ഈസ് എ വിസ' എന്ന് പേരിട്ട പദ്ധതി സൗദിയിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള ആവശ്യം വലിയ തോതില്‍ വര്‍ധിപ്പിക്കും. സൗദിയ അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതിനനുസരിച്ച ഒരുക്കങ്ങള്‍ കമ്പനി നടത്തുന്നുണ്ട്. കൂടുതല്‍ വിദേശ നഗരങ്ങളിലേക്ക് ഈ വര്‍ഷം സൗദിയ പുതുതായി സര്‍വീസുകള്‍ ആരംഭിക്കും. ഇതേ കുറിച്ച് വൈകാതെ പരസ്യപ്പെടുത്തും.
ഉംറ കര്‍മം നിര്‍വഹിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ട് സ്റ്റോപ്പ് ഓവര്‍ ആക്കി മാറ്റാനും സൗദി അറേബ്യ സന്ദര്‍ശിക്കാനും ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ക്ക് അവസരമൊരുക്കാന്‍ ശ്രമിച്ചാണ് ടിക്കറ്റിനൊപ്പം വിസ കൂടി അനുവദിക്കുന്ന പുതിയ സേവനം സൗദിയ ആരംഭിക്കുന്നത്. 'യുവര്‍ ടിക്കറ്റ് ഈസ് എ വിസ' എന്ന് പേരിട്ട പദ്ധതി ജിദ്ദ എയര്‍പോര്‍ട്ടില്‍ മാത്രമല്ല, സൗദിയിലെ മുഴുവന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും നടപ്പാക്കുമെന്നും അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.

 

 

Latest News