Sorry, you need to enable JavaScript to visit this website.

സ്ഥലം ഉടമ അറിയാതെ തട്ടിയെടുത്തത് 30 കോടിയുടെ നിധി; രണ്ടംഗ സംഘത്തിന്റെ നിധിവേട്ട മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച്

ലണ്ടൻ - മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സ്ഥലം ഉടമയറിയാതെ രണ്ടംഗ സംഘം കൈക്കലാക്കിയത് കോടികളുടെ നിധി. യു.കെയിലെ ഹെയർഫോർഡ് ഷെയറിലാണ് സംഭവം. 41-കാരനായ ജോർജ് പവൽ, 54-കാരനായ ലെയ്റ്റൺ ഡേവിസ് എന്നിവരാണ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് 30 കോടിയോളം രൂപയുടെ നിധി വേട്ട നടത്തിയത്. 
 പുരാതന സ്വർണ്ണ നാണയങ്ങൾ, വെള്ളി, മോതിരങ്ങൾ തുടങ്ങി നിരവധി ആഭരണങ്ങളാണ് ഇങ്ങനെ ഇവർ സ്വന്തമാക്കിയത്.നിധി സർക്കാരിന് കൈമാറുന്നതിന് പകരം ഇവർ മറിച്ചുവിൽക്കുകയായിരുന്നു. എന്നാൽ ഇത് വളരെ തന്ത്രപരമായി മനസ്സിലാക്കി പോലീസ് ഇവരെ കുരുക്കിലാക്കുകയായിരുന്നു. മോഷണം, സ്വത്ത് മറച്ചുവെക്കാനും വിൽക്കാനുമുള്ള ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരം ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി വോർസെസ്റ്റർ ക്രൗൺ കോടതി ഇരുവർക്കും 11 വർഷവും 6 മാസവും തടവുശിക്ഷ വിധിച്ചു. അതിൽ പവലിന് ആറര വർഷവും ഡേവിസിന് 5 വർഷവും തടവ് ശിക്ഷ ലഭിച്ചു. ഇതിനു പിന്നാലെ പവലിനും ഡേവിസിനും 1.2 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. മുന്നുമാസത്തിനകം പണം നൽകാനാണ് കോടതി വിധി. അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധിയാണ് ഇവർ മെറ്റൽ ഡിറ്റക്ടറിലൂടെ കൈവശമാക്കിയതെന്ന് പോലീസ് പറഞ്ഞു. കോടിക്കണക്കിന് രൂപ ഇവർ ഇത്തരത്തിൽ വേറെയും സമ്പാദിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും പറയുന്നു.

Latest News