Sorry, you need to enable JavaScript to visit this website.

ബെന്‍സീമയും സംഘവുമെത്തി, സൂപ്പര്‍കപ്പിന് റിയാദ് ഒരുങ്ങി

റിയാദ് - ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമയുള്‍പ്പെടെ താരനിര എത്തിയതോടെ സ്പാനിഷ് സൂപ്പര്‍കപ്പ് ഫുട്‌ബോളിന് റിയാദ് ഒരുങ്ങി. ബെന്‍സീമയുടെ റയല്‍ മഡ്രീഡും ഷാവി പരിശീലിപ്പിക്കുന്ന ബാഴ്‌സലോണയും റയല്‍ ബെറ്റിസ്, വലന്‍സിയ ടീമുകളുമാണ് ബുധനവാഴ്ച ആരംഭിക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മാറ്റുരക്കുക. റയല്‍ ബുധനാഴ്ച വലന്‍സിയയുമായും ബാഴ്‌സലോണ വ്യാഴാഴ്ച ബെറ്റിസുമായും ഏറ്റുമുട്ടും. സ്പാനിഷ് ഫുട്‌ബോള്‍ സീസണിലെ ആദ്യ ട്രോഫിയായിരിക്കും റിയാദില്‍ നിശ്ചയിക്കപ്പെടുക. ഞായറാഴ്ചയാണ് ഫൈനല്‍. 
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് സ്പാനിഷ് സൂപ്പര്‍ കപ്പിന് സൗദി അറേബ്യ വേദിയൊരുക്കുക. റയലാണ് നിലവിലെ ചാമ്പ്യന്മാര്‍. ഇത്തവണ എല്ലാ മത്സരങ്ങളും റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ്. 2029 സ്പാനിഷ് സൂപ്പര്‍ കപ്പ് സൗദിയില്‍ സംഘടിപ്പിക്കാന്‍ 12 കോടി ഡോളറിന്റെ കരാറില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒപ്പിട്ടിരുന്നു. 
ലീഗ് ചാമ്പ്യന്മാരെന്ന നിലയിലാണ് ഇത്തവണ റയല്‍ യോഗ്യത നേടിയത്. ബാഴ്‌സലോണ ലീഗ് റണ്ണേഴ്‌സ്അപ്പാണ്. കോപ ഡെല്‍റേ ഫൈനലിസ്റ്റുകളാണ് ബെറ്റിസും വലന്‍സിയയും. ബാഴ്‌സലോണയാണ് കൂടുതല്‍ തവണ സ്പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായത് -13 തവണ. റയലിന് 12 കിരീടങ്ങളുണ്ട്. 
 

Latest News