Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡൊ വാര്‍ത്ത നിഷേധിച്ച് അന്നസ്ര്‍

റിയാദ് - റൊണാള്‍ഡോയുമായുള്ള കരാറില്‍ സൗദിയുടെ ലോകകപ്പ് അംബാസഡര്‍ പദവിയുമുണ്ടെന്ന വാര്‍ത്ത അന്നസ്ര്‍ നിഷേധിച്ചു. 2030 ലെ ലോകകപ്പിനായി സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സഹകരിക്കുന്നതിന് 20 കോടി ഡോളര്‍ കൂടി റൊണാള്‍ഡോക്ക് ലഭിക്കുമെന്നായിരുന്നു വാര്‍ത്ത. 
അതിനിടെ, 19 ന് റിയാദ് കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് സീസണ്‍ കപ്പ് ഫുട്‌ബോളിന്റെ ഗോള്‍ഡന്‍ ടിക്കറ്റിന് 93 ലക്ഷം റിയാലിന്റെ ഓഫര്‍. സൗദി വ്യവസായി മുഹമ്മദ് അല്‍മുനജ്ജിമിന്റെ ഉടമസ്ഥതയിലുള്ള അസൂം ടെക്‌നോളജി കമ്പനിയാണ് തുക വഗ്ദാനം ചെയ്തതെന്ന് ലഭിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് അറിയിച്ചു. സങ്കല്‍പത്തിനുമപ്പുറം എന്ന് പേരിട്ട ടിക്കറ്റിന് സൗദി വ്യവസായി ഖാലിദ് അല്‍മുശറഫ് 90 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തിരുന്നു. ലേലം 17 വരെ തുടരും. ടിക്കറ്റ് തുക പൂര്‍ണമായും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന് കൈമാറുമെന്ന് തുര്‍ക്കി ആലുശൈഖ് അറിയിച്ചിട്ടുണ്ട്. 
അന്നസ്ര്‍-അല്‍ഹിലാല്‍ സംയുക്ത ടീം ഫ്രഞ്ച് ക്ലബ്ബ് ആയ പി.എസ്.ജിയുമായി ഏറ്റുമുട്ടുന്ന ഈ കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുവശത്തും ലിയണല്‍ മെസ്സി, നെയ്മാര്‍, കീലിയന്‍ എംബാപ്പെ എന്നിവര്‍ മറുവശത്തും ഇറങ്ങുമെന്നാണ് കരുതുന്നത്. മത്സരത്തിന്റെ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നിരുന്നു. ടിക്കറ്റ് ആവശ്യം 20 ലക്ഷം കവിഞ്ഞതിനെ തുടര്‍ന്നാണ് ഒരു ടിക്കറ്റ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ടിക്കറ്റിന് നിശ്ചയിച്ച കുറഞ്ഞ തുക പത്തു ലക്ഷം റിയാലായിരുന്നു. പ്രമുഖ വ്യവസായി അബ്ദുല്‍ അസീസ് ബഗ്‌ലഫ് 25 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്ത് ലേലത്തിന് തുടക്കം കുറിച്ചു. 
കളിക്കാരുടെ ഡ്രസ്സിംഗ് റൂമിലേക്കുള്ള പ്രവേശനം, ഇരു ടീമുകളിലെയും കളിക്കാര്‍ക്കൊപ്പം ഭക്ഷണം, കപ്പ് കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കല്‍, വിജയിക്കുന്ന ടീമിനൊപ്പം ഗ്രൂപ്പ് ഫോട്ടോ, മെസ്സിയുമായും റൊണാള്‍ഡോയുമായും കൂടിക്കാഴ്ച തുടങ്ങി നിരവധി നേട്ടങ്ങള്‍ ഗോള്‍ഡന്‍ ടിക്കറ്റ് ഉടമക്ക് ലഭിക്കും.

Latest News