Sorry, you need to enable JavaScript to visit this website.

ഇന്ത്യയുമായി സൗദി ഹജ് കരാർ ഒപ്പുവെച്ചു, ഇത്തവണ ഒന്നേമുക്കാൽ ലക്ഷം ഹാജിമാർ

ജിദ്ദ - സൗദി അറേബ്യയുമായി ഇന്ത്യ ഈ വർഷത്തെ ഹജ് കരാർ ഒപ്പുവെച്ചു. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് ഇന്ത്യക്ക് വേണ്ടി കരാറിൽ ഒപ്പുവെച്ചത്.  ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള ഹജ് മന്ത്രാലയ പ്രതിനിധികളുമായുള്ള കരാറിൽ ഒപ്പുവെക്കുന്നത്. 175025 പേരാണ് ഇക്കുറി ഇന്ത്യയിൽനിന്ന് ഹജിന് എത്തുന്നത്. കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിക്ക് സമീപത്തുള്ളജിദ്ദ ഡോമിൽ നടക്കുന്ന എക്‌സിബിഷനിലാണ് ഹജ് കരാർ ഒപ്പിട്ടത്.  ഹജ് ക്വാട്ടകൾ, ഈ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ സൗദിയിൽ പ്രവേശിക്കുകയും രാജ്യത്ത് നിന്ന് പുറത്തുപോവുകയും ചെയ്യേണ്ട അതിർത്തി പോസ്റ്റുകൾ, ഹജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങൾ എന്നിവയെല്ലാം കരാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 19 രാജ്യങ്ങളുമായാണ് ഇതേവരെ കരാറുകൾ ഒപ്പിട്ടത്. ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, തുർക്കി, കസാക്കിസ്ഥാൻ, സുഡാൻ, യെമൻ, ഗിനി, ഐവറി കോസ്റ്റ്, ഉസ്‌ബെക്കിസ്ഥാൻ, ബഹ്‌റൈൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇസ്‌ലാമികാര്യ മന്ത്രിമാരും ആഭ്യന്തര, സുരക്ഷാ വകുപ്പ് മന്ത്രിമാരും കരാറിൽ ഒപ്പിട്ടു. സിറിയ, നൈജർ, എത്യോപ്യ, ഒമാൻ, മാലി, ചൈന, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളുമായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രിയും ഹജ് കരാറുകൾ ഒപ്പുവെച്ചു. 
ഹജുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ലോക രാജ്യങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ നൽകാൻ സൗദി അറേബ്യ പൂർത്തിയാക്കിയ ഒരുക്കങ്ങൾ എന്നിവയെല്ലാം സൗദി ഹജ്, ഉംറ മന്ത്രിയും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രിയും 19 രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകൾക്കിടെ വിശകലനം ചെയ്തു. 

Tags

Latest News