Sorry, you need to enable JavaScript to visit this website.

പഴമയുടേയും പുതുമയുടേയും ഇഴയടുപ്പങ്ങൾ

പോയ വർഷം മികച്ച വായന നൽകിയ പുസ്തകങ്ങളിൽ ഒന്നാണ് എൻ.ബി.എസ്.പുറത്തിറക്കിയ ഡോ. അജയ് നാരായണന്റെ ചെറുകഥാ സമാഹാരമായ 'അവധൂതം'. അമേരിക്കൻ എഴുത്തുകാരനായ റാൽഫ് വാൾഡോ എമേഴ്‌സണിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് തുടങ്ങുന്ന, മോബിൻ മോഹൻ എഴുതിയ അവതാരികയിൽ നിന്ന് തന്നെ സമാഹാരത്തിലെ കഥകളുടെ ആഴവും വ്യാപ്തിയും നമുക്ക് ഊഹിച്ചെടുക്കാവുന്നതാണ്.
ഒരു സിനിമയുടെ കഥ നമ്മൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ ആ സിനിമ കാണാനുള്ള താൽപര്യം നഷ്ടപ്പെടുമെന്ന പോലെത്തന്നെയാണ് ഒരു സമാഹാരത്തിലെ ഓരോ കഥകളും പൊതുമധ്യത്തിൽ ചർച്ചചെയ്യുമ്പോഴും സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഞാൻ പുസ്തകത്തെക്കുറിച്ച് ചിലത് പറയുന്നു എന്നതിനപ്പുറത്തേക്ക് അതിന്റെ ആസ്വാദ്യത നഷ്ടപ്പെടുന്ന തരത്തിലൊരു വിശകലനം ഉദ്ദേശിക്കുന്നില്ല.
അജയ് മാഷിന്റെ പുസ്തകത്തിലുടനീളം പുരാണങ്ങളിലും ഇതിഹാസങ്ങളിലും  നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളുടെ ആധുനികവൽക്കരണം കാണാം. ഹരി, രുഗ്മിണി, വാത്മീകി എന്ന കഥാപാത്രങ്ങൾ അത്രമേൽ ആധുനികമാവുന്നു. വാത്മീകി എഴുതുകയാണ്, പാഠഭേദങ്ങൾ തുടങ്ങിയവ ഗൃഹാതുരത്വം നിറയുന്ന അവസ്ഥാന്തരങ്ങൾക്കപ്പുറം കഥകൾക്ക് ഒരു രാഷ്ട്രീയദർശനം കൂടി പ്രദാനം ചെയ്യുന്നു.
ഒട്ടുമിക്ക കഥകളിലും ഹരിയെ കാണാം. വിഷ്ണുവിന്റെ പത്തവതാരങ്ങൾ പോലെ വിവിധ ഭാവങ്ങളിൽ പല കഥകളിൽ വന്നുപോകുന്നു. അച്ചുതണ്ടിലേക്ക് എത്തുമ്പോൾ ഹരിയിലൂടെ സമകാലിക ഇന്ത്യയുടെ ഏറ്റവും ശപ്തമായ തൊഴിലില്ലായ്മയാണ് ഹരിയിലൂടെ മുന്നോട്ട് വെക്കുന്നത്. മറ്റൊന്നിൽ റസാഖും ഹരിയും ഒരേഭാവങ്ങളാണ്. അതിലൂടെ മതസൗഹാർദത്തിന്റെ വലിയൊരു ദർശനം പകരാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്.
ഇതൊന്നുമല്ല അദ്ദേഹത്തിന്റെ കഥകളിലെ പുരാണകഥാപാത്രങ്ങൾ ആധുനികതയുടെ ലക്ഷണമാണെന്ന് ഞാൻ പറയുന്നതിനുള്ള കാരണം. അതെന്താണെന്ന് പരിശോധിക്കുന്നതിന് അവധൂതം ഞെക്കിപ്പിഴിഞ്ഞെടുക്കേണ്ടിയിരിക്കുന്നു.
അതിനായി ഒരു കഥ മാത്രം ഉദാഹരണമായി എടുക്കാം. ആ കഥ, വാത്മീകി എഴുതുകയാണ് എന്ന കഥയാണ്. അതിൽ ലാപ്‌ടോപ്പടക്കമുള്ള ആധുനിക വസ്തുക്കൾ പലതും കടന്നുവരുന്നു. എന്നാൽ അതൊക്കെ കേവലം കാലത്തെ അടയാളപ്പെടുത്തുന്നു എന്നതിനപ്പുറത്തേക്ക് ആധുനികതയുടെ ലക്ഷണമാണെന്ന് കരുതുവാൻ വയ്യ. പക്ഷേ, ഈ കഥ അവസാനിക്കുന്നത് ആശാന്റെ ചിന്താവിഷ്ടയായ സീതയുടെ ആരംഭ വരികളിലാണ്. ആശാന്റെ സീത ആധുനികതയുടെ പ്രതീകമാണ്. അതുകൊണ്ട് തന്നെയാണ് ഒരിടത്ത് പൗരി എന്ന പരാമർശം ആശാൻ സീതയിൽ മനപ്പൂർവ്വം അവരോധിക്കുന്നത്. പുരത്തിൽ വസിക്കുന്നവൾ എന്നതിനപ്പുറത്തേക്ക് പൗരത്വം എന്ന ആശയം തന്നെയാണ് ആശയഗംഭീരൻ അവിടെ കൊണ്ടുവരാൻ ശ്രമിച്ചത്. ആ പൗരത്വമാകട്ടെ ആധുനികതയുടെ നെടുംതൂണും. അതുകൊണ്ട് തന്നെ ആശാന്റെ സീതയേ പോലെ മാഷിന്റെ വാത്മീകിയും ആധുനികതയുടെ ലക്ഷണമാവുന്നു.
ഇത്തരത്തിലാണ് മാഷിന്റെ ഓരോ കഥയും കഥാപാത്രങ്ങളും ആധുനികതയുടെയും സമകാലിക ഇന്ത്യയുടേയും പ്രാതിനിധ്യമായി മാറുന്നത്. കേവലരസത്തോടെയും അതുപോലെ അതീവതീവ്രതയോടെയും വായിക്കാനുതകുന്നതാണ് ഈ സമാഹാരത്തിലെ പതിമൂന്ന് കഥകളും. 
 

(തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാല ഒന്നാം വർഷ എം.എ മലയാളം സാഹിത്യരചനാ വിദ്യാർത്ഥിയാണ് പ്രസാദ് കുറ്റിക്കോട്)

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News