ദൂരെ നിന്ന് നോക്കുമ്പോൾ കടുപ്പമേറിയതാണ് ബ്രസീൽ ഉൾപ്പെട്ട ഗ്രൂപ്പ് ഇ. സ്വിറ്റ്സർലന്റ് ലോക റാങ്കിംഗിൽ എട്ടാം സ്ഥാനക്കാരാണ്. കോസ്റ്ററീക്ക കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയ ടീമാണ്. സെർബിയ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിരുന്നു. യഥാർഥത്തിൽ ഈ ടീമുകളൊന്നും ഇപ്പോഴത്തെ ഫോമിൽ ബ്രസീലിന് വെല്ലുവിളിയല്ല. എന്നാൽ കാലിടറിയാൽ ബ്രസീലിന് മുന്നേറ്റം പ്രയാസമാവും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയാൽ മിക്കവാറും പ്രി ക്വാർട്ടറിൽ ജർമനിക്കു മുന്നിൽ ചെന്നുപെടും. ആ കളി പ്രവചനാതീതമാണ്. അതിനാൽ ഒന്നാം സ്ഥാനത്തിനായി തന്നെ ബ്രസീൽ പൊരുതും.
പരമാവധി എതിരാളികളെ വിറപ്പിക്കുകയേ ഉള്ളൂ സ്വിറ്റ്സർലന്റ്. അതിനപ്പുറം പോകാനുള്ള പ്രതിഭാ സമ്പത്ത് അവർക്കില്ല. കോസ്റ്ററീക്ക കഴിഞ്ഞ ലോകകപ്പിലെ പ്രകടനം ആവർത്തിക്കാനുള്ള സാധ്യത വിരളമാണ്. മാത്രമല്ല ടിറ്റിയുടെ കോച്ചിംഗിൽ എങ്ങനെയും വിജയം നേടിയെടുക്കാനുള്ള വഴി കണ്ടെത്തുന്നുണ്ട് ബ്രസീൽ.
ബ്രസീലും സ്വിറ്റ്സർലന്റും തമ്മിലായിരിക്കും പ്രധാന പോരാട്ടം. ഗ്രാനിറ്റ് ഷാക്കക്ക് പ്രീമിയർ ലീഗിൽ വലിയ വിലയില്ലെങ്കിലും സ്വിറ്റ്സർലന്റിൽ ഏറെ ആദരിക്കപ്പെടുന്നു. ഷാക്കയും ബ്രസീലിന്റെ ഫെലിപ്പെ കൗടിഞ്ഞോയും തമ്മിലുള്ള പോരാട്ടം കാണേണ്ടതു തന്നെയായിരിക്കും. ബ്രസീലും സ്വിറ്റ്സർലന്റും നോക്കൗട്ടിലെത്തുമെന്നാണ് കരുതേണ്ടത്. ബ്രസീലിന്റെ ആക്രമണ ശൈലിയോട് കിടപിടിക്കാനാവില്ലെങ്കിലും നല്ല വേഗവും പന്തടക്കവുമുള്ളതാണ് സ്വിറ്റ്സർലന്റിന്റെ ശൈലി. ബെർത്ത് നേടാൻ പ്ലേഓഫ് വേണ്ടിവന്നുവെങ്കിലും 10 മത്സരങ്ങളിൽ ആദ്യ ഒമ്പതും സ്വിറ്റ്സർലന്റ് ജയിച്ചിരുന്നു. അവസാന മത്സരത്തിൽ പോർചുഗലിനോട് മാത്രമാണ് തോറ്റത്. അതേസമയം ടിറ്റി ചുമതലയേറ്റെടുത്ത ശേഷം ബ്രസീലിന്റെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്ന അവർ എട്ടാമത്തെ കളിയിൽ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. പത്താമത്തെ മത്സരത്തിൽ ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. പിന്നീട് സ്ഥാനം വിട്ടുകൊടുത്തില്ല.