Sorry, you need to enable JavaScript to visit this website.

ജോഷിമഠിന് പിറകെ ഹിമാചലിലെ മൂന്ന് ഗ്രാമങ്ങളും ഭൂമി താഴല്‍ ആശങ്കയില്‍

ന്യൂദല്‍ഹി- ഉത്തരാഖണ്ഡിലെ ജോഷിമഠിന് പിറകെ ഭൂമി താഴല്‍ പ്രതിഭാസവുമായി ഹിമാചലിലെ മാണ്ഡി ജില്ലയിലെ സെറാജ് താഴ്‌വരയിലെ നാഗാനി, തലൗട്ട്, ഫാഗു ഗ്രാമങ്ങളും. മൂന്ന് ഗ്രാമങ്ങളിലും ജോഷിമഠിന് സമാനമായ സാഹചര്യം നേരിടുന്നതായി ഇന്ത്യാ ടുഡേ ടി. വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വീടുകളില്‍ വിള്ളലുകള്‍ വീഴുന്നത് ഗ്രാമവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. 

2018-19ല്‍ കിരാത്പൂര്‍- മണാലി ഹൈവേയില്‍ നാലുവരിപ്പാത പദ്ധതി ആരംഭിക്കുന്നത് വരെ ഈ ഗ്രാമങ്ങളില്‍ കാര്യങ്ങള്‍ സാധാരണമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പദ്ധതി ആരംഭിച്ചതിന് പിന്നാലെ 2020 മുതല്‍ മേഖലയില്‍ വിള്ളലുകള്‍ ഉണ്ടാവാന്‍ തുടങ്ങി. നാലുവരിപ്പാതയുടെ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയപരിധി 2024 ആണ്.

ഈ മൂന്ന് ഗ്രാമങ്ങളിലുമായി കുറഞ്ഞത് 32 വീടുകളും മൂന്ന് ക്ഷേത്രങ്ങളും അപകട സാധ്യതയുള്ളവയാണ്. ഇതില്‍ ചില വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. വീടുകള്‍ക്ക് വിള്ളലുണ്ടായതിനാല്‍ പ്രദേശവാസികള്‍ പലായനം ചെയ്യേണ്ട അവസ്ഥയിലാണ്. അവര്‍ പറയുന്നതനുസരിച്ച്, മൂന്ന് സംഘങ്ങള്‍ ഗ്രാമം സന്ദര്‍ശിച്ച് ശരിയായ നഷ്ടപരിഹാരം ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെയും ലഭ്യമായിട്ടില്ല.

മഴ പെയ്യുമ്പോഴെല്ലാം ഭയപ്പാടോടെയാണ് തങ്ങള്‍ കഴിയുന്നതെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടും സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കി നല്‍കിയില്ലെന്നും അവര്‍ പറയുന്നു.

2018 മുതല്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍വേ നടത്തിയതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുന്നിടിച്ചതോടെയാണ് വീടുകള്‍ക്ക് വിള്ളലുണ്ടായത്. പത്തു വില്ലേജുകളിലാണ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തിയത്. ശാസ്ത്രജ്ഞരും ഒരു സര്‍വേ നടത്തിയിട്ടുണ്ടെന്നും  റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മാണ്ഡി എ. ഡി. എം അശ്വിനി കുമാര്‍ വ്യക്തമാക്കി.

Tags

Latest News