Sorry, you need to enable JavaScript to visit this website.

 ഒരു വര്‍ഷമായി പോലീസ് പിറകെ ഉണ്ടായിരുന്നു; ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ആള്‍ അറസ്റ്റിലായത് പുതിയ വിവാഹത്തിനൊരുങ്ങുമ്പോള്‍

കൊച്ചി- ഒന്നര വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എടവനക്കാട് വാച്ചാക്കല്‍ പടിഞ്ഞാറ് ഭാഗത്ത് അറക്കപ്പറമ്പില്‍ വീട്ടില്‍ സജീവ് (48) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2021 ആഗസ്തിലാണ് സജീവിന്റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഞാറക്കല്‍ പോലീസില്‍ ഇയാള്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇക്കാലമത്രയും ഒന്നുമറിയാതതുപോലെ അഭിനയിച്ചു നടന്ന ഇയാളുടെ പിന്നാലെ പോലീസുമുണ്ടായിരുന്നു. ഒരു വര്‍ഷമായി നിരീക്ഷണത്തിലായിരുന്ന ഇയാളെ  തെളിവുകള്‍ സമാഹരിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. രമ്യയുടെ ഫോണ്‍ വിളികളും മറ്റും മൂലമുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് കുഴിച്ചിടുകയും വീട്ടില്‍ത്തന്നെ ഒന്നരവര്‍ഷമായി താമസിക്കുകയുമായിരുന്നു.ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ സിറ്റൗട്ടിനു സമീപത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ്.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ. നേതൃത്വത്തില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ബിജി ജോര്‍ജ്ജ്, മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളി, ഞാറയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍.കെ.അരമന, മുനമ്പം ഇന്‍സ്‌പെക്ടര്‍ എ.എല്‍.യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ മാഹിന്‍സലിം, വന്ദന കൃഷ്ണന്‍ , വി.എം.ഡോളി, എ.എസ്.ഐമാരായ ദേവരാജ്, ഷാഹിര്‍. സി.പി.ഒ മാരായ ഗിരിജാവല്ലഭന്‍, സ്വരാഭ്, സിമില്‍, പ്രീജന്‍, ലിബിഷ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News