ഇതു താന്‍ടാ പോലീസ്.... കൊടുക്കാം ഒരു സല്യൂട്ട്

 


കസ്റ്റഡി മരണങ്ങളുടെയും പോലീസ് അതിക്രമങ്ങളുടേയും വാര്‍ത്തകള്‍ ഒഴുകിപ്പരക്കുന്ന കാലത്ത്, ഒരു പോലീസുകാരന്‍ തന്റെ കര്‍ത്തവ്യനിര്‍വഹണത്തില്‍ കാണിക്കുന്ന അതീവ സൂക്ഷ്മതയും സത്യസന്ധതയും ആത്മാര്‍ഥതയും തീര്‍ച്ചയായും സല്യൂട്ട് ചെയ്യപ്പെടേണ്ടതാണ്. പഴികള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട പോലീസുകാരോട് ചെയ്യുന്ന നീതിയായിരിക്കും അത്.
കെ.ജെ. ജേക്കബ് ഫെയ്‌സ് ബുക്കില്‍ എഴുതുന്നു:


കഴിഞ്ഞയാഴ്ച വന്ന വാര്‍ത്തയാണ്.

മധ്യവയസ്കരായ ദമ്പതികള്‍ ഇടപ്പളിയില്‍നിന്നു ആലുവയ്ക്കു ബസില്‍ കയറുന്നു. ഏറ്റവും പിറകിലത്തെ സീറ്റില്‍ ഇരിക്കുന്നു. ഇടയ്‌ക്കെപ്പോഴോ ബസ് സഡന്‍ ബ്രെയ്ക്കിടുന്നു, സ്ത്രീ തെറിച്ച് മുന്‍പിലേക്ക് വീഴുന്നു, നടുവിന് സാരമായ പരിക്ക് പറ്റുന്നു. ബസ് ജീവനക്കാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോലുന്നു. ദമ്പതികളെ അവിടെവിട്ടു മുങ്ങുന്നു.

പരിശോധനയില്‍ നട്ടെല്ലിന് സാരമായ പരിക്കുണ്ടെന്നു കാണുന്നു, കൂടുതല്‍ വലിയ ആശുപത്രിയിലേക്ക് മാറ്റുന്നു. ചികിത്സയ്ക്കായി വന്‍ തുക ചെലവാകുന്നു. നിര്ധനരാണവര്‍, പണം എങ്ങിനെ അടയ്ക്കും എന്നതിനെപ്പറ്റി യാതൊരു ധാരണയുമില്ല.

അവര്‍ പോലീസില്‍ പരാതി നല്‍കുന്നു. ഏതു ബസാണ് എന്നോ, ജീവനക്കാര്‍ ആരാണെന്നോ അവര്‍ക്കറിയില്ല. ടിക്കറ്റ് പോലുമില്ല.

സാധാരണ പോലീസുകാര്‍ക്ക് വേണമെങ്കില്‍ കേസ് അവിടെ വച്ച് അവസാനിപ്പിക്കാം. പക്ഷെ ആലുവ ട്രാഫിക് എസ് ഐ മുഹമ്മദ് കബീറിന് അങ്ങിനെ തോന്നിയില്ല. അദ്ദേഹവും ടീമും അതിന്റെ പിറകെ പോയി. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. റൂട്ട് മാത്രം ഓര്‍മ്മയുണ്ട്. ദിവസവും. ചോദിച്ചുവന്നപ്പോള്‍ ബസില്‍ത്തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്

കാര്യം സുരേഷോബിയുടെ പോലെ ഐ ജി ഒന്നുമല്ലെങ്കിലും
കബീറിന്റെ തലയില്‍ വിളക്ക് തെളിഞ്ഞു, ആശുപതിയിലെത്തി, സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോള്‍ ബസ് അവിടെ വന്നിട്ടുണ്ട്. പിന്നെ കാര്യങ്ങള്‍ എളുപ്പമായി.

കേസ് രജിസ്റ്റര്‍ ചെയ്തു.

ജീവനക്കാരെ ശിക്ഷിക്കുക എന്നതൊക്കെ പിറകെ വരുന്ന വിഷയം. പക്ഷെ അവര്‍ക്കു ചികിത്സയ്ക്ക് ചിലവായ തുക ഇന്‍ഷുറന്‍സ് കമ്പനി വഴി കിട്ടും എന്നാണ് പ്രതീക്ഷ.

ദുരിതത്തിന്റെ നിത്യക്കയത്തില്‍ ആയിപ്പോകുമായിരുന്ന രണ്ടു മനുഷ്യര്‍ക്ക് നിയമത്തിന്റെ വഴിയിലൂടെ ആശ്വാസമെത്തിക്കാന്‍ സഹായിച്ച ആലുവ ട്രാഫിക് എസ് ഐ മുഹമ്മദ് കബീറിനും ടീമിനും അഭിവാദനങ്ങള്‍.

 

Latest News