ഇത്തവണ ഹജിന് ഒരുവിധ നിയന്ത്രണങ്ങളുമില്ല, മന്ത്രിയുടെ പ്രഖ്യാപനത്തിലെ വിശദ വിവരങ്ങള്‍

ജിദ്ദ - ഇത്തവണ ഹജിന് പ്രത്യേക നിയന്ത്രണങ്ങളും വ്യവസ്ഥകളും ഇല്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.ഹജ് തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് നിരക്ക് 109 റിയാലില്‍ നിന്ന് 29 റിയാലായി കുറച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് നിരക്കില്‍ 73 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ഉംറ തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി നിരക്ക് 235 റിയാലില്‍ നിന്ന് 88 റിയാലായും കുറച്ചിട്ടുണ്ട്. ജിദ്ദ സൂപ്പര്‍ഡോമില്‍ ആരംഭിച്ച, നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഹജ് എക്‌സ്‌പോ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹജ് തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയും ബാധകമല്ല. സംഘാടനത്തിലും നിയന്ത്രണങ്ങളിലും വ്യവസ്ഥകളിലുമെല്ലാം കോവിഡ്-19 വ്യാപനത്തിനു മുമ്പ് പ്രാബല്യത്തിലുണ്ടായിരുന്ന അതേ രീതിയാണ് ഈ വര്‍ഷം ഹജിന് നിലവിലുണ്ടാവുക. തീര്‍ഥാടകരുടെ സേവനത്തിന് സൗദി അറേബ്യ വന്‍കിട പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 20,000 കോടിയിലേറെ റിയാല്‍ ചെലവഴിച്ചാണ് ഹറം വികസന പദ്ധതി നടപ്പാക്കുന്നത്. മസ്ജിദുന്നബവിയിലും വികസന പദ്ധതി നടപ്പാക്കുന്നുണ്ട്. വിശുദ്ധ ഹറമിനെയും മസ്ജിദുന്നബവിയെയും ബന്ധിപ്പിച്ച് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ 6,400 കോടി റിയാല്‍ ചെലവഴിച്ചിട്ടുണ്ട്. മക്കക്കും മദീനക്കുമിടയിലെ യാത്രാ സമയം രണ്ടു മണിക്കൂറായി കുറക്കാന്‍ ഹറമൈന്‍ ട്രെയിന്‍ പദ്ധതി സഹായിക്കുന്നു.
ഈ വര്‍ഷം മുതല്‍ ഉംറ വിസ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് സൗദിയിലെ ഏതു നഗരവും സന്ദര്‍ശിക്കാനും സാധിക്കും. ഈ വര്‍ഷം മുതല്‍ വിദേശ ഹജ് ഓഫീസുകളെ (മിഷനുകള്‍) തങ്ങളുടെ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്ന ലൈസന്‍സുള്ള ഏതു കമ്പനിയുമായും കരാറുകള്‍ ഒപ്പുവെക്കാനും അനുവദിച്ചിട്ടുണ്ടെന്ന് ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.
57 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക സംഘങ്ങള്‍ ഹജ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. അറബ്, ഇസ്‌ലാമിക ലോകത്തെ എല്ലാ രാജ്യങ്ങളുമായും പ്രാദേശികമായും ആഗോളമായും ആശയവിനിമയം ശക്തിപ്പെടുത്താനുള്ള പ്രധാന ജാലകമാണ് ഹജ് എക്‌സ്‌പോ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക്, ഔഖാഫ്, ഹജ് കാര്യ മന്ത്രിമാരും സൗദിയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും കോണ്‍സലുമാരും ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 200 ലേറെ സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഹജ് എക്‌സ്‌പോയില്‍ പത്തു പ്രധാന സെഷനുകളും 13 ഡയലോഗ് സെഷനുകളും ഹജ് ടോക്ക് സെഷനുകളും 36 ശില്‍പശാലകളും നടക്കും.
ഹജ്, ഉംറ മന്ത്രിക്കു പുറമെ, ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്, ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, അസിസ്റ്റന്റ് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി സെക്രട്ടറി ജനറലുമായ ജനറല്‍ സഈദ് അല്‍ഖഹ്താനി, ഡെപ്യൂട്ടി വിദേശ മന്ത്രി എന്‍ജിനീയര്‍ വലീദ് അല്‍ഖിരീജി, മക്ക റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍റശീദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News