Sorry, you need to enable JavaScript to visit this website.

ദിര്‍ഇയ; സൗദിയില്‍ അഞ്ചാമത്തെ ബൃഹദ് വികസന പദ്ധതി ഏറ്റെടുത്ത് പൊതുനിക്ഷേപ ഫണ്ട്

റിയാദ് - ദിര്‍ഇയ വികസന പദ്ധതി ചുമതല സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയതായി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ഇതോടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴില്‍ സൗദിയില്‍ നടപ്പാക്കുന്ന അഞ്ചാമത്തെ ബൃഹദ് വികസന പദ്ധതിയായി ദിര്‍ഇയ പദ്ധതി മാറി. നിയോം, റെഡ്‌സീ, ഖിദിയ, റോശന്‍, ദിര്‍ഇയ എന്നീ പദ്ധതികളാണ് ഫണ്ട് നടപ്പാക്കുന്നത്. സമ്പന്നമായ സാംസ്‌കാരിക, പൈതൃക, വിനോദ സഞ്ചാര ആകര്‍ഷണങ്ങളാല്‍ ലോകത്തിലെ അതുല്യമായ പദ്ധതികളില്‍ ഒന്നായി മാറ്റാനാണ് ദിര്‍ഇയ പദ്ധതി ചുമതല പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയതെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ദിര്‍ഇയ പദ്ധതി ഉള്‍പ്പെടെയുള്ള ദേശീയ സ്വത്വവും സൗദി സംസ്‌കാരവും, 300 വര്‍ഷത്തെ സൗദി ഭരണകൂട ചരിത്രത്തില്‍ ദിര്‍ഇയക്കുള്ള ചരിത്ര, സാംസ്‌കാരിക, രാഷ്ട്രീയ മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന എല്ലാ പ്രധാന ഘടകങ്ങളുമായും ബന്ധപ്പെട്ട് കിരീടാവകാശി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് പുതിയ പ്രഖ്യാപനം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ ഒന്നായ തുറൈഫ് ഡിസ്ട്രിക്ട് പോലെയുള്ള രാജ്യത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ നിരവധി അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നത് ദിര്‍ഇയ പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നു. ആകര്‍ഷവും അതുല്യവുമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്ന നിരവധി പൈതൃക ഘടകങ്ങള്‍ ദിര്‍ഇയ വികസന പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. സാംസ്‌കാരികവും ചരിത്രപവുമായ പരിപാടികളിലൂടെയും മ്യൂസിയങ്ങളും മറ്റു കേന്ദ്രങ്ങളും സന്ദര്‍ശിച്ചും സൗദി അറേബ്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് പഠിക്കാന്‍ അവസരമൊരുക്കുന്ന വ്യതിരിക്തമായ അനുഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് ദിര്‍ഇയ പദ്ധതി നല്‍കും.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് രാജ്യത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികള്‍. വിവിധ മേഖലകളില്‍ നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പുറമെ, രാജ്യത്തിന്റെ വൈവിധ്യവല്‍ക്കരണ ശ്രമങ്ങളെയും സാമ്പത്തിക വികസനത്തെയും പിന്തുണക്കുന്നതില്‍ നല്ല സ്വാധീനം ചെലുത്തുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പുതിയ മേഖലകള്‍ ആരംഭിക്കാനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ശേഷിയുണ്ട്.
ദിര്‍ഇയ വികസന പദ്ധതി സൗദിയില്‍ തന്ത്രപരമായ നിരവധി മേഖലകള്‍ക്ക് കരുത്തുപകരുകയും സ്വകാര്യ മേഖലാ പങ്കാളിത്തത്തിന് അവസരമൊരുക്കുകയും ഒരുകൂട്ടം നിക്ഷേപാവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഹോട്ടലുകളുടെയും പാര്‍പ്പിട യൂനിറ്റുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സാംസ്‌കാരിക കേന്ദ്രങ്ങളുടെയും നിര്‍മാണം, മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പദ്ധതി നിരവധി നിക്ഷേപാവസരങ്ങള്‍ നല്‍കും. ആയിരക്കണക്കണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും മേഖലയില്‍ ജീവിത ഗുണനിലവാരം ഉയര്‍ത്താനും പദ്ധതി സഹായകമാകും.
ദിര്‍ഇയയുടെ പൈതൃകവും ചരിത്രവും സംരക്ഷിക്കാനും ദിര്‍ഇയ നിവാസികളെ സേവിക്കാനും 2017 ല്‍ രാജകല്‍പന പ്രകാരം സ്ഥാപിതമായ ദിര്‍ഇയ ഗെയ്റ്റ് വികസന അതോറിറ്റി അതിന്റെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളില്‍ റെഗുലേറ്ററി, സൂപ്പര്‍വൈസറി ദൗത്യങ്ങള്‍ വഹിക്കുന്നത് തുടരും. ടൂറിസം, സാംസ്‌കാരിക മേഖലകള്‍ പോലുള്ള സുപ്രധാന മേഖലകളുടെ വികസനത്തില്‍ പങ്കാളിത്തം വഹിച്ച് വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പിന്തുടരുന്ന തന്ത്രവുമായി ദിര്‍ഇയ വികസന പദ്ധതി ഒത്തുപോകുന്നു. മേഖലാ, ആഗോള തലത്തില്‍ മുന്‍നിര വിനോദ സഞ്ചാര, സാംസ്‌കാരിക ലക്ഷ്യസ്ഥാനം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News