Sorry, you need to enable JavaScript to visit this website.

മാനാഞ്ചിറയിലെ കാറ്റ് പറയുന്ന കഥ

വാക്കുകളായിത്തീർന്ന ഓർമകളുടെ  സുഗന്ധത്തെ മധുരമെന്നു വിളിക്കാറുണ്ട്. മധുവായിത്തീരുന്ന വാക്കുകൾ ഓർമകളായും പുനർജനിക്കാറുണ്ട്. കോഴിക്കോടങ്ങാടിയുടെ വികാസ പരിണാമങ്ങളുടെ ഗരിമ മധുവായ്ത്തീരുന്ന ഭാഷയുടെ ഫലപ്രാപ്തിയാണ്  നദീംനൗഷാദിന്റെ 'മധുരത്തെരുവ്'എന്ന നോവൽ.
കടൽ അതിരിടുന്ന ഗുജറാത്തി സ്ട്രീറ്റിനു പിറകോട്ടു കടന്നാൽ, ഗ്രാമ്പൂവിന്റെയും ഏലത്തിന്റെയും കുരുമുളകിന്റെയും ചുക്കിന്റെയും മഞ്ഞളിന്റെയും കൊപ്രയുടെയും മണം ഘനീഭവിച്ചുണർത്തുന്ന പാണ്ടികശാലകളുടെ മണം. പഠാണികളുടെയും ഗുജറാത്തികളുടെയും പഞ്ചാബികളുടെയും മദ്രാസ്സികളുടെയും കൊങ്കണികളുടെയും മനസ്സു കലർന്ന പാദയോരങ്ങളുടെ മണം. വലിയങ്ങാടി മുറിച്ചുകടക്കുന്ന രണ്ടാം ഗെയിറ്റു കഴിഞ്ഞാൽ, കാപ്പിയുടെ മണം. വലിച്ചടിപ്പിക്കുന്ന ഓരംചേർന്ന, കോഴിക്കോടൻ ഹലുവകളുടെ പുകൾപെറ്റ മണം. വാക്കുകളുടെ രുചിക്കൂട്ടു വിളയിച്ചു മധുരം വിളമ്പുന്ന, മിഠായിത്തെരുവെന്ന മാഞ്ഞു പോകാത്ത നഗരഹൃദയം. നാനാതരം കടകൾക്കും, കെട്ടിടങ്ങൾക്കുമെല്ലാം പിറകിൽ,  പലനാടുകളിൽ നിന്നെത്തി, പുരാതനകാലം മുതൽ നഗരം പണിതെടുത്ത, പല മനുഷ്യരുടെ മതമില്ലാത്ത മണം.
നഗരത്തിന്റെ പിന്നാമ്പുറത്തായി, അതിനെ പണിതുയർത്തിയ, നിസ്വരായ മനുഷ്യരുണ്ടാകും. റോഡിനോ പാലത്തിനോ, അണക്കെട്ടിനോ വേണ്ടി പുറത്താക്കപ്പെട്ടവർ. സ്വപ്‌നങ്ങളും ജീവിതവും കൈമോശം വന്നന്യരാക്കപ്പെട്ടവർ. അങ്ങനെയങ്ങനെ വിദൂരഗ്രാമങ്ങളിൽ നിന്നു പോലും ഒഴുകിയെത്തിയവരെയെല്ലാം ക്രമേണ, നഗരത്തിന്റെ  പുറമ്പോക്കിൽ, തങ്ങളുടെ വേരുകളെ ഉറപ്പിക്കുകയും, ചിറകുകളെ വിടർത്താൻ തുടങ്ങുകയും ചെയ്യും.


കാലത്തിന്റെ വേഗങ്ങൾക്കും നഗരത്തിന്റെ മോടിക്കൊമൊപ്പമെത്താൻ ജീവിതം കൊണ്ടു പെടാപ്പാടുപെടുകയാകുമവർ. നഗരത്തെ, അതിന്റെ  അകമേനിന്നു കാണുന്ന അവിടുത്തെ മനുഷ്യരിലൂടെയാണു നോവൽ വികസിക്കുന്നത്. കേന്ദ്രകഥാപാത്രമായ അബ്ദുവിന്റെ  ബാല്യകൗമാര യൗവനദശകളിലെ നഗരകാഴ്ച്ചകളും, ഓർമ്മകളും ഇഴയിടുന്ന ജീവിതാനുഭവങ്ങളിലൂടെയാണതു പരിണാമ ഗുപ്തിയിലെത്തുന്നത്. പാത്രസൃഷ്ടികളിൽ തെളിഞ്ഞു  കാണുന്ന, നൈർമ്മല്യവും, സഹജാവബോധത്തിന്റെ സത്യസന്ധതയും, കഥാപാത്രങ്ങളെ മികവും തിളക്കമുള്ളതാക്കുന്നു. കൃത്രിമത്വവും അതിഭാവുകത്വവും ആരിലും നിഴലിടുന്നില്ല. നഗരത്തിന്റെ ആന്തരിക ജീവിതങ്ങളുടെ ചിത്രണത്തിൽ പോലും പുലർത്തിയ, കൈയ്യൊതുക്കവും  മെരുങ്ങിയ വാങ്മയങ്ങളും കഥാപാത്രങ്ങളുടെ ഭാഷാഭേദങ്ങളെയും അയത്‌ന ലളിതമാക്കി. കഥപറച്ചിലിനെ സുതാര്യമാക്കി വിളക്കിച്ചേർക്കുന്നതിനാൽ കൃതഹസ്തനാണി രചയിതാവ്.


ഫുട്‌ബോളിനോടെന്ന പോലെ, സംഗീതത്തോടും  ഈനാടിനുള്ള അതീവ താല്പര്യം നോവലിന്റെ  ആധാര ശ്രുതിയായി നിലകൊള്ളുന്നു. കർണാട്ടിക്കും ഹിന്ദുസ്ഥാനിയും കൊങ്കിണിയും ബാവുൽ, ഫോക്, പേർഷ്യൻ പാശ്ചാത്യസംഗീതവും എന്നു വേണ്ട ലോകത്തെവിടെയുമുള്ള വോക്കൽ  ഉപകരണ സംഗീതത്തെയും    ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന, വ്യക്തി ജീവിതത്തെയും  സംഗീതത്തിനായി പ്രാണൻ സമർപ്പിച്ചവരെയും നാമിവിടെ കണ്ടെത്തും. അബ്ദുൾഖാദറിനെയും ബാബുരാജിനെയും  നജ്മലിനെയും ഹരിനാരായണനെയും, അതുപോലെ സംഗീത ശകലങ്ങളെയും രൂപശിൽപത്തിൽ തെളിവായി വരച്ചു ചേർത്തിരിക്കുന്നു. അതൊക്കെയും കഥയെ ഇഴക്കട്ടിയുള്ളതാക്കിത്തീർക്കുന്നുണ്ട്. ഭാവരൂപങ്ങളുടെ അലകും പിടിയും പണിയാനയാൾ സത്യത്തിന്റെയും സ്വപ്നത്തിന്റെയും,  തരുണാസ്ഥികൾ തെരഞ്ഞെടുക്കുന്നു. നേർത്ത കശേരുക്കളും മാംസള ദളങ്ങൾകൊണ്ടും, അരുമയായതിനെ മെനഞ്ഞെടുക്കുന്നു. അങ്ങനെ ദേവിയും, നിലോഫറും സരോജയും, ബീവിജാനും വലിയുമ്മയും നിലാവിൽ വിടർന്നു സുഗന്ധം പരത്തുമ്പോൾ, ഹാജറയും നൂർജഹാനും  ലൈലയും  സാജിദയും നിഴലിൽ തെളിയുന്ന ചിത്രങ്ങളാകുന്നു. അബ്ദുവിന്റെ ആത്മമിത്രമായ ബേബിമുതൽ സുബിൻഷയും,  കൃഷ്ണൻവൈദ്യരും, കോമ്രേഡ് കുഞ്ഞിരാമൻവരെ നമുക്കു ചുറ്റുമുള്ളവരും പരിചയക്കാരും സുഹൃത്തുക്കളുമായിത്തീരുന്നു. മാനാഞ്ചിറയിലെ അലക്കുകല്ലുകളും ട്രാളികളും, ബീഡിതെറുപ്പും ,ഹിപ്പികളും നാഗ്ജി ഫുട്‌ബോളും, ലോഡ്ജുകളും കാബറെയും ഇരുണ്ടയിടങ്ങളിൽ സന്ധ്യയ്ക്കു വിരിയുന്ന സന്തോഷങ്ങളും, പയ്യന്മാരും സവിശേഷ വ്യക്തിത്വങ്ങളായിതിൽ ഫലിച്ചിരിക്കുന്നു. അങ്ങാടിയുടെ ആന്ദോളനങ്ങളെ കരതലാമലകം  പോലെ ഉള്ളം കൈയിലയാൾ കാണിച്ചുതരുന്നു. താൻ കോരിയെടുത്തിടത്തോളം കടലിനെ. അത്രേയുള്ളു, അത്രയുമുണ്ടു കനം.    


കോഴിക്കോടു പട്ടണത്തിന്റെ വികാസപരിണാമങ്ങളുടെ അകപുറങ്ങൾ പറയുമ്പോൾ, ഭൂതവർത്തമാനങ്ങൾ ഒട്ടുംചോർന്നു പോകാതെ കണ്ണിചേർക്കപ്പെടുന്നത്  നോവലിനു അപൂർവ്വ കാന്തിപകരുന്നുണ്ട്. ഗവേഷണ ബുദ്ധിയോടെ വസ്തുതകളും ചരിത്ര സന്ദർഭങ്ങളും വ്യക്തികളും, സ്ഥാപനങ്ങളും കാലവും നേരവും ഏകാഗ്രമാക്കിയിരിക്കുന്നതിനാൽ,  തെരുവിന്റെ കഥയ്ക്കും, ഒരു ദേശത്തിന്റെ കഥയ്ക്കുംശേഷം മാനാഞ്ചിറയ്ക്കു ചുറ്റുമുള്ള നഗരജീവിത ചിത്രീകരണം, പലവിതാനത്തിൽ, അതിന്റെ സൂക്ഷ്മതയിൽ ഫലിച്ചിരിക്കുന്നു. ഈനോവലിലെന്നും,  ഇതിലില്ലാത്തതൊന്നുമില്ല വിടെയെന്നു തോന്നുമാറു, മധുരത്തെരുവിനെ മധുരമുള്ളതാക്കുന്നു കൃതി.
അധിനിവേശങ്ങളുടെയും പടയോട്ടങ്ങളുടെയും പലനൂറ്റാണ്ടുകളിൽ, പറങ്കികളും ഇംഗ്ലീഷുകാരും ഫ്രഞ്ചകാരും മേൽക്കോയ്മ നേടിയിട്ടും,     പിന്നീടു സകല രംഗത്തുമുള്ള പുരോയാനങ്ങളെ ഏറ്റെടുത്തു മുന്നേറുന്ന മിടിപ്പുകളെയും കുതിപ്പുകളെയും ആവാഹിച്ചെടുക്കുന്നുണ്ട്, വാക്കിലേക്കു വിളിച്ചിരുത്തുന്നുണ്ടു നഗരത്തെക്കുറിച്ചുള്ള ഈ ഗാഥ. മഹാനഗരം വിളമ്പി വെക്കുന്ന ദേശപ്പെരുമയുടെ ഗന്ധം, വിളിച്ചുണർത്തുന്നയോർമ്മകളുടെ സുഗന്ധമായി മാറുകയാണു നോവലിൽ. നാളെകൾ കാത്തു സൂക്ഷിക്കാനുള്ള പുസ്തകങ്ങൾക്കിടയിലൊരിടം നഗരം കൊണ്ടു കണ്ടെത്തിയ നോവലിന്റെ കഥ. മധുരത്തെരുവ്- മാനാഞ്ചിറയിലെ കാറ്റ് പറയുന്ന കഥ.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News