സര്‍ വിവ് റിച്ചാര്‍ഡ്‌സ് ആന്റിഗ്വക്കായി ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ടില്‍ കളിച്ച വാര്‍ത്ത നമ്മള്‍ നമുക്കറിയാം. എന്നാല്‍ ദക്ഷിണാഫ്രിക്കക്കു വേണ്ടി നീന്തലില്‍ ആറ് ദേശീയ ജൂനിയര്‍ റെക്കോര്‍ഡുകള്‍ നേടിയ താരം, ഡേവിസ് കപ്പ് ബാഡ്മിന്റണ്‍ ടീമംഗം, റഗ്ബി ജൂനിയര്‍ ടീം ക്യാപ്റ്റന്‍, ഹോക്കി ദേശീയ ജൂനിയര്‍ ടീമംഗം, അണ്ടര്‍ 19 ടെന്നീസ് ദേശീയ ചാമ്പ്യന്‍, ദേശീയ ജൂനിയര്‍ ഫുട്ബാള്‍ ടീം അംഗം, സര്‍വകലാശാല തലത്തില്‍ മികച്ച സയന്‍സ് പ്രോജക്ട് തയാറാക്കിയതിന് അംഗീകാരം ലഭിച്ച മികച്ച വിദ്യാര്‍ഥി.... ഏറ്റവും ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായ ഒരു താരമുണ്ട്- ലോക കായിക ചരിത്രത്തിലെ ഈ അമാനുഷികനെ നമുക്ക് അബ്രഹാം ബെഞ്ചമിന്‍ ഡി വില്ലിയേഴ്‌സ് എന്ന് വിളിക്കാം.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ താരം. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ചേര്‍ത്തു വെക്കേണ്ട നാമം.ഈ 34 ാം വയസിലും ഒറ്റക്ക് ഒരു കളി ജയിപ്പിക്കാന്‍ കെല്‍പുള്ളുവന്‍. 114 ടെസ്റ്റുകളില്‍നിന്ന് 8354 റണ്‍സ്. 228 ഏകദിനങ്ങളില്‍ നിന്നായി 9500 റണ്‍സ്... ഏകദിന ക്രിക്കറ്റില്‍ ലോക റാങ്കിംഗില്‍ രണ്ടാമന്‍. റിച്ചാര്‍ഡ്‌സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തിയ ബാറ്റ്‌സ്മാന്‍... ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്നും ഒരുപോലെ മുന്‍നിരയില്‍ തിളങ്ങി നില്‍ക്കവെ ഡിവില്ലിയേഴ്‌സ് പൊടുന്നനെ കളി മതിയാക്കിയിരിക്കുന്നു.
ലോക ക്രിക്കറ്റിന് നികത്താനാവാത്ത നഷ്ടം. ക്രിക്കറ്റിനെ ഒരു അനുഭൂതിയാക്കി മാറ്റിയ അപൂര്‍വം ചില ഇതിഹാസങ്ങള്‍ക്കൊപ്പം തന്നെയായിരിക്കും എന്നും ഡിവില്ലിയേഴ്‌സിന്റെ സ്ഥാനം. സുനില്‍ ഗവാസ്കര്‍ പറഞ്ഞതാണ് സത്യം- "എ.ബി ഡി വില്ലിയേഴ്‌സ് ഈസ് ദ എബിസിഡി ഓഫ് ബാറ്റിംഗ്'.






