Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ അതിക്രമം തുടരുന്നു, എട്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ തകര്‍ത്തു

വെസ്റ്റ് ബാങ്കിലെ ഫലസ്തീനി ഭവനങ്ങളില്‍ ഒന്ന് ഇസ്രായില്‍ സൈന്യം പൊളിക്കുന്നു.
അല്‍അഖ്‌സ മസ്ജിദ് കോംപൗണ്ടില്‍ അതിക്രമിച്ചു കയറിയ ജൂത കുടിയേറ്റക്കാര്‍.

വെസ്റ്റ് ബാങ്ക്- അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പന്ത്രണ്ടു ദിവസത്തിനിടെ ഇസ്രായില്‍ സൈന്യം എട്ടു ഫല്‌സ്തീനികളെ വെടിവെച്ചുകൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ മാസം വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ 124 വീടുകളും സ്ഥാപനങ്ങളും ഇസ്രായില്‍ സൈന്യം ഇടിച്ചുനിരത്തിയതായി ഫലസ്തീന്‍ മനുഷ്യാവകാശ കേന്ദ്രം അറിയിച്ചു. ഫലസ്തീനികളുടെ 55 വീടുകളും 69 സ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളുമാണ് ഡിസംബറില്‍ ഇസ്രായില്‍ അധികൃതര്‍ ഇടിച്ചുനിരത്തിയത്. ഇക്കൂട്ടത്തില്‍ ചില വീടുകളും സ്ഥാപനങ്ങളും സ്വന്തം കൈകളാല്‍ പൊളിക്കാന്‍ ഉടമമകളെ ഇസ്രായില്‍ സൈന്യം നിര്‍ബന്ധിച്ചു.
കഴിഞ്ഞ ദിവസം ഹെബ്രോണ്‍ നഗരത്തിന് തെക്ക് മുസാഫിര്‍ യത്താ എന്ന പ്രദേശത്ത് അതിക്രമിച്ചു കയറിയ ഇസ്രായില്‍ സൈന്യം അഞ്ചു വീടുകള്‍ പൊളിക്കാനും മൂന്നു കിണറുകള്‍ നശിപ്പിക്കാനും തീരുമാനിച്ച കാര്യം ഉടമകളെ അറിയിച്ചു. ജെറീക്കോക്ക് വടക്ക് വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കും ഫലസ്തീനികളുടെ സ്വത്തുവകകള്‍ക്കും നേരെ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഭാഗമായി അല്‍ജഫ്തലക് ഗ്രാമത്തില്‍ ഫലസ്തീനികളുടെ വിശാലമായ കൃഷിയിടങ്ങള്‍ ജൂത കുടിയേറ്റക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നശിപ്പിച്ചു. ഖല്‍ഖിലിയയില്‍ ഫലസ്തീനി കര്‍ഷകരുടെ ഡസന്‍ കണക്കിന് ഒലീവ് മരങ്ങള്‍ ജൂത കുടിയേറ്റക്കാര്‍ പിഴുതെറിയുകയും ചെയ്തതായി ഫലസ്തീന്‍ മനുഷ്യാവകാശ കേന്ദ്രം പറഞ്ഞു.
അല്‍അഖ്‌സ മസ്ജിദിനെതിരായ കൈയേറ്റങ്ങള്‍ ഇസ്രായില്‍ സൈന്യവും ജൂത കുടിയേറ്റക്കാരും വര്‍ധിപ്പിച്ചതായി ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം പറഞ്ഞു. 2022 ല്‍ അല്‍അഖ്‌സ മസ്ജിദ് കോംപൗണ്ടില്‍ ഇസ്രായില്‍ സൈന്യവും കുടിയേറ്റക്കാരും 262 തവണ അതിക്രമിച്ചുകയറി. കഴിഞ്ഞ കൊല്ലം 48,000 ലേറെ ജൂത കുടിയേറ്റക്കാര്‍ വിശുദ്ധ മസ്ജിദില്‍ അതിക്രമിച്ചുകയറി. അല്‍അഖ്‌സ മസ്ജിദും പുരാതന ജറൂസലമും ജൂതവല്‍ക്കരിക്കാനുള്ള ആറു അപകടകരമായ പദ്ധതികളും കഴിഞ്ഞ വര്‍ഷം ഇസ്രായില്‍ നടപ്പാക്കാന്‍ ശ്രമിച്ചു.
കഴിഞ്ഞ കൊല്ലം ഹെബ്രോണിലെ ഇബ്രാഹിം മസ്ജിദില്‍ 613 തവണ ബാങ്ക് വിളി ഇസ്രായില്‍ സൈന്യം വിലക്കി. പത്തു ദിവസം ഇബ്രാഹിം മസ്ജിദ് ഇസ്രായില്‍ സൈന്യം അടപ്പിച്ചു. വെസ്റ്റ് ബാങ്കിലെ മറ്റു 24 മസ്ജിദികുള്‍ക്കു നേരെയും ഇസ്രായില്‍ കൈയേറ്റങ്ങള്‍ നടത്തി. അല്‍അഖ്‌സ മസ്ജിദ് കോംപൗണ്ടില്‍ സംഘടിത പ്രാര്‍ഥനക്ക് ജൂത കുടിയേറ്റക്കാര്‍ക്ക് ഇസ്രായില്‍ അനുമതി നല്‍കിയതോടെ കുടിയേറ്റക്കാര്‍ അല്‍അഖ്‌സയില്‍ പലതവണ സംഘടിത പ്രാര്‍ഥനകള്‍ നിര്‍വഹിച്ചു.
അല്‍അഖ്‌സ മസ്ജിദില്‍ ഇസ്രായില്‍ സൈന്യത്തിന്റെയും ജൂത കുടിയേറ്റക്കാരുടെയും അതിക്രമിച്ചുകയറല്‍ വര്‍ധിച്ചിട്ടുണ്ട്. ജൂതന്മാരുടെ വ്യത്യസ്ത ആഘോഷ പരിപാടികള്‍ക്കിടെ അല്‍അഖ്‌സ മസ്ജിദും പരിസര പ്രദേശങ്ങളും ഇസ്രായില്‍ സൈനിക ബാരക്ക് ആക്കി മാറ്റുകയാണ്. ഇസ്രായിലികളുടെ ചടങ്ങുകള്‍ക്കിടെ അല്‍അഖ്‌സയില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നവരെ ഇസ്രായില്‍ സൈന്യം മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും അല്‍അഖ്‌സ കോംപൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. അല്‍അഖ്‌സ കോംപൗണ്ടിലും ഇതിനു താഴെയും ഇസ്രായില്‍ നടത്തുന്ന ഖനനങ്ങളുടെ ഫലമായി അല്‍അഖ്‌സയിലെ പഴയ നമസ്‌കാര സ്ഥലത്തെ തൂണുകളില്‍ ഒന്നില്‍ നിന്ന് മണ്ണുകള്‍ അടര്‍ന്നുവീണതായും ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News