വിഷന്‍ 2047-മായി ഇന്ത്യന്‍ ഫുട്‌ബോള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിനെ 2047 ആകുമ്പോഴേക്കും ഏഷ്യയിലെ ഏറ്റവും മുന്‍നിരയില്‍ എത്തിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ. അടുത്ത 24 വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ ഫുട്‌ബോളിന്റെ സ്ട്രാറ്റജിക് റോഡ് മാപ്പ് ഫെഡറേഷന്‍ ചെയര്‍മാന്‍ കല്യാണ്‍ ചൗബേയും ജനറല്‍സെക്രട്ടറി ഷാജി പ്രഭാകരനും അവതരിപ്പിച്ചു. 25 വര്‍ഷത്തിനപ്പുറം ഫുട്‌ബോള്‍ രംഗത്ത് ഇന്ത്യയെ നിര്‍ണായക നിരയിലെത്തിക്കുമെന്ന് ഷാജി പ്രഭാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 
    ആറു ഘട്ടങ്ങളായി തിരിച്ചാണ് 2047 വരെയുള്ള കര്‍മപരിപാടികള്‍ രൂപീകരിച്ചിരിക്കുന്നത്. 2022 മുതല്‍ 2026 വരെയുള്ള പുതിയ മാനേജ്‌മെന്റ് കമ്മിറ്റി രാജ്യത്ത് ഫുട്‌ബോള്‍ മേഖലയുടെ മൊത്തത്തിലുള്ള വികസനം വിലയിരുത്തും. ഏഷ്യന്‍ ഫുട്‌ബോള്‍ നിരയില്‍ നാലാം റാങ്കിലെത്താനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. ആറ് ഏഷ്യന്‍ ലീഗുകളില്‍ ഒന്നാം നിരയിലേക്ക് ഉയരുകയും ചെയ്യും. പുരുഷ ഫുട്‌ബോള്‍ രംഗത്തിനു തുല്യമായി വനിത ഫുട്‌ബോള്‍ മേഖലയിലും വികസനം കൊണ്ടും വരും. വനിത ഫുട്‌ബോളിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും താരങ്ങള്‍ക്ക് മിചക്ക പ്രതിഫലവും നല്‍കും. ഇന്ത്യന്‍ കായിക രീതികളോട് ചേര്‍ന്ന് നില്‍ക്കുന്ന കോച്ചുകളെ വെച്ചു പരിശീലനം നല്‍കും. മികച്ച റഫറിമാരെയും കോച്ചുമാരെയും വാര്‍ത്തെടുക്കാനുള്ള പദ്ധതികളുമുണ്ടെന്ന് ഷാജി പ്രഭാകരന്‍ വിശദീകരിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ആദ്യമായി മാര്‍ക്കറ്റിംഗ് ടീമിനെക്കൂടി ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. 
    ഓരോ സംസ്ഥാനത്തും മികച്ച കായിക കേന്ദ്രങ്ങള്‍ രൂപീകരിക്കും. സ്വന്തമായി പരിശീലന ഗ്രൗണ്ടുകളോട് കൂടിയ 50 പ്രഫഷണല്‍ ക്ലബുകള്‍ സംസ്ഥാനങ്ങളില്‍ രൂപീകരിക്കും. നിലവില്‍ 4500 പ്രഫഷണല്‍ ക്ലബുകള്‍ എന്നത് 2047 ആകുമ്പോഴേക്കും 20,000 ആക്കും. വനിതകള്‍ക്കു മാത്രമായി 20 ക്ലബുകള്‍ രൂപീകരിക്കും. 2026 അകുമ്പോഴേക്കും സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ ഒരു ദശലക്ഷം കുട്ടികളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുമെന്നും ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. 
    

Latest News