സൗദിയില്‍നിന്ന് 2,10,000 പേര്‍ക്ക് ഹജിന് അവസരം ലഭിക്കും; രജിസ്‌ട്രേഷന്‍ തുടരുന്നു

ഡോ. സാഅദ് അല്‍ജുഹനി

മക്ക - ഈ വര്‍ഷം സൗദി അറേബ്യക്കകത്തു നിന്ന് 1,80,000 മുതല്‍ 2,10,000 വരെ പേര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് ആഭ്യന്തര ഹജ് സര്‍വീസ് കമ്പനി ഏകോപന സമിതി പ്രസിഡന്റ് ഡോ. സാഅദ് അല്‍ജുഹനി വെളിപ്പെടുത്തി. മിനായിലെ ആധുനിക പാര്‍പ്പിട സൗകര്യങ്ങളില്‍ 15 ശതമാനം ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ട്. ഈ വര്‍ഷം സൗദിയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള 20 ലക്ഷത്തോളം പേര്‍ ഹജ് നിര്‍വഹിക്കും. കഴിഞ്ഞ കൊല്ലം പത്തു ലക്ഷം പേര്‍ക്കാണ് ഹജ് അവസരം ലഭിച്ചത്.
ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന മേഖലയില്‍ 180 കമ്പനികളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നര ലക്ഷം ഹാജിമാര്‍ക്ക് സേവനം നല്‍കാന്‍ ഈ കമ്പനികള്‍ക്ക് ശേഷിയുണ്ട്. വരുമാനം കുറഞ്ഞവര്‍ക്കുള്ള ഇക്കോണമി പാക്കേജ് അടങ്ങിയതിനാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച ഹജ് പാക്കേജുകളാണ് ഇത്തവണയുള്ളത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആറു മാസം മുമ്പ് ഹജ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. മുമ്പ് ഹജ് കര്‍മം നിര്‍വഹിക്കാത്തവര്‍ക്കാണ് രജിസ്‌ട്രേഷന്റെ തുടക്കത്തില്‍ അവസരം നല്‍കുന്നത്. അഞ്ചും അതിലധികവും വര്‍ഷം മുമ്പ് ഹജ് നിര്‍വഹിച്ചവര്‍ക്ക് അല്‍പ കാലത്തിനു ശേഷം ഹജ് രജിസ്‌ട്രേഷന് അവസരമൊരുക്കുമെന്നും ഡോ. സാഅദ് അല്‍ജുഹനി പറഞ്ഞു.
സ്വദേശികളും വിദേശികളും അടക്കം 70,000 ലേറെ പേര്‍ ഇതിനകം ഹജിന് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് ഹജ് പാക്കേജ് നിരക്ക് ഒറ്റത്തവണയായി അടക്കുന്നതിനു പകരം ഇത്തവണ ഹജ് പാക്കേജ് നിരക്ക് ഗഡുക്കളായി അടക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം നല്‍കാനും തീര്‍ഥാടകരുടെ യാത്രകള്‍ എളുപ്പമാക്കാനും ഹജ് അനുഭവം സമ്പന്നമാക്കാനുമാണ് പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്നും ഡാ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു.
ഇന്തോനേഷ്യയില്‍ നിന്നുള്ള 2,21,000 പേര്‍ ഈ വര്‍ഷം ഹജ് നിര്‍വഹിക്കും. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യക്കാണ് ഏറ്റവും ഉയര്‍ന്ന ഹജ് ക്വാട്ട അനുവദിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള 1,79,000 പേരും ഈ വര്‍ഷം തീര്‍ഥാടന കര്‍മം നിര്‍വഹിക്കും. ഇന്തോനേഷ്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമായി നാലു ലക്ഷം പേര്‍ ഇത്തവണ ഹജിനെത്തും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News