പ്രവചനങ്ങൾ തെറ്റുമ്പോഴാണ് കളികൾക്ക് ഹരമുണ്ടാവുക. എങ്കിലും പ്രവചനങ്ങൾക്ക് പഞ്ഞമുണ്ടാവാറില്ല. സാധ്യത കൽപിക്കപ്പെടുന്ന ടീമുകൾ കിരീടം നേടുന്നത് അപൂർവമാണ്. ഓരോ ടീമിന്റെയും ചരിത്രവും ഫോമും വിലയിരുത്തിയാണ് കിരീട സാധ്യത വിലയിരുത്തുക. ഈ ലോകകപ്പിനെക്കുറിച്ചും പ്രവചനത്തിന്റെ പകിട കളിച്ചു നോക്കാം.
രണ്ട് ഗ്രൂപ്പുകളാണ് ഇത്തവണ പ്രവചനാതീതമായി കരുതപ്പെടുന്നത്. ഗ്രൂപ്പ് എയും ഗ്രൂപ്പ് എച്ചും. ഗ്രൂപ്പ് എയിൽ നിന്ന് ഉറുഗ്വായ്, ഈജിപ്ത്, ഗ്രൂപ്പ് ബിയിൽ നിന്ന് സ്‌പെയിൻ, പോർചുഗൽ, ഗ്രൂപ്പ് സിയിൽ നിന്ന് ഫ്രാൻസ്, ഡെന്മാർക്ക് അല്ലെങ്കിൽ ഓസ്‌ട്രേലിയ, ഗ്രൂപ്പ് ഡിയിൽ നിന്ന് അർജന്റീന, ക്രൊയേഷ്യ, ഗ്രൂപ്പ് ഇയിൽ നിന്ന് ബ്രസീൽ, സ്വിറ്റ്‌സർലന്റ്, ഗ്രൂപ്പ് എഫിൽ നിന്ന് ജർമനി, സ്വീഡൻ അല്ലെങ്കിൽ മെക്‌സിക്കൊ, ഗ്രൂപ്പ് ജിയിൽ നിന്ന് ബെൽജിയം, ഇംഗ്ലണ്ട്, ഗ്രൂപ്പ് എച്ചിൽ നിന്ന് കൊളംബിയ, പോളണ്ട് ടീമുകൾ പ്രി ക്വാർട്ടറിലേക്ക് മുന്നേറുമെന്നാണ് കരുതേണ്ടത്.
രണ്ടാം റൗണ്ടിലെ പ്രധാന പോരാട്ടം ഉറുഗ്വായ് പോർചുഗൽ ആവാനാണ് സാധ്യത. രണ്ടാം റൗണ്ട് ഏറ്റവും എളുപ്പമാവുക സ്‌പെയിനിനായിരിക്കും, മിക്കവാറും ഈജിപ്താവും എതിരാളികൾ. അർജന്റീനക്ക് ഓസ്‌ട്രേലിയയെയോ ഡെന്മാർക്കിനെയോ മറികടക്കേണ്ടി വരും. ഫ്രാൻസിന് ക്രൊയേഷ്യ, നൈജീരിയ, ഐസ്‌ലന്റ് ടീമുകളിലൊന്നുമായി ഏറ്റുമുട്ടേണ്ടി വരും. ജർമനിക്ക് സ്വിറ്റ്‌സർലന്റാവും മിക്കവാറും എതിരാളികൾ. മെക്‌സിക്കോയോ സ്വീഡനോ ബ്രസീലിനെ കാത്തുനിൽക്കും. ബെൽജിയത്തിനും ഇംഗ്ലണ്ടിനും കൊളംബിയയോ പോളണ്ടോ ആവും എതിരാളികൾ.
ക്വാർട്ടർ ഫൈനൽ മുതൽ കളി പ്രവചനാതീതമാവും. ക്വാർട്ടറിൽ സ്‌പെയിനും അർജന്റീനയും തമ്മിലാവണം ഏറ്റവും ശ്രദ്ധേയമായ മത്സരം. ഫ്രാൻസിന് ഉറുഗ്വായോ പോർചുഗലോ ആയിരിക്കും ക്വാർട്ടറിലെ എതിരാളികൾ. ജർമനിക്കും ബ്രസീലിനും ഇംഗ്ലണ്ടുമായോ ബെൽജിയവുമായോ ക്വാർട്ടർ കളിക്കേണ്ടി വന്നേക്കാം.
സ്‌പെയിനിനെ ക്വാർട്ടറിൽ മറികടക്കാൻ അർജന്റീനക്ക് സാധിച്ചാൽ ബ്രസീൽ അർജന്റീന സെമി ഫൈനലിന് കളമൊരുങ്ങും. ജർമനിക്ക് ഫ്രാൻസിനെയാവാം സെമിയിൽ നേരിടേണ്ടി വരിക. എങ്കിൽ ബ്രസീൽ ജർമനി ഫൈനലിന് സാധ്യതയേറെയാണ്. കഴിഞ്ഞ ലോകകപ്പിലെ നാണം കെട്ട തോൽവിക്ക് ബ്രസീൽ മറുപടി പറയുമോ?