ചരിത്രത്തിലേക്ക് തെളിയുന്ന ഗ്രീൻ സിഗ്നൽ

റിട്ടയേഡ്  എസ്.ഐ മോഹൻകുമാർ

ഒരേ സമയം ഗൗരവമുള്ള വായനക്കാരനും എഴുത്തുകാരനും നിരൂപകനും ചരിത്രാന്വേഷകനും കഥാകൃത്തും നിരവധി പുസ്തകങ്ങളുടെ കാവൽക്കാരനുമായ ഒരു റിട്ട. പോലീസ് ഓഫീസറുണ്ട് മലപ്പുറം കൂട്ടിലങ്ങാടിയിൽ. 
വായനയിലൂടെ അറിവുകളുടെ ലോകത്തേക്ക് സഞ്ചരിക്കുന്ന നിയമപാലകൻ. വായന എന്ന പോലെ എഴുത്തിന്റെയും സഹചാരിയാണ് മഞ്ചേരി ട്രാഫിക് എസ്.ഐയായി വിരമിച്ച കൂട്ടിലങ്ങാടിയിലെ ചേരിക്കല്ലിൽ മോഹൻകുമാർ (63). കേരളത്തിൽ ഏറ്റവുമധികം പോലീസുകാരെ സംഭാവന ചെയ്ത പഞ്ചായത്തുകളിലൊന്നാണ് കൂട്ടിലങ്ങാടി. ഈ പ്രദേശത്തെ വാഴക്കാട്ടിരിയിലാണ് മോഹൻ കുമാർ താമസിക്കുന്നത്.
1982 ലാണ് പോലീസ് സേനയിൽ ചേരുന്നത്. എഴുത്തും ജോലിയും രണ്ട് വഴികളായതിനാൽ 2015ൽ വിരമിക്കുന്നതു വരെ കാക്കിക്കുള്ളിൽ പേനയും കടലാസു തുണ്ടുകളും ഒളിപ്പിച്ചു വെച്ചു. വർഷങ്ങൾക്ക് ശേഷം വിശ്രമജീവിതമായപ്പോൾ വടക്കൻ കഥകളുടെ അകവും പൊരുളും തേടിയുള്ള യാത്രയിലാണ്.
വടക്കൻ കേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള തറവാടുകളിലെ പാരമ്പര്യകളരി അഭ്യാസികളുടെ ധീരചരിത്ര കഥകളാണ് വടക്കൻപാട്ടുകളിലൂടേയും, കഥകളിലൂടേയും എഴുത്തിന്റെ വഴിയിലൂടെ അവതരിപ്പിക്കുന്നത്. കളരി, കരാട്ടെ അഭ്യാസിയും കായിക താരവുമായ മോഹൻ കുമാർ മുന്നൂറ് വർഷത്തിലധികം പഴക്കമുള്ള വടക്കൻ കഥകളുടെ അകവും പൊരുളും ഐതിഹ്യങ്ങളും കൃത്യമായ അന്വേഷണത്തിലൂടെ പഠിച്ചു. 
വടക്കൻ കഥയുടെ ഈറ്റില്ലമായ വടകര, തച്ചോളി ഒതേനന്റെ തറവാട്, ലോകനാർകാവ്, വടക്കൻ പാട്ടിലെ കഥാപാത്രങ്ങളുടെ നാടും വീടും കുടുംബവും ഇവയെല്ലാം മോഹൻകുമാർ അന്വേഷിക്കുകയും കിട്ടിയ അറിവുകളത്രയും പകർത്തി വെക്കുകയും ചെയ്തു.
നിരവധി പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിച്ചു. രേഖപ്പെടുത്തി വെച്ചു. ചരിത്ര പണ്ഡിതന്മാരുമായി സംവദിച്ചു. 1500 പേജുകളിലായി അഞ്ച് കൈയെഴുത്ത് പുസ്തകങ്ങളാണ് ചരിത്രാന്വേഷണ വിദ്യാർഥികൾക്ക് ഉപകാരപ്രദമാകും വിധത്തിൽ തയാറാക്കിയിട്ടുള്ളത്. വായനയിലെ പോലീസ് ചിട്ടയിലൂടെ അക്ഷരങ്ങൾ കൊണ്ട് വസന്തകാലം തീർക്കുന്ന മോഹൻ കുമാറിന്റെ കൂടെ ഭാര്യ ഹേമലതയും മക്കളായ ദീപിക, അനുശ്രി, നയനയും പിന്തുണയുമായുണ്ട്. ചരിത്ര ഗവേഷണ വിദ്യാർഥികൾക്ക് മോഹൻകുമാറിനെ ബന്ധപ്പെടാം: 98951 81923
 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News