Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് തലവന്റേത് മുൻ നേതാക്കളുടെ വിദ്വേഷ രചനകളുടെ പുതുക്കൽ; നിഷ്ഠൂരമെന്ന് സി.പി.എം

ന്യൂദൽഹി - ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നടത്തിയ നിഷ്ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണെന്ന് സി.പി.എം പി.ബി വ്യക്തമാക്കി
 രാജ്യത്ത് സുരക്ഷിതരായി കഴിയണമെങ്കിൽ മുസ്‌ലിംകൾ അവരുടെ മേല്‌ക്കോയ്മ മനോഭാവം ഉപേക്ഷിക്കണമെന്ന് മോഹൻ ഭാഗവത് ഭീഷണിപ്പെടുത്തുകയാണ് പി.ബി ആരോപിച്ചു. ഹിന്ദുക്കൾ യുദ്ധത്തിലാണെന്ന് പറയുന്ന മോഹൻ ഭാഗവത് ചരിത്രപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ ഹിന്ദു സമൂഹത്തിന്റെ ആക്രമണങ്ങളെ ന്യായീകരിക്കുകയാണ്. ആർ.എസ്.എസ് തലവൻ, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരു വിഭാഗം പൗരന്മാർക്കെതിരായി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സി.പി.എം ആരോപിച്ചു.
 ഹിന്ദു സമൂഹം അല്ല, ആർ.എസ്.എസ് ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിൻബലത്താലും ഹിന്ദുത്വ സംഘങ്ങളാണ് ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി അവരിൽ അരക്ഷിതബോധം സൃഷ്ടിക്കുന്നത്.
 കീഴ്‌പ്പെട്ടവരെന്ന് അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ജീവിക്കാൻ കഴിയൂ എന്ന് ആർ.എസ്.എസ് ആദ്യകാല നേതാക്കളായ ഹെഗ്‌ഡെവാറും ഗോൾവാൾക്കറും നടത്തിയ വർഗീയ വിദ്വേഷ രചനകളുടെ പുതുക്കൽ മാത്രമാണ് ഭഗവതിന്റെ പ്രസ്താവനയെന്നും ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്നും സി.പി.എം പി.ബി വ്യക്തമാക്കി.

Latest News