അറബ് ലോകത്തെ ഹരം, സൗദി ലീഗില്‍ 128 ഇന്റര്‍നാഷനല്‍ താരങ്ങള്‍

റിയാദ് - അറബ് ലോകത്തെ ഏറ്റവും മികച്ചതും ജനപ്രിയവുമായ ഫുട്‌ബോള്‍ ലീഗുകളിലൊന്നാണ് സൗദി പ്രൊഫഷനല്‍ ലീഗ്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ബൂട്ടണിയുന്നതോടെ താരത്തിന്റെ കോടിക്കണക്കിന് ആരാധകരും ഇനി സൗദി ലീഗ് ശ്രദ്ധിക്കും. അവരില്‍ ബഹുഭൂരിഭാഗവും ഇതുവരെ സൗദി ലീഗ് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അന്നസ്ര്‍ ഇപ്പോഴത്തെ ലീഡ് നിലനിര്‍ത്തിയാല്‍ അടുത്ത ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലും റൊണാള്‍ഡോക്ക് കളിക്കാം. 
1976 മുതല്‍ സൗദി ലീഗ് നിലവിലുണ്ട്. 2008 ലാണ് ഇപ്പോഴത്തെ രീതിയില്‍ സംഘടിപ്പിച്ചു തുടങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ റിയാദിലെ അല്‍ഹിലാലാണ് ഏറ്റവുമധികം തവണ കിരീടം നേടിയത്. 18 തവണ. നാലു തവണ അവര്‍ ഏഷ്യന്‍ ചാമ്പ്യന്മാരുമായി. അല്‍ഹിലാലും റൊണാള്‍ഡോയെ കിട്ടാന്‍ ശ്രമം നടത്തിയിരുന്നു. 
2021-22 സീസണില്‍ പന്ത്രണ്ടര ലക്ഷം പേര്‍ സൗദി ലീഗ് മത്സരങ്ങള്‍ സ്റ്റേഡിയങ്ങളിലെത്തി വീക്ഷിച്ചിരുന്നു. ഇരുപത്തൊന്നരക്കോടിയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍. അന്നസ്‌റില്‍ തന്നെ ഇന്റര്‍നാഷനല്‍ കളിക്കാരായ മുന്‍ ബയേണ്‍ മ്യൂണിക് മിഡ്ഫീല്‍ഡര്‍ ലൂയിസ് ഗുസ്റ്റാവൊ (ബ്രസീല്‍), ആഴ്‌സനലിന്റെയും നാപ്പോളിയുടെയും ഗോള്‍കീപ്പറായിരുന്ന ഡേവിഡ് ഒസ്പീന (കൊളബിയ), മുന്‍ പോര്‍ടൊ സ്‌ട്രൈക്കര്‍ വിന്‍സന്റ് അബൂബക്കര്‍ (കാമറൂണ്‍) തുടങ്ങിയവരുണ്ട്. അത്‌ലറ്റിക്കൊ മഡ്രീഡ്, വലന്‍സിയ, ഇന്റര്‍ മിലാന്‍, സെവിയ ടീമുകളുടെ ജഴ്‌സിയണിഞ്ഞിരുന്ന മുന്‍ അര്‍ജന്റീന താരം എവര്‍ ബനേഗ അല്‍ശബാബിനു കളിക്കുന്നു. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ ഒഡിയോണ്‍ ഇഗാലൊ അല്‍ഹിലാലിലുണ്ട്. കഴിഞ്ഞ വര്‍ഷം 16 ടീമുകളിലായി 128 ഇന്റര്‍നാഷനല്‍ താരങ്ങള്‍ കളിച്ചിരുന്നു. റൊണാള്‍ഡോയുടെ വരവ് കൂടുതല്‍ പ്രമുഖ കളിക്കാരെ ലീഗിലേക്ക് ആകര്‍ഷിക്കുമെന്നുറപ്പാണ്.    
ഫ്രഞ്ചുകാരനായ റൂഡി ഗാര്‍സിയയാണ് അന്നസര്‍ കോച്ച്. ലിയോണ്‍ ഉള്‍പ്പെടെ ടീമുകളെ പരിശീലിപ്പിച്ച ഗാര്‍സിയക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക പദവി ഏതാണ്ട് ലഭിച്ചതായിരുന്നു.
 

Latest News