Sorry, you need to enable JavaScript to visit this website.

വിദേശികള്‍ക്ക് സൗദി പൗരത്വം; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത

റിയാദ്- സൗദി വനിതകളെ വിവാഹം ചെയ്യുന്ന വിദേശികള്‍ക്ക് സൗദി പൗരത്വം ലഭിക്കുമെന്ന തെറ്റായ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സൗദി പൗരത്വ നിയമത്തില്‍ കഴിഞ്ഞ ദിവസം വരുത്തിയ ഭേദഗതിയാണ് സൗദി സ്ത്രീകളെ വിവാഹം ചെയ്യുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കിത്തുടങ്ങിയെന്ന പ്രചാരണത്തിന്റെ അടിസ്ഥാനം.
എന്നാല്‍ സൗദി വനിതകളില്‍ വിദേശികള്‍ക്ക് ജനിച്ച മക്കള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ പൗരത്വം ലഭിക്കുന്നതു സംബന്ധിച്ചാണ് പൗരത്വ നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതി. അതുതന്നെ ഇതുവരെ സൗദി ആഭ്യന്തര മന്ത്രാലയത്തില്‍ നിക്ഷിപ്തമായിരുന്ന അധികാരം പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജുകമാരനിലേക്ക് മാറ്റിയെന്നതാണ്.
സൗദി വനിതകളില്‍ ജനിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ പൗരത്വം അനുവദിക്കാന്‍ ഇതുവരെ ആഭ്യന്തര മന്ത്രിക്കുണ്ടായിരുന്ന അധികാരം ഇനിമുതല്‍ പ്രധാനമന്ത്രിയുടെ ഉത്തരവ് അനിവാര്യമാക്കുന്നുവെന്നതാണ് എട്ടാം വകുപ്പിലെ ഭേദഗതി. സൗദി വനിതകളുടെ മക്കള്‍ക്ക് പൗരത്വം അനുവദിക്കുന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്ക് ശിപാര്‍ശ ചെയ്യാന്‍ മാത്രമേ സാധിക്കു. പ്രധാനമന്ത്രിയാണ് അന്തിമമായി അനുമതി നല്‍കേണ്ടത്.  പൗരത്വം നല്‍കുന്ന കാര്യത്തില്‍ കുറേക്കൂടി സൂക്ഷ്മത വരുന്നു എന്നതാണ്  നിയമത്തിലെ എട്ടാം വകുപ്പില്‍ വരുത്തിയിരിക്കുന്ന ഭേദഗതി വ്യക്തമാക്കുന്നത്.
ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സൗദി വനിതകളെ വിവാഹം ചെയ്താല്‍ വിദേശികള്‍ക്ക് പൗരത്വം ലഭിക്കുമെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. വിദേശികളുടെ മക്കള്‍ക്ക് പൗരത്വത്തിനു അപേക്ഷിക്കാന്‍ 18 വയസ്സ് പൂര്‍ത്തിയാകണമെന്നതിനു പുറമെ വേറെയും നിബന്ധനകള്‍ ബാധകമാണ്. അറബി ഭാഷ സംസാരിക്കാന്‍ കഴിയണം, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ല, നല്ല സ്വഭാവത്തിന്റെ ഉടമകളായിരിക്കണം തുടങ്ങിയവ നിബന്ധനകളാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സൗദി വനിതകളെ വിവാഹം ചെയ്താലുടന്‍ ഇന്ത്യക്കാര്‍ക്ക് സൗദി പൗരത്വം ലഭിക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ വിവാഹം ചെയ്ത ഇന്ത്യക്കാരുടെ മക്കള്‍ക്ക് മാത്രമാണ് 18 വയസ്സ് കഴിഞ്ഞാല്‍ പൗരത്വം ലഭിക്കുക. സൗദി അറേബ്യക്ക് ആവശ്യമായ സവിശേഷ പ്രൊഫഷനുകളിലുള്ളവര്‍ക്ക് ഈയടുത്തായി പൗരത്വം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.
പിതാവ് സൗദി പൗരനാണെങ്കില്‍ കുട്ടികള്‍ക്ക് ഉടന്‍ തന്നെ പൗരത്വം ലഭിക്കും. മാതാവ് സൗദി വനിതയും പിതാവ് വിദേശിയുമാണെങ്കില്‍ മക്കള്‍ക്ക് പൗരത്വം ലഭിക്കാന്‍ 18 വയസ്സ് പൂര്‍ത്തിയാകണം. സൗദി ഭര്‍ത്താവിന്റെ വിദേശിയായ ഭാര്യക്ക് പൗരത്വം ലഭിക്കാനും നിബന്ധനകളുണ്ട്. വിവാഹം അഞ്ച് വര്‍ഷം പിന്നിടണം. ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കണം. വിവാഹം സൗദി സര്‍ക്കാര്‍ അംഗീകരിക്കണമെന്നതോടൊപ്പം പൗരത്വത്തിനുള്ള 17 പോയിന്റുകള്‍ പൂര്‍ത്തീകരിക്കണം. സൗദിയിലെ താമസം, വിദ്യാഭ്യാസ യോഗ്യത, ജോലി, സൗദി രക്ത ബന്ധുക്കള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പോയിന്റ് സംവിധാനമാണ് നിലവില്‍ പൗരത്വം അനുവദിക്കാന്‍ പിന്തുടരുന്നത്. 33 പോയിന്റുകളില്‍ 23 പോയിന്റ് നേടിയവരുടെ അപേക്ഷകളാണ് പൗരത്വത്തിനായി ആഭ്യന്തര മന്ത്രാലയം പരിശോധിക്കുക.
സൗദി അറേബ്യക്ക് ആവശ്യമായ സവിശേഷ പ്രൊഫഷനുകളിലുള്ള വിദേശികളല്ലെങ്കില്‍ സൗദി പൗരന്മാരെ വിവാഹം ചെയ്യുകയും മക്കള്‍ ജനിക്കുകയും ചെയ്ത വിദേശ വനിതകള്‍ക്ക് മാത്രമാണ് നിലവില്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗം.   

 

Latest News