കടുവയുടെ ആക്രമണത്തില്‍ കൊല്ല്‌പ്പെട്ട സാലുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം അടിയന്തര സഹായം

കല്‍പ്പറ്റ- കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസ് എന്ന സാലുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ ആദ്യഗഡു അനുവദിക്കാന്‍ വനംമന്ത്രിയുടെ നിര്‍ദ്ദേശം. 

വ്യാഴാഴ്ച രാവിലെയാണ് കൃഷിയിടത്തില്‍ വെച്ച് സാലുസിനെ കടുവ ആക്രമിച്ചത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസിനെ പ്രാഥമിക ചികിത്സ നല്‍കിയശേഷം തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരിക്കുകയായിരുന്നു. കര്‍ഷകന്റെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധമാണുണ്ടായത്. 

വ്യാഴാഴ്ച രാവിലെ പ്രദേശത്ത് കടുവയുടെ കാല്‍പാദം കണ്ടതോടെ ജനങ്ങള്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. കടുവ പോയ വഴി നാട്ടുകാര്‍ കാണിച്ചുകൊടുത്തെങ്ിലും വനം വകുപ്പ് പരിശോധിച്ചില്ലെന്നും അതിനു പിന്നാലെയാണ് സാലുവിനു നേരെ ആക്രമണം നടന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

Latest News