അരങ്ങുകൾ കണ്ടെത്തിയും പുതിയ നാടകആശയങ്ങൾ പഠിച്ചും അവ നൂതനമായ രീതിയിൽ പ്രയോഗിച്ചും പ്രസിദ്ധനായി തീർന്ന ബാബു ഒലിപ്രം എന്ന കലാകാരനാണ് ആ തെരുവിൽ ഒച്ചവയ്ക്കുന്നത്.
കാലഘട്ടത്തിലെ അപചയങ്ങളെ തീവ്രമായ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം.അധികാരികൾക്കും ഭരണകൂടത്തിനും നേരെ ചോദ്യശരങ്ങൾ ഉയർത്തുന്നുണ്ട്.
ഓളവും കുളിരും കൊണ്ട് കുണുങ്ങിയൊഴുകുന്ന അരുവി പോലെയാണ് ചിലപ്പോൾ അദ്ദേഹത്തിന്റെ അവതരണം. ചിലപ്പോൾ അത് പൊട്ടിച്ചിതറിയ ചില്ലു പാത്രം പോലെയും.അങ്ങനെ അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ വേദനയും രാജ്യത്തെ പൗരത്വ പ്രശ്നവും വർഗീയതയും തൊഴിലില്ലായ്മയും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അതിക്രമങ്ങളുമെല്ലാം തെരുവുനാടകാവതരണത്തിന്റെ വിഷയങ്ങളാണ്.
കേരളത്തിൽ ഇത്തരം അവതരണങ്ങൾ പടർന്നുകിടന്ന ഒരു കാലമുണ്ടായിരുന്നു.നാടകമായിരുന്നു എല്ലാം.നാടിന്റെ നവോത്ഥാനത്തിനായി നാടകവും നാടകക്കാരനും എന്നും സമൂഹത്തിൽ നിലനിൽക്കേണ്ട ആവശ്യകത വലുതായിരുന്നു.

ഒട്ടേറെ ഘട്ടങ്ങളിൽ ചിലത് വിളിച്ചു പറഞ്ഞും തിരിച്ചറിവിന്റെ തീപ്പന്തം കത്തിച്ചുവച്ചും അതങ്ങനെ തെരുവുമൂലകളെ സമർഥമായി ഉണർത്തി.അക്കാദമിക പരിശീലന മികവില്ലാതെ,സ്വയാർജ്ജിത പരിജ്ഞാനത്താൽ ബാബു ഇന്നും അരങ്ങത്തുണ്ട്.
അരങ്ങിൽ ഒച്ചകൾ ഉയർന്നപ്പോഴാണല്ലോ കേരളം ഉണർന്നത്.ഇപ്റ്റ തിയേറ്റർ ഗ്രൂപ്പിന്റെ കലാസൃഷ്ടിയായ 'ചാവു നിലങ്ങൾ' ഒറ്റയാൾ നാടകവുമായി കേരളത്തിലെ അരങ്ങുകൾ കീഴടക്കാൻ എത്തുകയാണ് ബാബു ഒലിപ്രം.
ആയിരത്തിലധികം വേദികളിലും ആയിരക്കണക്കിന് സോഷ്യൽ മീഡിയ ഷെയറുകളിലൂടെയും വിനിമയം ചെയ്യപ്പെടുന്നത് ഒരു ചെറിയ കാര്യമല്ല. വിദ്യാലയങ്ങൾ മുതൽ ജയിലുകളിൽ വരെ പരിസ്ഥിതി നാശത്തിന്റെ മുന്നറിയിപ്പ് നൽകുന്ന നാടകം ഇതിനകം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഫാസിസത്തിനെതിരെ പൊരുതാൻ ആഹ്വാനം ചെയ്യുന്ന പോർമുഖവും കേരളത്തിലാകെ അവതരിപ്പിക്കപ്പെട്ട നാടകമാണ്.
ടീസ്റ്റ സെതൽവാദ് ഉദ്ഘാടനം ചെയ്ത കൊല്ലം ചിന്നക്കടയിലെ വി ദി പീപ്പിൾ വേദി മുതൽ ഇക്കഴിഞ്ഞ ദിവസം റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്ത വള്ളത്തോൾ നഗറിലെ വേദിയിലും പോർമുഖം അരങ്ങിൽ നിറഞ്ഞിരുന്നു.നിറഞ്ഞ കയ്യടിയോടെയാണ് നാടകപ്രേക്ഷകർ 'പോർമുഖം' സ്വീകരിച്ചത്.
പൗരത്വ ബില്ലുപയോഗിച്ച് മനുഷ്യരെ വർഗ്ഗീകരിച്ച് വിഭജിക്കുന്നതിനെതിരെ 'പൗരത്വഗ്രഹണം' എന്ന ഏകപാത്രനാടകവും സമരായുധമാക്കിയിരുന്നു ബാബു ഒലിപ്രം. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ സാക്ഷിയാക്കി യൂത്ത് ലീഗിന്റെ ഷഹീൻ ബാഗ് എന്ന് പേരിട്ട സമരവേദിയെ ജ്വലിപ്പിക്കാൻ ബാബു ഒലിപ്രം എത്തിയിരുന്നു.ഇന്നും സോഷ്യൽ മീഡിയയിൽ ആ നാടകത്തിനു കാഴ്ചക്കാരുണ്ട്.എടപ്പാളിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത വേദിയിലും രശ്മി രാമചന്ദ്രനും മുൻ എം എൽ എ ബൽറാമും പങ്കെടുത്ത വേദിയിലും ഏറെ പ്രശംസ നേടിയെടുക്കാൻ പൗരത്വഗ്രഹണം ഒറ്റയാൾ നാടകത്തിനായി. പൗരത്വസമരകാലത്ത് വിളിച്ച എല്ലാ വേദികളിലും നാടകവുമായി ഓടി എത്താൻ ആയില്ല എന്ന ഖേദമാണുള്ളത്.
ഫാസിസത്തിനെതിരെ നടക്കുന്ന സമര നിലങ്ങളിൽ ഏറെ ഉദ്ധരിക്കാറുള്ള നിമോയ്ളറുടെ കവിതയുടെ നാടകാവിഷ്ക്കാരമായ 'ബധിര മൂകാന്ധം' പ്രതികരണ ശേഷി തീർത്തും നഷ്ടമായിക്കൊണ്ടിരിക്കുന്ന തലമുറയെ ഉണർന്നെണീക്കാൻ ഓർമ്മപ്പെടുത്തുന്നതാണ്.പാടാനും പറയാനും ആടാനും വരയ്ക്കാനും എഴുതാനും ഉടുക്കാനും ഉണ്ണാനും വരെ തീട്ടൂരങ്ങൾ ഇറങ്ങുന്ന രാജ്യത്ത് അടിമപ്പെടുകയെന്നതല്ല രാജ്യസ്നേഹം എന്ന് ഓർമ്മപ്പെടുത്തുന്ന നാടകമാണത്.
ആരുറപ്പുള്ളവന്റെ പ്രത്യയശാസ്ത്രവും തുരുമ്പിക്കാത്ത ചക്രങ്ങളും വി.എച്ച്.ദിരാറിന്റെ 'സ്വിറാത്ത് പാലം' എന്ന സാഹിത്യ സൃഷ്ടിയുടെ അതേ പേരിലുള്ള സ്വതന്ത്ര നാടകാവിഷ്ക്കാരവും നിറവേറ്റലിന്റെ കരളുറപ്പും രാമനാട്ടുകര പി.ബാപ്പുട്ടിയുടെ ഇല്യ മൊയ്ലാളിയും എസ്.ആർ രവീന്ദ്രന്റെ കടൽപ്പാലവും അവതരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങൾ തന്നെയാണ്.കേരളത്തെ മാറ്റിമറിച്ച കയ്യൂർ മുതൽ പുന്നപ്ര വയലാർ വരെയുള്ള സമര പോരാട്ട ചരിത്രങ്ങളെ നാല്പത്തഞ്ച് മിനുട്ടു കൊണ്ട് അരങ്ങിൽ അവതരിപ്പിച്ച് വിസ്മയം തീർത്തതിന് മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രനിൽ നിന്ന് തിരുവനന്തപുരത്ത് കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളന വേദിയിൽ ഉപഹാരം ഏറ്റുവാങ്ങാൻ ആയതും സന്തോഷമുള്ള അനുഭവമാണെന്ന് ബാബു ഒലിപ്രം പറഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ ആദരവുകളും സ്വീകരണങ്ങളും ലഭ്യമായിട്ടുള്ള ബാബുഒലിപ്രം ഒരു പുരസ്ക്കാരലബ്ധിയുടെ നിറവിലാണ്.കോഴിക്കോടൻ കളിത്തട്ട് അഭിനയശ്രേഷ്ഠ പുരസ്ക്കാരം ഇത്തവണ ബാബു ഒലിപ്രത്തിനാണ്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി.കെ. ഗോപിയിൽ നിന്നും ഏറ്റുവാങ്ങി.
മലയാള നാടക വേദിക്ക് ഉൾക്കരുത്ത് പകരുന്നതിൽ ബാബു ഒലിപ്രം എന്ന കലാ കാരൻ വഹിക്കുന്ന പങ്ക് ചെറുതല്ല. അരങ്ങിന്റെ ഏതു സാധ്യതയും ഉപയോഗിച്ചുകൊണ്ട് കലാ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ബാബു ഒലിപ്രം. നാടകാവതരണ വേദികൾക്ക് കൊറോണ കാരണം ഉണ്ടായ ഇടവേളയ്ക്ക് ശേഷം ഏകപാത്ര നാടകവുമായി ഒരു സംസ്ഥാന നാടകയാത്രയ്ക്ക് തയ്യാറായി വരുമ്പോഴാണ് കോവിഡാനന്തര അസ്വസ്ഥതകൾ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചത്.
കേരളത്തിലെ പ്രധാന നഗരമൂലകളേയും വിദ്യാലയങ്ങളേയും വേദികളാക്കിയാണ് 'ചാവു നിലങ്ങൾ'എന്ന നാടകത്തിന്റെ പര്യടന തുടക്കം.അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ,യുവജന കലാ സാംസ്കാരിക സംഘടനകൾ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറയ്ക്കും നാടകം അവതരിപ്പിക്കാറുണ്ട്.കൂടുമ്പോൾ ഇമ്പമുണ്ടാകേണ്ട കുടുംബത്തിന്റെ ഇഴയടുപ്പം നഷ്ടപ്പെടുന്ന തരത്തിലേയ്ക്ക് രാസലഹരിയുടെ ആഘോഷങ്ങൾ ഗ്രാമസമാധാനങ്ങളിൽ പോലും കത്തി വെക്കുന്ന വർത്തമാനകാലമാണിത്. തെരുവിൽ പുതിയ രംഗ ഭാഷ സൃഷ്ടിച്ച വ്യക്തിയാണ് ബാബു ഒലിപ്രം.
കലയുടെ കാലികവും ജനാധിപത്യപരവുമായ സാങ്കേതങ്ങൾ ഇദ്ദേഹത്തിന്റെ നാടകങ്ങൾക്ക് കൂടെ സദാ സഞ്ചരിക്കുന്നു.
നാരായം,പയ്ക്കുട്ടി തുടങ്ങിയ സിനിമകളിലും ചിരി കിട തോം, ബുള്ളറ്റ് ബാവ തുടങ്ങിയ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.ദി പോലീസ് സ്റ്റോറി,ചിരി കിട തോം, തുടങ്ങിയ പരമ്പരകളിലെ ചില എപ്പിസോഡുകൾക്ക് തിരക്കഥ ഒരുക്കുകയും മുപ്പതോളം ഹോം സിനിമകളിൽ വേഷമിടുകയും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
1943ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ പിറന്ന് വീണ ആടുന്നവരുടേയും പാടുന്നവരുടേയും കൂട്ടായ്മ ഇപ്റ്റ എന്ന സംഘടനയാണ് നാടകപ്രവർത്തനത്തിന് കൂടെ നിൽക്കുന്നത്. രാമനാട്ടുകരയ്ക്ക് അടുത്ത് ചേലേമ്പ്ര പഞ്ചായത്തിലെ കൊളക്കുത്ത് ആണ് ബാബുവിന്റെ സ്വദേശം. ഭാര്യ ശാരീഗുപ്ത എന്ന് വിളിക്കുന്ന ശാന്തകുമാരി ഐ. സി. ഡി. എസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.ബി.എസ്സി നഴ്സ് ആയ മൂത്തമകൾ അനശ്വര രതീഷും,ഇളയ മകൾ അക്ഷരാ പ്രജോഷും, കൊച്ചു മക്കൾ അമേയ, ആത്മയ്, വിഹാൻ എന്നിവരും ഉൾപ്പെട്ടതാണ് കുടുംബം.






